നടക്കാനിറങ്ങി.ഒരു നല്ല പ്രഭാതമായിരുന്നുവത്.
നടത്തയുടെ ഏസ്തെറ്റിക്സ് ശരിക്കും ആസ്വദിച്ചു.
നടത്ത കഴിഞ്ഞ് തയ്യാറാക്കിയ ഒരു ലേഖനമാണിത്.
ഇത് ഈ ബ്ലോഗിലെ ഇരുന്നൂറാമത്തെ പോസ്റ്റായി ചേ൪ക്കുന്നു.
നന്ദി കിളികളേ നന്ദി
(കാള്ഗറിയിലെ ഒരു പ്രഭാതനടത്തയുടെ ഓ൪മ്മയ്ക്ക്)azeezks@gmail.com
സമ്മറായി.കാള്ഗറിക്കെന്തു ഭംഗി.കൊതി തോന്നുന്നു,ഈ പ്രകൃതി കാണുമ്പോള്.
ഓരോരോ കമ്മ്യൂണിറ്റികളായിട്ടാണ് (മഹാനായ മാ൪ക്സിന്റെ കമ്മ്യൂണല്ല)വീടുകള്.ഓരോ കമ്മ്യൂണിറ്റിയുടേയും അടുത്ത് അതിവിശാലമായ പാ൪ക്കുകള് ഉണ്ട്.ആയിരക്കണക്കിന് പാക്കുകള് പച്ചവിരിച്ചുകിടക്കുന്നു.നടവരികളുണ്ട്.ഇടക്കിടെ തണല് വൃക്ഷങ്ങള് വെച്ചുപിടിപ്പിച്ചിട്ടുണ്ട്.പാ൪ക്ക് വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു.പോലീസോ സിറ്റിയോ അല്ല,സിവിലിറ്റിയുള്ള ഈ പ്രജകള് തന്നെയാണ് വൃത്തി സൃഷ്ടിക്കുന്നത്.ഒരു കടലാസ് കഷണം പോലും ആരും വഴിയിലിടില്ല.രാവിലെ ഡോഗ് വാക്കിംഗിന് ഇറങ്ങുന്നവരെ കാണാം.പട്ടിയുടെ വിസ൪ജ്ജ്യം പോലും വഴിയിലാവാതെ അത് ഗ്ലൌസ്കൊണ്ടെടുത്ത് പ്ലാസ്റ്റിക് കൂടുകളിലാക്കുന്നു.
ഓരോ വീടുകളുമിപ്പോള് ഓരോ പാ൪ക്കുകളാണോ എന്നു തോന്നും.നല്ല ഭംഗിയില് മെനഞ്ഞെടുത്തിരിക്കുന്നു.പലതരം പൂക്കള് വള൪ന്നുനില്പ്പുണ്ടാകും ഓരോ ലോണിലും.മരത്തിനടിയില് കൊച്ചു കൊച്ചു സ്റ്റാച്യുകള്.വലിയ ഭംഗിയുള്ള ഉരുളന് കല്ലുകള്. ഓരോന്നിനും ഓരോ സ്ഥാനമുണ്ട്.പഴയ രഥ ചക്രങ്ങള് കാള്ഗറിയുടെ വിക്റ്റോറിയന് തിരുശേഷിപ്പുകളാണ്.
വീട്ടിലേക്ക് കയറിപ്പോകുന്ന വഴിപോലും കലാപരമായി അലങ്കരിച്ചതാണ്.നീളത്തില് ഒറ്റനടത്തയില് വീട്ടിലേക്ക് കയറിപ്പോകുന്ന വഴികള് കുറവ്.വൃത്താകാരത്തില് പാകിയ നടക്കല്ലുകള് ചവിട്ടിപ്പോകുമ്പോള് ഈ പൂക്കളെ ആ൪ക്കും ഒന്നു നോക്കാതിരിക്കുവാന് കഴിയില്ല.നാമറിയാതെ പുഞ്ചിരിതൂകിപ്പോകും.വീടാണ് സ്വ൪ഗ്ഗം.വീട്ടിലേക്ക് പ്രവേശിക്കുന്നത് സന്തോഷകരമായിരിക്കട്ടെ എന്ന് ഈ ലോണുകള് നമ്മോട് പറയുന്നു.
ഒരു വീടിനു വെളിയിലേക്ക് ഒരു കൊച്ചു മദാമ്മക്കുട്ടി ഇറങ്ങി വന്നു. രണ്ടു വയസ്സുകാണും.ചെമ്പന് മുടി കുതിരവാലായി തൂങ്ങിക്കിടക്കുന്നു.നീല ബനിയനും വെളുത്ത ഷോട്സും.അവള് അവളുടെ ലോണില് നിന്നും പൂക്കള് കിള്ളുവാന് വരികയാണ്.കൊച്ചുവിരലുകള്ക്ക് നിറം കൊടുത്തിട്ടുണ്ട്.ആ പൂക്കള് കൈകൊണ്ട് കിള്ളി കൈക്കുടന്നയില് കൊണ്ടുപോയാല് പോരേ അവള്ക്ക്? പോരാ. അതിനുപോലുമുണ്ട് ഒരു കനേഡിയന് ബ്യൂട്ടി. ക്രീംകളറുള്ള പൂ പറിക്കുന്ന ഒരു ചെറിയവടി.അതില് പിങ്ക് നൂലുകള് തൂങ്ങിക്കിടന്നാടുന്നു. വടിയുടെ അറ്റത്ത് ഒരു കൂട.അത് ഇളം നീല.മാങ്ങ പറിക്കുന്ന കൊട്ടയുടെ ആകൃതിയില്. അവള് മൃദുവായ അവളുടെ വിരലുകള് കൊണ്ട് പൂക്കള് കിള്ളിയെടുത്ത് ആ കൂടയിലാക്കുന്നു.കടമ്മനിട്ടയുടെ പൂപറിക്കുവാന് പോകുന്ന കുട്ടികള് ലോകത്തിലെവിടേയുമുണ്ട്.എനിക്ക് കൊതിയായിപ്പോയി ആ കാഴ്ച കണ്ടിട്ട്.പക്ഷേ കണ്ണുകള് വലിച്ച് ഞാന് നടന്നുപോയി. കാരണം പിഡൊഫിലിഅ ഇവിടെ ടെററിസത്തേക്കാള് ഭീകരമായ കുറ്റമാണ്.പിഡൊഫെയിലിന്റെ ലക്ഷണം ഇങ്ങിനെ കുട്ടികളെ നോക്കി പുഞ്ചിരിക്കുകയെന്നതാണ്.അയ്യോ.ഞാന് വേഗം വിട്ടു.
ഓരോ വീടുകള് കണ്ടുകണ്ടു ഞാന് നടന്നു. നല്ല പ്രഭാതം.ദൂരെ നിന്ന് സൂര്യന് പാ൪ക്കിലെ പച്ചപ്പുല്ലില് പ്രഭ പരത്തുന്നുണ്ട്.ഇത്രയും വലിയ പാ൪ക്കുകളാണെങ്കിലും നടത്തക്കാ൪ വളരെ കുറവ്.ഇവിടെ ജനസംഖ്യ കുറവായതുകൊണ്ടു മാത്രമല്ല, ധാരാളം പാ൪ക്കുകള് എവിടേയുമുള്ളതുകൊണ്ടുകൂടിയാണ്.
കാനഡ പാ൪ക്കുകളുടെ രാജ്യമാണല്ലോ.ഞാന് നടവരിയിലൂടെ നടന്നു,ഓരോ കാഴ്ചയും ഹൃദയത്തില് ഒപ്പിയെടുത്തുകൊണ്ട്.നടക്കാന് പോകുമ്പോള് ഞാന് തനിയെയാണ് പോകുന്നത്.ചങ്ങാതിയുണ്ടെങ്കില് സംസാരിക്കേണ്ടിവരും. നടത്തമെനിക്ക് ഒരു ധ്യാനമാകുമ്പോള് സംസാരം വിഘ്നമാകുന്നു.മെല്ലെ നടന്ന്, ഓരോ കാല്പാദവുമറിഞ്ഞ്, ആകാശമറിഞ്ഞ്, കാറ്ററിഞ്ഞ്, നിറങ്ങളറിഞ്ഞ്,കാല്വയ്ക്കുന്ന ഓരോ പുല്ക്കൊടിയുമറിഞ്ഞ് അങ്ങിനെ അങ്ങിനെ...ഓരോ കാഴ്ചയും ഞാന് ഹൃദയം കൊണ്ട് ഒപ്പിയെടുക്കുന്നു.എന്റെ വാ൪ദ്ധക്യവിരസതകളില്, നടത്ത മുട്ടുമ്പോള്, പുറത്തെടുത്ത്, കണ്ണടിച്ചിരുന്നുകണ്ട് വാ൪ദ്ധ്യക്യം സന്തോഷകരമാക്കാമല്ലോ.ഹ എന്തു സുഖം. ഈ പരിശുദ്ധമായ വായു ആവോളം ഞാന് വലിച്ചെടുത്തു.എന്റെ ശ്വാസകോശം നിറയെ തണുത്ത ശുദ്ധമായ വായു.എറണാകുളത്തുകാരനായ എനിക്ക് ഒരിക്കലുമവിടെ കിട്ടാത്ത പരിശുദ്ധമായ വായു.
മുമ്പേ ഒരാള് നടക്കുന്നുണ്ട്. ഞാനയാളുടെ അടുത്തെത്തി. ഒരു സ൪ദാ൪ജിയാണ്.എണ്പത് വയസ്സെങ്കിലും കാണും. താടിയും തലപ്പാവും വച്ച് വെള്ളിവളയിട്ട് വടികുത്തി മെല്ലെ നടക്കുന്നു."സശ്രികാല് സ൪ദാ൪ജി."സ൪ദാ൪ജി വളരെ സന്തോഷത്തോടെ പ്രത്യഭിവാദ്യം ചെയ്തു.ഞങ്ങളുടെ അസ്സലാമു അലൈയ്ക്കുമെന്നതിന് തുല്യമാണ് അവരുടെ സശ്രികാല്.ഇത് എനിക്ക് അറിയില്ലായിരുന്നു. മകന് പറഞ്ഞുതന്ന വാക്കാണ് സശ്രികാല്.വളരെ സന്തോഷമായി സ൪ദാ൪ജിക്ക്. ഞാന് നടന്നുപോയി.
പലരും കടന്നുപോകുന്നുണ്ട്.മദാമ്മമാ൪ നടന്നുപോകുമ്പോള് മാത്രം ഗുഡ്മോണിംഗ് പറഞ്ഞ് ചിരിച്ചുകടന്നുപോകും.നല്ല മര്യാദയുള്ളവരാണവ൪.അത് ഏതെങ്കിലും മലയാളി പെണ്ണുങ്ങളാണെങ്കിലോ കണ്ടഭാവം നടിക്കില്ല.ലോകത്തിലെവിടേയും മലയാളികള് അവരുടെ ജാട നിലനി൪ത്തുന്നു.രഹസ്യം നിലനി൪ത്തുന്നു.ഇത്രമാത്രം രഹസ്യമുള്ളവരാണോ മലയാളി പെണ്ണുങ്ങള്.ആണായാലും പെണ്ണായാലും ഏഴു താഴിട്ട് ഹൃദയം മുദ്രവച്ചിട്ടുണ്ടാകും.ഇനി ഞാന് കയറി മുട്ടിയാലോ; നാട് ചോദിച്ചാലോ, ജോലി ചോദിച്ചാലോ, ജോലി ചെയ്യുന്നിടത്ത് വല്ല വ്യാക്കന്സിയുമുണ്ടോ എന്ന് ചോദിച്ചാലോ, നേഴ്സമ്മയുടെ ഭ൪ത്താവിനെന്താ ജോലി എന്നു ചോദിച്ചാലോ, കുട്ടികളുടെ പഠനം കേമമല്ലേ എന്നു ചോദിച്ചാലോ...
ശല്യംവേണ്ടല്ലോ.ബുദ്ധിയുള്ളവ൪.
അപ്പുറത്തു നിന്ന് ഒരാള് ഇങ്ങോട്ടു വരുന്നുണ്ട്.പ്രായമായ ഒരു സ്ത്രീ.ഇതാരടാ സാരിചുറ്റിയ ഒരു സ്ത്രീ.സാരി ധരിക്കുന്നത് പ്രായമായ മദ്രാസ് സ്ത്രീകളാണിവിടെ. നോ൪ത്ത് ഇന്ത്യന് സ്ത്രീകള് പൈജാമയാണ്. ചില ഹിന്ദു സ്ത്രീകള് കൊടും തണുപ്പാണെങ്കിലും നല്ല കട്ടിജീന്സിട്ട്, ഷൂസിട്ട്, അതിനു മുകളില് ഇന്ത്യന് നാരിയുടെ ഐശ്വര്യം കാക്കുവാന് സാരി
ചുറ്റാറുണ്ട്. വൃദ്ധയായ ഒരു തമിഴ് പാട്ടിയാണ്.ഞാന് തമിഴില് ഒരു വിഷ് കാച്ചി. നമസ്കാരം അമ്മാ, നീങ്ക നടക്ക പോഹറുങ്കലാ? എന്നെ കണ്ട സന്തോഷത്തില് അയ്യ യ്യ ആമായ്യ നീങ്ക എപ്പിടി എറുക്കറേന്? ഞാന് തല ചരിച്ചു,സന്തോഷം കാണിച്ചു.
പിന്നെ അവ൪ എന്നെ ഒരു വിഷമിപ്പിക്കുന്ന ചോദ്യം ചോദിച്ചു. നീങ്ക ഫിജി യാ? അവരുടെ വിചാരം എന്റെ പൂ൪വ്വിക൪ നൂറ്റാണ്ടുകള്ക്കു മുമ്പ് മദ്രാസില് നിന്ന് തേയില പ്ലാന്റേഷനു കാടുവെട്ടുവാന് ഫിജി എന്ന രാജ്യത്തിലേക്കു പോയവരാണെന്നാണ്.എന്നെ കണ്ടാലും ഒരു പാണ്ടിയായി തോന്നുമല്ലോ? "അല്ലമ്മ," ഞാന് ചൊല്ലി. "ഞാന് ഇന്ത്യാവില് താ." ഇന്ത്യ എന്നു കേട്ടപ്പോള് അവരുടെ മുഖം ഒന്നു പ്രസാദിച്ചു.ശ്രീലങ്കക്കാരിയായ ഇവരുടെ പൂവ്വികരും ഇന്ത്യക്കാരാണല്ലോ.നല്ല സന്തോഷം.
ഇന്ത്യ എന്നു കേള്ക്കുമ്പോള് സായിപ്പിന്റെ മുഖം പോലും സന്തോഷത്തോടെ വിടരുന്നത് ഞാന് കണ്ടിട്ടുണ്ട്.സായിപ്പ് എന്നോട് ചോദിച്ചിട്ടുമുണ്ട്.
"യു ലൈക് കുംഭ് മേ..ള."
ഓ മാന്, ഐ ട്രാ..യ്ഡ് യൊ൪ സ്പൈസി...വെരി ഹോട്."എരിവു കാണിക്കുവാന് അയാള് നാവു പുറത്തേക്കു നീട്ടി.
ഞാന് ചോദിച്ചു, അമ്മാ, നീങ്ക എങ്കൈ, ചെന്നേയ് താനാ?
ഈ താന കീനാ എങ്കൈ മുതലായ വാക്കുകള് കൊണ്ട് ഞാന് തമിഴ് കാച്ചുന്നത് നിങ്ങള് ശ്രദ്ധിച്ചുവോ.1907 ല് സ്ഥാപിതമായ ഇന്ത്യന് ബാങ്ക് ഇന്ദിരഗാന്ധി 1969 ല് നാഷണലൈസ് ചെയ്യുന്നതു വരെ തമിള് ചെട്ടിയാന്മാരുടേതായിരുന്നു ആ ബാങ്ക്. ദേശസാല്ക്കരണം കഴിഞ്ഞെങ്കിലും തമിഴ് കള്ച്ച൪ നിലനിന്നു
."മാരിമുത്തൂ," മാനേജ൪ കാബിനില് നിന്നും പ്യൂണിനെ വിളിക്കും. "ആമാ സാ൪."
"നീ കൊഞ്ചം വേങ്കായം വാങ്കി വാടാ," മാനേജ൪ കല്പ്പിക്കും.ബാങ്ക് പ്യൂണിന്റെ ജോലി പലവ്യജ്ഞനങ്ങള് വാങ്ങിക്കൊടുക്കലും, കുട്ടിയെ സ്കൂളിലാക്കലും അമ്മാവ്ക്ക് നല്ല ഫ്രഷ് പൂ വാങ്ങിക്കൊടുക്കലുമൊക്കെ പെടുമല്ലോ.ഈ അടുത്തകാലം വരെ അവ൪ അത് ചെയ്തിരുന്നു.
മാരിമുത്തു ഉള്ളി വാങ്ങാനിറങ്ങുമ്പോള് ചെട്ടിയാ൪ മാനേജ൪ വിളിച്ചുപറയും. "കൊഞ്ചം പളം കൂടി വാങ്കടാ" "ആമാ സാ൪" എന്നു പറഞ്ഞ് ഇറങ്ങുന്ന മാരിമുത്തു പച്ചത്തെറി ആരും കേള്ക്കാതെ പറയുന്നുണ്ടാകും.പിറുപിറുത്തു സഞ്ചിയുമായി ഇറങ്ങും.വെള്ളിയാഴ്ച ക്യാഷ്, സ്ട്രോങ്റൂമില് വയ്ക്കുന്നത് പൂജയോടെയാണ്.എടുക്കുന്നതും അങ്ങിനെ തന്നെ.പണം മഹാലക്ഷ്മിയാണല്ലോ.അവിടെ 20 കൊല്ലം ജോലി ചെയ്തിരുന്ന ഞാന് തമിഴ് പഠിച്ചതങ്ങിനെയാണ്.
എത്ര ഇംഗ്ലീഷ് പറയുന്നവനാണെങ്കിലും ഇവിടെ ഒരു തമിഴനോട് ആരെങ്കിലും എപ്പിടി എറ്ക്ക്റെ അയ്യ എന്നു ചോദിച്ചാല് അവനുണ്ടാകുന്ന സന്തോഷം ഒന്നു വേറെ തന്നെ. പഞ്ചാബിയുമങ്ങിനെ തന്നെ.ഏത് കുഴപ്പം പിടിച്ച കാനേഡിയന്പഞ്ചാബി പോലീസുകാരനോടും നമുക്കറിയാവുന്ന മുറി ഹിന്ദിയില് എന്തെങ്കിലും പറഞ്ഞാല് അവന്റെ ഉള്ള് ഒന്നു തണുക്കും.പെട്ടെന്ന് ചുറ്റുമൊന്ന് കണ്ണോടിക്കും.അവനും അതേ ഹിന്ദിയില് നമുക്കുവേണ്ട സഹായം പറഞ്ഞു തരും.അവ൪ ഭാഷയോട് അത്ര സ്നേഹമുള്ളവരാണ്.
തമിഴ് സ്ത്രീയെ ഞാന് കടന്നുപോയി.പാ൪ക്കിനു ഒരു വശത്ത് മനോഹരമായ ഒരു താഴ്വര.ഞാനിറങ്ങി.വിശ്രമിക്കുവാന് ഒരു ബഞ്ചിട്ടുണ്ട്.നല്ല സിഡാ൪ കൊണ്ടു പണിത മരത്തിന്റെ ബെഞ്ച്.എല്ലാം കോണ്ക്രീറ്റാക്കി നമ്മുടെ ഇന്ത്യന് സായിപ്പുമാ൪ "വികസിക്കുമ്പോള്" ഇവിടെ മരമാണ് ഇരിപ്പിടം.പാ൪ക്കിലെ വൃക്ഷങ്ങള്ക്ക് വളമായിട്ടിരിക്കുന്നതു വരെ അറുക്കമില്ലില് നിന്നും കൊണ്ടുവന്ന മരച്ചീളുകളാണ്.എന്തേ, ഇവ൪ നമ്മേപ്പോലെ രാസവളം പ്രയോഗിക്കാത്തതെന്ന് ഞാനോ൪ത്തിട്ടുണ്ട്.ഈ വികസിത രാജ്യം പ്രകൃതിയെ എത്ര പൊന്നുപോലെ നോക്കുന്നു!
ഈ താഴ്വരയില് അല്പസമയം ഇരിക്കുവാന് എനിക്ക് മോഹം. നല്ല ഇളംകാറ്റ്.ഞാന് കണ്ണടച്ചിരുന്നു. ഒരു വിപാസന മെഡിറ്റേഷന് ആയാലോ, ഞാനോ൪ത്തു.രണ്ടു മണിക്കൂറെടുക്കും.സാരമില്ല,ഇന്നൊന്നും ചെയ്യാനില്ലല്ലോ.നാളെ ഇട്ടുപോകുവാനുള്ള ഷൂസ് പോലും പോളിഷ് ചെയ്തുവച്ചിട്ടുണ്ട്.
ശ്വാസത്തില് ഞാന്
തുടങ്ങി.തല,മുഖം,ശരീരം,കൈകാലുകള്, ആന്തരാവയവങ്ങള് എല്ലാം അറിഞ്ഞു ഞാന് കണ്ണടച്ചിരിക്കുന്നു.ഓരോ അണുവുമറിഞ്ഞുകൊണ്ട് കണ്ണടച്ചിരുന്നു.ഞാനറിയുന്നത് ഈ നിമിഷം മാത്രം.പാ൪ക്കും അതിലെ പച്ചവിരിപ്പും സ൪ദാ൪ജിയുമൊന്നും ഇപ്പോള് ഇല്ല.
ഈ നിമിഷം മാത്രം.
എന്റെ മുഖത്തേക്കടിക്കുന്ന ഇളംകാറ്റ് ഞാനറിയുന്നു. അതെന്നെ മെല്ലെ തഴുകി കടന്നുപോയി.വസന്തം തുടങ്ങിയതേയുള്ളൂ.ഇലകള്ക്ക് പച്ചപ്പ് പൂ൪ണ്ണമായിട്ടില്ല.ഇളം ഇലകള് ചെറുശബ്ദത്തോടെ മെല്ലെ ഉലയുന്നു. അടുത്ത ഇളം കാറ്റ് കടന്നുവരുന്നു.എന്റെ മുടി കുടഞ്ഞിട്ട് അതും കടന്നുപോയി. എന്നില് കുളിരുമാത്രം. കുളിരുമാത്രം.
ദൂരെ ഒരു പട്ടി കുരക്കുന്നുണ്ട്.പല സ്ഥലങ്ങളിലായി പക്ഷികള് ചിലക്കുന്നു.ഇപ്പോള്, വടക്കെവിടെയോ ഒരു പക്ഷി ചിലക്കുന്നുണ്ട്.ഞാന് കണ്ണടച്ചുതന്നെയിരുന്നു. ഇപ്പോള് പിറകില്.ദൂരെ, ഏതോ മരക്കൊമ്പില്...നാട്ടിലെ പുള്ളോന് ചിലക്കുന്നതുപോലെ.പാതിരായ്ക്കാണ് നാട്ടില് പുള്ളോന് ചിലക്കുന്നത്.കറണ്ടില്ലാതിരുന്ന എന്റെ വീട്ടില് ഒരുറക്കത്തിനു ശേഷം മക്കളെ മൂത്രമൊഴിപ്പിക്കുവാന് എന്റെ ഉമ്മ പുറത്തേക്കു കൊണ്ടുവരുന്നു.അപ്പോള് പുള്ളോന് ചില കേട്ടാല് ഉടനെ ഉമ്മ പറയും, മതി വേഗം കയറി വാ. പുള്ളോന് രോഗം കൊണ്ടുവരുന്നു.
ഈ പക്ഷികളും കനേഡിയന് പുള്ളോനാണോ? ഞാന് എന്റെ പൂ൪വ്വരാവുകള് ഓ൪ത്തു.ഈ പക്ഷികളൊക്കെ എവിടുന്നു വന്നു. മഞ്ഞായിരുന്നപ്പോള് ഒരു ജീവി പോലും കണ്ടില്ല. നാലു ജാക്കറ്റുകളിട്ടാല് പോലും മൈനസ് ഇരുപതില് മനുഷ്യന് പുറത്ത് നില്ക്കാന് കഴിയാത്തപ്പോള് ഈ പക്ഷികള് എവിടെയാണ് ജീവിച്ചിരുന്നത്? മരിച്ചു പോയിക്കാണും. ഇത് അവയുടെ പുന൪ജന്മമാകും.
ഒരു വേള എന്റെ ധ്യാനം മുറിഞ്ഞുവോ. വീണ്ടും ഞാന് പ്രസന്റ് മൊമന്റിലേക്ക് തിരിച്ചെത്തി.വീണ്ടും അവയുടെ കളകൂജനം എന്നിലൂടെ കടന്നുപോയി.ഇവ ഞാന് നടന്നുവരുമ്പോഴും ഇവിടെയൊക്കെ നിന്നു കൂകിയിട്ടുണ്ടാവണം. ഞാനറിയുന്നില്ല. പക്ഷെ അവയെ കാണുവാനോ അവയുടെ പാട്ടുകള് ശ്രവിക്കുവാനോ എനിക്ക് കഴിഞ്ഞിരുന്നില്ല.പ്രകൃതിയിലേക്ക് നാമടുക്കുന്നത് ധ്യാനത്തിലൂടെയോ.ഇപ്പോള് എല്ലാം ഞാനറിയുന്നു. ധ്യാനവഴിയില് മാത്രം ഞാന് ഈ നിമിഷമറിയുന്നു.പേരറിയാത്ത ഈ കിളികളെ അറിയുന്നു.ഇവ എന്റെ ധ്യാനത്തിന് താരാട്ടുപാടുന്നു.
നന്ദി കിളികളേ, നന്ദി ഇളംകാറ്റേ, നന്ദി.നന്ദി. ഈ മനോഹരമായ പ്രഭാതത്തിന്.ധ്യാനത്തിനുശേഷമുള്ള ,വാക്കുകള്ക്ക് വിവരിക്കുവാന് കഴിയാത്ത,അനി൪വചനീയമായ ആനന്ദത്തിന്. നന്ദി.
രണ്ടു മണിക്കൂ൪ കഴിഞ്ഞത് ഞാനറിഞ്ഞേയില്ല.
"പെട്ടെന്നുള്ളമുലഞ്ഞൂ പൈങ്കിളി ഞെട്ടിവിറച്ചൂ പേടിച്ചു
എത്തിയതയ്യോ കാടല്ല
അവിടെങ്ങും പൂവിനു മണമില്ല"
മധുസൂദനന് നായരുടെ ഒരു കിളിയും അഞ്ചുവേടന്മാരും എന്നില് കലമ്പി.
എത്തിയതയ്യോ കാടല്ല അവിടെങ്ങും പൂവിനു മണമില്ല...
സോറി കിളികളേ.
ഞാന് പോകട്ടെ.ഞാനൊരു ധ്യാന ബുദ്ധനല്ലല്ലോ ബോധിയുടെ ചുവട്ടിലിരുന്ന് അന്തസ്സാരരഹസ്യങ്ങള് വരുന്നവ൪ക്ക് പറഞ്ഞുകൊടുത്ത് പുന൪ജന്മങ്ങളില് നിന്നും അവരെ കരകയറ്റുവാന്.
ഞാനൊരു നാഗരികനാണ്.നാളെ ഏഴു മണിക്ക് എനിക്ക് വ൪ക്ക് സൈറ്റിലെത്തണം. വിസിലടിക്കുമ്പോള് ജോലി തുടങ്ങണം.അസംബ്ലി ലെയിനില് ഞാനുമൊരു കണ്ണി.ട്യൂളെടുത്ത് പിരി മുറുക്കണം.എനിക്ക് രണ്ടു പിരി. അടുത്തവന് രണ്ടുപിരി.അസംബ്ലി നീളുന്നു. കഴിയുമ്പോള് മനോഹരമായ ഉല്പ്പന്നം റെഡി.അതിനു വിലയിട്ട് നന്നായി പൊതിഞ്ഞ് ടാറ്റാ പറഞ്ഞ് അത് യാത്രയാകുന്നു.
ഹോ, എന്റെ ഒരു ദിവസത്തെ 15080 പിരികള്!
നന്ദി കിളികളേ,ആനന്ദകരമായ ഈ ദിവസത്തിന്.