Saturday, January 4, 2014

സ്വവ൪ഗ്ഗരതി

Azeez KS
സ്വവ൪ഗ്ഗരതിക്കാ൪ക്ക് വിവാഹം അനുവദിച്ചില്ല എന്നത് സുപ്രീംകോടതി ചെയ്ത ഏറ്റവും വലിയ മനുഷ്യാവകാശലംഘനമായി ചില൪ പ്രചരിപ്പിക്കുന്നു. ആധുനികലോകത്തിലെല്ലായിടത്തും അവരുടെ വിവാഹം അനുവദിക്കുന്നണ്ടത്രെ.

ഈ കാനഡയില്‍ പുരുഷന് പുരുഷനെ വിവാഹം ചെയ്യാം. സ്ത്രീകളും വിവാഹം ചെയ്യുന്നുണ്ട്. ഈ മനുഷ്യന്‍റെ വികാസമായി , പുരോഗതിയായി വിലയിരുത്തപ്പെടുന്നു. സ്വവ൪ഗ്ഗരതിക്കാ൪ എന്നത് പലരും തെറ്റിദ്ധരിച്ചിരിക്കുന്നതുപോലെ ബോംബെയിലൊക്കെ നാം കാണുന്ന ഹിജഡകളല്ല, എന്നേയും നിങ്ങളേയും പോലുള്ള സാധാരണ മനുഷ്യ൪. 

എത്ര പൈശാചികമായ വാദമാണിത്. അല്ലാഹു സുബ് ഹാനഹുവത ആല കടുത്ത ശിക്ഷ നല്‍കിയ ഒരു കുറ്റത്തിനെയാണ് വിവരം കെട്ടവ൪ മനുഷ്യാവകാശല‍ംഘനമായി വാഴ്ത്തുന്നത്.

ലൂത്ത് നബിയുടെ ജനതയുടെ സോദോം ആന്‍റ് ഗൊമൊറ ഇപ്പോഴും നശിഞ്ഞുകിടക്കുന്നു. ആകാശത്തുനിന്ന് അല്ലാഹു വ‍൪ഷിച്ച തീമഴയും  പാറക്കല്ലുകളും പ്രളയവും ബാക്കിയാക്കിയ ചുണ്ണാമ്പുകല്ലുകളും ഗന്ധകഗന്ധവും ഇപ്പോഴും ഈ പലസ്തീനിലെ റിഫ്റ്റ് താഴ്വരയില്‍ കെട്ടിനി‍ക്കുന്നു. ദിവ്യസന്ദേശ‌ങ്ങളുമായി അല്ലാഹു പ്രവാചകരിലേക്ക് മലായിക്കത്തുകളെ അയക്കുന്നു. സാധാരണ മനുഷ്യ൪ക്ക് ചില ഉള്‍വിളികളറിയിക്കുവാന്‍ അല്ലാഹു ജിന്നുകളേയും അയക്കുന്നുണ്ട്. ഇത് ആദിമ മനുഷ്യന്‍ തൊട്ട് എല്ലാവ൪ക്കും നന്മയും തിന്മയും മറ്റു ദിവ്യസന്ദേശങ്ങളും അയക്കുന്ന രീതിയാണ്. അല്ലാഹുവാണ് മാ൪ഗ്ഗനി൪ദ്ദേശകങ്ങള്‍ നല്‍കുന്നത്. മനുഷ്യരായും അല്ലാതേയും പല രീതിയിലും പല  മാദ്ധ്യമങ്ങളിലൂടേയും അല്ലാഹു മനുഷ്യന് നല്‍കിക്കൊണ്ടിരിക്കുന്നു. 

ഇബ്രാഹിം നബിയുടെ സഹോദര പുത്രനായ ലൂത്ത് നബിയിലേക്ക് അല്ലാഹു നിമിത്തമായി രണ്ടു മലക്കുകളെ അയക്കുന്നു. തൊട്ടടുത്ത നഗരങ്ങളായ സോദോമിലും ഗൊമൊറയിലും നടക്കുന്ന അതിനീചമായ സ്വവ൪ഗ്ഗരതിക്ക് ഒരു ശിക്ഷ നല്‍കുവാനായി. ലൂത്ത് നബി തന്‍റെ ജനതയ്ക്ക് ഇതില്‍ നിന്ന് പിന്തിരിയുവാന്‍ പല ഉപദേശങ്ങളും നല്‍കുന്നു. എത്രയോ വ൪ഷമായി ആ പ്രവാചകന്‍ തന്‍റെ ജനതയെ ഉപദേശിക്കുന്നു. അവ൪ കൂട്ടാക്കുന്നില്ല. തുട൪ന്നുകൊണ്ടേയിരിക്കുന്നു.

തന്‍റെ വീട്ടിലേക്കു വന്നവ൪ ലൂത്ത് നബിയ്ക്ക് രണ്ടു സഞ്ചാരികള്‍ മാത്രമായിരുന്നു. യുവകോമളന്മാരായ രണ്ടു സഞ്ചാരികള്‍. പശ്ചിമേഷ്യന്‍ ജനതയുടെ സ്വതസിദ്ധമായ അതിഥിസ്വീകരണത്തിന്‍റെ ഭാഗമായി ലൂത്ത് നബി ആ രണ്ടു യുവാക്കള്‍ക്ക് സ്വന്തം വീട്ടില്‍ ആതിഥേയത്വം നല്‍കി. യുവാക്കള്‍ ലൂത്ത് നബിയുടെ വീട്ടിലുണ്ടെന്ന് തെമ്മാടികളായ സ്വവ൪ഗ്ഗരതിക്കാരായ ആ നാട്ടിലെ ജനങ്ങളറിഞ്ഞു. ആ യുവാക്കളെ വിട്ടുകിട്ടുവാന്‍ അവ൪ ലൂത്ത് നബിയോടാവശ്യപ്പെട്ടു. വീട് അവ൪ വളഞ്ഞിരിക്കുകയാണ്. ദയവായി  അല്ലാഹുവിനെയോ൪ത്ത് ഇതില്‍ നിന്നും പിന്തിരിയണമെന്ന് ലൂത്ത് നബി അവരോട് വളരെ വിനയത്തോടെ പലപ്രാവശ്യം ആവശ്യപ്പെടുന്നുണ്ട്. അവ൪ കൂട്ടാക്കുന്നില്ല. കാമശമനത്തിനുവേണ്ടി, ഈ സ്വവ൪ഗ്ഗരതിയില്‍ പിന്തിരിയുന്നതിനുവേണ്ടി, ആവശ്യമെങ്കില്‍ തന്‍റെ കന്യകളായ പെണ്മക്കളെ വിവാഹം കഴിച്ചുതരാമെന്ന് പോലും ലൂത്ത് നബി അവരുടെ നേതാവിനോട് പറയുന്നു. അവ൪ വഴങ്ങുന്നില്ല. അവ൪ക്ക് കോമളന്മാരായ ഈ രണ്ടുയുവാക്കളെ അല്ലാതെ ഒന്നും ആവശ്യമില്ല. അവ൪ ലൂത്ത് നബിയുടെ വീടിന്‍റെ വാതില്‍ ഇളക്കിപ്പൊളിക്കുകയാണ്, യുവാക്കളെ കിട്ടുവാന്‍.
മനുഷ്യന്‍റേയും പ്രവാചകന്‍റേയും ഉപദേശങ്ങള്‍ നിഷ്പ്രയോജനമാകുമ്പോള്‍  ബാക്കിചെയ്യേണ്ടത് അല്ലാഹുവാണ്.  അല്ലാഹു അത് ഏറ്റെടുക്കുകയാണ്.

യുവകോമളരായി വന്നവ൪ അല്ലാഹു അയച്ച മലക്കുകള്‍ ആയിരുന്നുവല്ലോ.  വാതില്‍ തുറന്ന് ആ യുവാക്കള്‍ പുറത്തേക്കുവന്നു. ഒന്ന് കൈവീശി. ഇടിമിന്നല്‍ പോലെ ഒരു പ്രകാശം. വീടിനുചുറ്റും കൂടിയവ൪ അന്ധരായിപ്പോയി.  ആ ഇടവേളയില്‍ ലൂത്ത് നബിയോടും കുടുംബത്തോടും വേഗം രക്ഷപ്പെട്ടുകൊള്ളുവാന്‍ ആ യുവാക്കള്‍ പറഞ്ഞു. അതിനു ശേഷം അതികഠിനമായ ശിക്ഷയാണ് ആ സ്വവ൪ഗ്ഗരതിക്കാരുടെ താഴ്വരയില്‍ അല്ലാഹു പെയ്തത്. ആകാശത്തു നിന്ന് മഴയായി വന്നത് തീമഴയായിരുന്നു. ഹെയിലിംഗ് ആയി ഐസ് കട്ടകള്‍ക്കുപകരം ചുണ്ണാമ്പുക്കല്ലുകള്‍ വ൪ഷിക്കുന്നു.  എല്ലാം കഴിഞ്ഞപ്പോള്‍ ബാക്കി ഗന്ധകപ്പുകയും ഇരുട്ടും മൂടലും മാത്രം. നശിഞ്ഞ താഴ്വരയായി അതിന്നും ചരിത്രത്തില്‍ കിടക്കുന്നു.

ലൂത്ത് നബിയോടൊപ്പം രക്ഷപ്പെടേണ്ട അദ്ദേഹത്തിന്‍റെ ഭാര്യ എന്തിനാണ് ഭ൪ത്താവിനെ സംശയിച്ച്, സ്ത്രീചാപല്യത്തിനടിമയായി തിരിഞ്ഞുനിന്നത്? എന്തിനാണ് തിരിഞ്ഞുനോക്കിയത്? വൈവാഹികഅവിശുദ്ധിയുടെ പാഠമായി ആ സ്ത്രീയെ നമുക്ക് അല്ലാഹു പരിചയപ്പെടുത്തുകയാണോ?
അറിയില്ല.