Friday, November 30, 2012

Thanks Bus Driver


ഇന്നു ഞാന്‍ വീട്ടില്‍ അഞ്ചുമണിക്ക് എത്തിയേ പറ്റൂ. എന്‍റെ സമയം അടയാളപ്പെട്ടിരിക്കുന്നു.


ബസ് ഡ്രൈവറായ കിഴക്കന്‍ ജ൪മ്മന്‍കാരി മദാമ്മയ്ക്കു നന്ദി.പോളണ്ടുകാരിയോ ചെക്കോസ്ലോവേക്യയിലെ പ്രാഗ് വസന്തത്തില്‍ കമ്മ്യൂണിസ്റ്റ് ഒറ്റുകാരില്‍ നിന്നും ജീവന്‍ തേടിപ്പോന്ന ഏതോ റെനിഗേഡിന്‍റെ മകളോ ആകാം.എന്തായാലും അവരുടെ കൃപയ്ക്കു നന്ദി. സന്മനസ്സിനു നന്ദി. അല്ലായിരുന്നുവെങ്കില്‍ നവമ്പറിലെ ടാ൪ഗറ്റ് ഷിപ്മെന്‍റ് നടത്തേണ്ട ഈ മുപ്പതാം തീയതി,ഇന്ന്, ജോലിക്കു പോകുവാന്‍ കഴിയാതെ ഞാന്‍ വിഷമിക്കുമായിരുന്നു.പണി തന്നെ തെറിക്കുമായിരുന്നു.


ഒരു മാസം യാത്രചെയ്യുവാനുള്ള Monthly ബസ്പാസാണ് ഞാന്‍ വാങ്ങുന്നത്. ആ പാസ് കാട്ടിയാല്‍ ഏത് ബസ്സിലും ട്രെയിനിലും സിറ്റിയില്‍ എവിടേയും എപ്പോഴും എത്രവട്ടം വേണമെങ്കിലും നമുക്ക് യാത്രചെയ്യാം. എന്തു സുഖം!


കോഴി കൂവുന്നതിനു മുമ്പേ  ഉണ൪ന്നുപോകുന്ന ഒരു ശീലമെനിക്കുണ്ട്.പിന്നീട് ഉറക്കമില്ല.എന്‍റെ വീട്ടില്‍ വളരെ വൈകിയാണ് വൈദ്യുതി എത്തിയത്.ഉള്ളതു കഴിച്ച് മണ്ണെണ്ണ കത്തിത്തീരാതിരിക്കുവാന്‍ വിളക്കൂതി വയ്ക്കുന്ന ശീലം ഉണ്ടായിരുന്ന ഉമ്മയുടെ മകനായതുകൊണ്ട് അവ്വലു സുബഹിക്ക് ഉണരുന്ന ശീലം കൊണ്ടുകിട്ടിയതുമാകാം. എന്തായാലും,വൈകീട്ടാകുമ്പോള്‍ നന്നേ ക്ഷീണിക്കുന്ന ഞാന്‍ നന്നായി ഒന്നുറങ്ങുന്നത് ഈ കാള്‍ഗറി ബസ്സിലാണ്.ബസ് പാസ് കാട്ടി കയറി ത‌ണുപ്പടിക്കാതിരിക്കുവാന്‍ തലവഴി ജാക്കറ്റും മൂടി ഒറ്റ ഉറക്കം.ബസ് തിരിച്ചുവരുന്നതു വരെ ഉറങ്ങും. ചിലപ്പോള്‍ രണ്ട് ട്രിപ്പ് വരെ ആ ഉറക്കമുറങ്ങും.ഞാനത്രയ്ക്കു ഉറങ്ങിയോ എന്നോ൪ക്കും. 309 കൊല്ലക്കാലം ഉറക്കത്തിലായിപ്പോയ ഗുഹാവാസികളുടെ ഖുറാനിലെ കഥ ഞാനോ൪ക്കും.ഞാനല്ലാത്തവരൊക്കെ പോക്കറ്റടിക്കാരാണെന്ന് നാട്ടില്‍ നിന്ന് കിട്ടിയ ആത്മജ്ഞാനപ്രേരണകൊണ്ടാകണം കാനഡയില്‍ ആരും ചെയ്യാത്ത ഒരു പണി ഞാന്‍ ചെയ്യുന്നു. ബാഗിന്‍റെ വള്ളി രണ്ടു കയ്യിലൂടേയും ചുറ്റിപ്പിടിച്ചാണുറക്കം.


അങ്ങിനെയുള്ള ഉറക്കം പോലും നഷ്ടപ്പെടുത്തിക്കൊണ്ട് ഇന്നു  ഞാന്‍ വീട്ടിലെത്തണം.


ഇന്ന് രാവിലെ നല്ല തണുപ്പുണ്ടായിരുന്നു. മൈനസ് 12. മൈനസ് ഇരുപതായി തോന്നുമെന്ന് വെത൪ കാള്‍ഗറിയിലെ സൈറ്റിലും പറഞ്ഞിരുന്നു.തണുപ്പടിക്കാതിരിക്കുവാന്‍ എല്ലാം വലിച്ചുകേറ്റി പുറത്തിറങ്ങി. ലോക്ക് തിരിച്ചുവച്ച് വാതിലടച്ചാല്‍ അടയുന്ന പൂട്ടായതുകൊണ്ട് ലോക്ക് തിരിച്ച് വാതിലും പൂട്ടി. അപ്പോഴാണ് എന്‍റെ പേഴ്സ് എടുക്കുവാന്‍ മറന്നുപോയ കാര്യമോ൪ത്തത്.പേഴ്സിലാണ് ബസ്പാസും വീടിന്‍റെ താക്കോലും. എന്തുചെയ്യും ഈ മൈനസ് ഇരുപതില്‍ നിന്നു കോച്ചുകയല്ലാതെ.

ബസ് വരുന്നുണ്ട്. പഞ്ചാബി ഡ്രൈവറാണെങ്കില്‍ ഹിന്ദിയില്‍
മാഫി കരൊ ഭയ്യാ ബസ് പാസ് ഫൂല്‍ഗയി എന്നു പറയാം ;ആദ്യം കള്ളനെപ്പോലെ അവന്‍ ഒന്നു നോക്കും. പിന്നെ എല്ലാവരും പോയിക്കഴിയുമ്പോള്‍ ഹൂം ചലോ എന്ന് പറയും. കാര്യം നടക്കും.


പക്ഷെ ഡ്രൈവ൪ ഒരു മദാമ്മയാണ്.സാധാരണ ഞാന്‍ പറയാത്ത ഒരു ഗുഡ്മോണിംഗ് വിട്ടു. കാര്യം  പറഞ്ഞു.ഒന്നും പറയാതെ അവ൪ എനിക്ക് ഒരു ട്രാന്‍സ്ഫ൪ ടിക്കറ്റ് കീറിത്തന്നു.ജോലി കഴിഞ്ഞ് എപ്പോഴാണ് വരുന്നതെന്ന് ഒരു ചോദ്യവും ചോദിച്ചു. "നാലു മണി," ഞാന്‍ പറഞ്ഞു.നാലു മണിക്ക് വന്ന് ബസ് പാസ് അവരെ കാണിക്കണമെന്നാണോ അവ൪ ഉദ്ദേശിച്ചത്, എന്നിലെ കുടുക്ക് മലയാളി ചിന്തിച്ചു.എന്നെ അല്‍ഭുതപ്പെടുത്തിക്കൊണ്ട് നാലുമണിക്ക് എനിക്ക് തിരിച്ചുവരുവാനുള്ള ഒരു നാലുമണിടിക്കറ്റ് കൂടി ആ മദാമ്മ എനിക്ക് നല്‍കി.


ഈ സ്ത്രീയോട് ഞാന്‍ എങ്ങിനെയാണ് നന്ദി പറയുക.ഇത്തരം മനുഷ്യരുടെ കൃപകൊണ്ടാണ് നമ്മുടെയൊക്കെ ജീവിതം നടന്നുപോകുന്നതെന്ന ഒരു വലിയ സത്യം ഞാനറിഞ്ഞു.‍