Monday, February 15, 2016

ധീവര൪ ആദിവാസികളെപ്പോലെ കടല്‍ തിരിച്ചുപിടിക്കട്ടെ.


azeez ks
 

 
ഇന്ന് പെരുന്നാളായിരുന്നു. ഊണ് കഴിഞ്ഞപ്പോള്‍ ഉറങ്ങാന്‍ തോന്നിയില്ല. പോകാന്‍ പഴയതുപോലെ സ്ഥലങ്ങളില്ല. ബന്ധുമിത്രാദികളുടെ വീട്ടില്‍ പോക്കില്ല. കുട്ടികളൊക്കെ വലുതായി. ആ൪ക്കുവേണം പെരുന്നാക്കാശ് ! നമ്മെ കണ്ടിട്ട് അവ൪ക്കും ഒരു കാര്യമില്ല. പോയിട്ട് അവ൪ക്ക് ഒന്നും കൊടുക്കാനില്ല. അവ൪ക്കൊട്ട് വേണ്ടതാനും. പണ്ട് ഭാര്യയെ കൂട്ടി അവരുടെ വീട്ടില്‍ പോക്കായിരുന്നു പെരുന്നാളിന്‍റെ ഉച്ചപ്പരിപാടി. ഇപ്പോള്‍ പോക്ക് അവ൪ ഒറ്റക്കാണ്. കുറെ നാള്‍ മക്കളെ കൂട്ടിപ്പോകുമായിരുന്നു. പിന്നെ മക്കള്‍ക്കും താത്പര്യമില്ല. ഭാര്യയുടെ വീടല്ലേ, അവ൪ക്ക് പോകാതിരിക്കുവാന്‍ കഴിയുമോ. അവ൪ ഒറ്റക്ക് പോകുന്നു.
ങ്ഹാ എന്താ പതിവില്ലാതെ?
ചുമ്മാ അങ്ങിനെ
ഞാന്‍ പുഴയിലേക്കിറങ്ങി നിന്നു. വെള്ളത്തിന് നല്ല തണുപ്പ്. ചിങ്ങം കഴിഞ്ഞതുകൊണ്ട് വെള്ളത്തിന് നല്ല തെളിമ. 
"ആ തെളിനീറ്റില‌ന്നാദ്യം തൊട്ടപ്പോള്‍ ഇക്കിളി തേന്‍കുളി൪ മെയ്യാകെ
താഴെ തൊട്ടുതൊടാതെ കടന്നുപോം താളത്തിലോടുന്നു കുഞ്ഞുങ്ങള്‍" ,കുഞ്ഞേടത്തിയിലെ വരികളോ൪ത്തുപോയി.

"എന്താ വെള്ളത്തിലിറങ്ങി നില്‍ക്കുന്നത്. കാലില്‍ ചൊറിയുണ്ടോ?"
ഞാനൊന്ന് ചിരിച്ചു. 


"ഇല്ല, ഒരു കുളി൪ അരിച്ചുകയറുവാന്‍ ഇറങ്ങിനിന്നതാണ്."പണ്ട് ഞങ്ങളുടെ ചൊറിചികിത്സ പുഴയില്‍ കുളിക്കലായിരുന്നു. തേച്ചൊരച്ച് കഴുകുമ്പോള്‍ പ്രാണന്‍ പോകും. തേക്കുവാന്‍ കഴിയാത്ത ഏത് ചൊറിയും രണ്ട് ദിവസത്തെ കുളികൊണ്ട് മാറും. വെള്ളത്തിലിറങ്ങിയാല്‍ മതി പരല്‍ മീനുകള്‍ കൊത്തും. ജലത്തിലായതുകൊണ്ട് വേദനയറിയില്ല. രണ്ടാം ദിവസം ഉണങ്ങിത്തുടങ്ങും.

"ഹേയ്, ചൊറിയൊന്നുമല്ല. "


ശരിയാണ് , ഇപ്പോള്‍ പുതിയ കുട്ടികള്‍ക്ക് ചൊറിയില്ലല്ലോ, അയാള്‍ പറഞ്ഞു.
സിന്തറ്റിക് സന്തതികളല്ലേ, വട്ടച്ചൊറിയും ചിരങ്ങുമൊന്നും ഇപ്പോള്‍ ഇല്ല. പക്ഷേ ബാലപ്രമേഹം എല്ലാത്തിനുമുണ്ടുതാനും. ഹൈപ്പ൪ ടെന്‍ഷനുള്ള കുട്ടികളുമുണ്ടത്രേ. ചിരങ്ങിനേക്കാളും മാന്യന്‍ തന്നെ ഈ രോഗങ്ങള്‍.
നില്‍ക്കലൊക്കെ കൊള്ളാം. അങ്ങോട്ട് അധികം നീങ്ങണ്ട. മണല്‍കുഴികള്‍ ഉണ്ട്.
എന്നെ മനസ്സിലായോ?ഞാന്‍ ചോദിച്ചു.
ഞാനറിയും. അമ്പത് കൊല്ലം മുമ്പ് ബാപ്പയുടെ കടയില്‍ ഞാന്‍ വന്നിട്ടുണ്ട്. ഒരു കടയേ അന്ന് ജംഗ്ഷനിലുള്ളൂ.
എന്നെ മനസ്സിലായോ?
ഞാനയാളുടെ മുഖത്തേക്ക് നല്ലപോലെ നോക്കി
ഇല്ല. 
ഞാന്‍ രമേശാണ്.
തന്‍റെ ഒപ്പം ഞാന്‍ സ൪ക്കാ൪ സ്കൂളില്‍ പഠിച്ചിട്ടുണ്ട്.
എനിക്ക് ഓ൪ക്കുവാന്‍ കഴിയുന്നില്ല. 
അയാള്‍ വല കെട്ടഴിച്ച് മടക്കിവയ്ക്കുകയായിരുന്നു. ഒരു നീല വല. 
വല്ലതും കിട്ടുന്നുണ്ടോ?
ഒരു സാധനം ഇല്ല. ആദ്യത്തെ മഴയുടെ കലക്കലാണ് പ്രശ്നം
അതെന്തേ?
ആ സമയത്താണ് മുകളിലുള്ള കമ്പനികളൊക്കെ ശേഖരിച്ചുവെച്ചിരുന്ന മാരക കെമിക്കല്‍ ഒഴുക്കുന്നത്. ക൪ക്കിടകത്തില്‍ മലകലങ്ങിവരുന്ന കലക്കലില്‍ അവന്മാ൪ ഈ കെമിക്കലും ഒഴുക്കിവിടും. പുഴയുടെ കലക്കലാണ് എന്ന് എല്ലാവരും കരുതും. ചുമന്ന നിറമാണ്. പുഴയിലെ അടിക്കാടി വരെ കരിഞ്ഞുപോകും. ഒരു പൂച്ചോട്ടിപോലും പിന്നെ ഉണ്ടാകില്ല. ഇനി വല്ലതും ഉണ്ടായി വന്നിട്ട് വേണം. എന്ത് ചെയ്യാനാ. പൊല്യൂഷനില്‍ പരാതി പറഞ്ഞിട്ട് ഒരു കാര്യമില്ല. .

വലയില്‍ ചപ്പുചവറ് അടിഞ്ഞു. അതൊന്ന് മാറ്റുകയാണ്. 
വല മടക്കി വഞ്ചിയില്‍ വച്ച് അയാള്‍ വഞ്ചിയിലെ വെള്ളം തെക്കിക്കളയുന്നു. ഒരു കപ്പ് മുറിച്ച് കോരിപോലെ ആക്കിയിരിക്കുന്നു. മുമ്പ് പാളയായിരുന്നു കോരിയായി ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ അടക്കാമരം നാട്ടിലില്ല. ചെളി കഴുകി പുറത്തേക്ക് കളഞ്ഞു. 


രമേശന് എന്തായിരുന്നു ജോലി?

അപ്പോ എന്നെ അറിയില്ലാല്ലെ?

ബാങ്കിലായിരുന്നുവല്ലോ. പിന്നെ പത്തുവ൪ഷമായി പുറത്തായിരുന്നു. ഞാനിവിടേ ഉണ്ടായിരുന്നില്ല, ഈ ഭാഗത്തേക്കങ്ങിനെ വരാറുമില്ല. 


ഇവിടെ ലൈസന്‍സ് ഉള്ള മണല്‍ ഷട്ടറുള്ള ഒരേയൊരാള്‍ ഞാനായിരുന്നു. പുഴയില്‍ മീനില്ലാതായപ്പോള്‍ ഞങ്ങള്‍ അരയന്മാ൪ക്ക് മണല്‍ വാരാമെന്നായി. മണല്‍ ഷട്ടറിന് ലൈസന്‍സ് കൊടുത്തപ്പോള്‍ സംവരണം വഴി ഒന്നെനിക്ക് കിട്ടി. ഒരു ദിവസം ഇത്ര വഞ്ചിയേ ( മഞ്ചി) വാരാവൂ. ഉദ്യോഗസ്ഥന്മാ൪ പരിശോധിക്കും. വാരിയതിന്‍റെ കണക്ക് ഹാജരാക്കണം. പുസ്ത്കം സൂക്ഷിക്കണം. 

ആദ്യമൊക്കെ തരക്കേടില്ലായിരുന്നു. കാശ് കിട്ടി.പിന്നെ ലൈസന്‍സില്ലാത്ത മണലൂറ്റുകാ൪ പുഴയിലിറങ്ങി . ജബ്ബാ൪, ലൂക്ക, ജെയ്മി ഒക്കെ ഗുണ്ടകളെ ഇറക്കി മണലൂറ്റി. തടയുകയോ, പരാതി പറയുകയോ ചെയ്താല്‍ ജീവന്‍ കിട്ടില്ല. . നമ്മള്‍ നല്ല ഒരു തുക അടക്കണം അവ൪ക്ക് ചിലവ് ഒന്നുമില്ല, ഫീസ് അടക്കേണ്ട. കിട്ടുന്നത് ലാഭം. ഒരു മാസം 45000 രൂപ ഓരോ ഷട്ടറുകാരനും പോലീസുകാ൪ക്ക് വീതം കൊടുക്കണമായിരുന്നു. ഒന്ന് ആലോചിച്ചേ, പോലീസുകാ൪ക്ക് എത്ര കിട്ടിയിരിക്കുമെന്ന്. വാളയാ൪ ചെക്ക്പോസ്റ്റില്‍ വരെ ഇത്ര അടിവരവില്ല.

ഞാന്‍ തേ വിടേയാണ് താമസിക്കുന്നത്അയാള്‍ ചൂണ്ടിക്കാട്ടി. സുപ്രനെ അറിയില്ലേ? , അവന്‍റെ വീടിനപ്പുറം.  അവന്‍ മരിച്ചുപോയി. ഗവണ്മേണ്ട് ജോലി ഉണ്ടായിരുന്നു. എത്ര നല്ലവനായിരുന്നു!  ഒരു തുള്ളി കുടിക്കാത്ത ഒരാള്‍ അവനായിരുന്നു ഇവിടെ. 
കള്ളുകുടിക്കുന്ന ഞാന്‍ ഇപ്പോഴും സുഖമായി ജീവിക്കുന്നു.
അയാള്‍ ചിരിച്ചു.കുടിച്ചാല്‍ ചത്തുപോകുമത്രേ. ഖദ൪ കോണകക്കാരുടേ ഓരോരോ തൊടുന്യായങ്ങള്‍, ചാരായ‍ക്കട പൂട്ടിപ്പോയതില്‍ അയാല്‍ ദേഷ്യപ്പെടുകയാണ്.

അവന്‍ മരിച്ചുപോയി. ഒരു വീക്നെസ് അവനുണ്ടായിരുന്നു. ചത്തുകിടക്കുകയാണെങ്കിലും പെണ്ണ് എന്നു കേട്ടാല്‍ ഒന്ന് കണ്ണുതുറക്കും. ശമ്പളം തികയാതെ ബ്ലേഡില്‍ നിന്ന് കടമെടുത്ത കാശ് പെണ്ണുങ്ങള്‍ തിന്നു. അവന്‍ ചത്തുപോയി. 

വഞ്ചി കഴുകിക്കഴിഞ്ഞു. നടുവേദനയിടുത്ത് പുളയുന്ന ഒരാളെന്ന പോലെ അയാള്‍ നടുരണ്ടും പുറത്തുതാങ്ങി. വേദന. 
എന്തുപറ്റി?
വല്ലാത്ത നടുവേദന.
കടം വാങ്ങിയാണ് ഷട്ട൪ നടത്തിയത്.പോലീസുകാരന് വാരിയാലും ഇല്ലെങ്കിലും കൊടുക്കണം. ബ്ലേഡ് കടം പെരുകി.വീടിന്‍റെ പണി പാതിയില്‍ കിടക്കുന്നു. വീട്ടില്‍ നില്കക്കള്ളിയില്ല.ഒരു ദിവസം ഞാനങ്ങ് കയറില്‍ കെട്ടിത്തൂങ്ങി. പിന്നെ ആരോ വന്ന് കെട്ടിയിറക്കുകാണുണ്ടായത്. ചത്തില്ല. 
അയാള്‍ വീണ്ടും വേദന തിന്നുന്നപോലെ. ആ വീഴ്ചയില്‍ പറ്റിയതാണ് ഈ വേദന‌


"എങ്ങിനെ വീടൊക്കെ വച്ചോ?"


വച്ചു. കുഴപ്പമില്ല. ഒരു മനുഷ്യനും പോകാത്ത ഒരു സ്ഥലമുണ്ട്,നമ്പൂരിത്തുരുത്തില്‍. അവിടെ ആദ്യമായി ഒരു വലകെട്ടിയത് ഞാനാണ്
അവിടെ ഞാനൊരു വലിയ വലകെട്ടി. അത് ഗുണപ്പെട്ടു. രാത്രി അവിടെ നിന്ന് വലയിടുന്നതിന് ചില്ലറ ധൈര്യം പോരാ. നമ്പൂരി ആണ്. ആ വഴിക്ക് പോകുന്ന ഒറ്റൊരെണ്ണത്തിനേം നമ്പൂരി വിടില്ല.എത്രയോ കൊല്ലമായി. ഇപ്പോഴും ആ ഭാഗത്ത് പല ശവങ്ങളും പൊങ്ങിയിട്ടുണ്ട്. നമ്പൂരി എന്തിനാ മുങ്ങിച്ചത്തതെന്നാ൪ക്കുമറിയില്ല. ആരോ അപായപ്പെടുത്തിയതാണത്രേ. 

കയ്യിലെ രക്ഷാ ബന്ധന്‍ ഞാന്‍ ശ്രദ്ധിച്ചു. വലിയ ജമന്തിപ്പൂപോലെ രാഖിയുടെ കുട. 

കമ്മ്യൂണിസ്റ്റ് സഖാക്കളായിരുന്നു ധീവര൪ ഈ ഭാഗത്ത്. പിന്നീട് അവരൊക്കെ ആ൪ എസ് എസ് കാരായി. വിശ്വക൪മ്മരും അങ്ങിനെയായിരുന്നു. ആ൪ എസ് എസ്സിന്‍റെ സംഘശക്തി, നായന്മാരോ നമ്പൂരാരോ അല്ലഈ ധീവരരും കുഡുംബികളും  ആശാരിമാരുമാണ്.

പ്രധാനമായും, ജീവിതോപാധികള്‍ ഒടുങ്ങിപ്പോയവരാണ്. 

പാ൪ട്ടി ഒന്നും ചെയ്തില്ലെന്നു മാത്രമല്ല, സംഘടിത തൊഴിലാളി സംഘടനക്കുവേണ്ടിയും ട്രേഡ് യൂണിയനു വേണ്ടിയും പാ൪ട്ടി നിന്നു. 

പാവങ്ങളെ അവ൪ക്ക് വേണ്ടാതായി.ഒരു രക്ഷ എന്ന നിലയ്ക്കാണ് എല്ലാവരും ആ൪ എസ് എസ്സുകാരായതും ബിജെപിക്കാരായതും.

ഭാരത് മാതായും സ്വാവലംബനും സ്വാച്ഛഭാരതും അവരുടെ വിഷയമായിരുന്നില്ല. 


കമ്മ്യുണിസ്റ്റ് കൃസ്ത്യാനിക്ക് ഞായറാഴ്ച പള്ളിയില്‍ പോകാം, വിലക്കില്ല. 
കമ്മ്യൂണിസ്റ്റ് മുസ്ലിമിന് പള്ളിയില്‍ പോകാം , കുഴപ്പമില്ല. എന്തിന് ഹംസാക്ക വരെ ഹജ്ജിന് പോയില്ലേ. അതൊക്കെ മതന്യൂനപക്ഷങ്ങളിലേക്ക് ഇറങ്ങിച്ചെല്ലേണ്ട ഒരു അടവ് നയമായിട്ടേ പാ൪ട്ടി കണ്ടിട്ടുള്ളൂ.

പക്ഷെ ഒരു ഹിന്ദു കമ്മ്യുണിസ്റ്റായാല്‍ അവന്‍റെ വീട്ടില്‍ ഒരു ഗണപതി ഹോമം നടത്തിയാല്‍ പ്രശ്നമായി. അയ്യപ്പന്‍വിളക്ക് നടത്തി, കെട്ടുനിറച്ച് മല ചവിട്ടിയാല്‍ പ്രശ്നമായി. അന്ധവിശ്വാസത്തിനെതിരെ പ്രവ൪ത്തിക്കേണ്ട സഖാവ് സ്വന്തം വീട്ടില്‍ ഗണപതി ഹോമം നടത്തുകയോ!! പിന്നെ താക്കീതായി. 

വീടൊക്കെ കെട്ടിയതും ഒരു മകന്‍ അറബി നാട്ടില്‍ ജോലി ചെയ്യുന്നതും അയാള്‍ എന്നോട് പറഞ്ഞു. മൂത്തമകന്‍ ബികോംകാരന്‍. ഓട്ടൊ ഓടിക്കുന്നു.
"ഞാനോ പഠിച്ചില്ല.,മക്കളെയൊക്കെ ഞാന്‍ പഠിപ്പിച്ചു. നാലുവരെ അന്ന് പോയുള്ളൂ. പിന്നീട് 2 രൂപ ഫീസ് വേണമായിരുന്നു. അതില്ല". 
നിങ്ങള്‍ സംവരണക്കാ൪ക്ക് ഫീസോ?

സംവരണവും ആനുകൂല്യവും ഒക്കെ ഇപ്പോഴാണ്. പണ്ടു പുലയ൪ക്ക് മാത്രമേ ആനുകൂല്യങ്ങള്‍ കിട്ടുമായിരുന്നുള്ളൂ.


വഞ്ചി തളച്ച കോല്‍ അയാള്‍ ഊരിയെടുത്തു. മെല്ലെ തുഴഞ്ഞ് നടുപുഴയിലേക്ക് പോയി. 
ഒന്ന് വീശി നോക്കട്ടെ


ജീവിതം അയാള്‍ ഇപ്പോഴും വീശിക്കൊണ്ടേയിരിക്കുന്നു.


ധീവര൪ ഇന്നും പുഴയുടെ കനിവില്‍ ജീവിതം തള്ളിനീക്കുന്നു. ദരിദ്രരാണവ൪. വയ൪ പറ്റേ ചൊട്ടിയവ൪. ബഹുരാഷ്ട്രകുത്തകട്രോളിംഗ് കമ്പനികള്‍, വിദേശമതക്കാ൪, കടലരിച്ച് പെറുക്കുന്നു. എല്ലാ ഭരണകൂടങ്ങളും അവരുടെ കൂടെ. 
ധീവര൪ ആദിവാസികളെപ്പോലെ കടല്‍ തിരിച്ചുപിടിക്കട്ടെ. 
ലാല്‍സലാം.