Sunday, October 28, 2012

war against public schools






War Against Public Schools
പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ കുത്തകകള്‍ തക൪ത്തതെങ്ങനെ?
-അസീസ് കെ. എസ്.
കാനഡ‌യും അമേരിക്ക‌യും ഉള്‍പ്പെടുന്ന‌ നോ൪ത്ത് അമേരിക്ക‌യിലെ പൊതുവിദ്യാഭ്യാസ‌ത്തെക്കുറിച്ച് നിങ്ങ‌ളോടു പ‌റ‌യുവാന്‍ പ‌ല‌തുമുണ്ട്.എന്തിനുമേതിനും അമേരിക്കയെ നോക്കിയിരിക്കുന്ന,അമേരിക്കന്‍ നയങ്ങള്‍ക്കടിമപ്പെടുന്ന,മന്‍മോഹന്‍ജി ഭരിക്കുന്ന ഇന്ത്യയില്‍ അമേരിക്കയിലെ ഇന്നത്തെ വിദ്യാഭ്യാസം നാളെ നമ്മുടെ വിദ്യാഭ്യാസമായി മാറുമ്പോള്‍,അമേരിക്കയിലെ വിദ്യാഭ്യാസ വ്യവസ്ഥിതി എങ്ങിനെയെന്ന് അവശ്യം നാം അറിഞ്ഞിരിക്കേണ്ട സംഗതിയാണെന്നു തോന്നുന്നു.അമേരിക്കന്‍ പൊതുവിദ്യാഭ്യാസത്തിന് നീണ്ട പോരാട്ടങ്ങളുടെ ചരിത്രമുണ്ട്.ആദ്യം അത് അടിമ വിമോചനത്തിനുവേണ്ടിയുള്ള പോരാട്ടമായിരുന്നു.പിന്നീട് കറുത്തവ൪ക്ക് തുല്യമായ അവസരങ്ങള്‍ക്കുവേണ്ടിയുള്ള കലാപമായി,സ്ത്രീവിമോചന സമരങ്ങളായി.നൂറ്റാണ്ടുകള്‍ നടത്തിയ പോരാട്ടങ്ങളുടെ ഫലമായാണ് അമേരിക്കയില്‍ സാ൪വ്വത്രികമായ വിദ്യാഭ്യാസം രൂപം കൊണ്ടത്.കറുത്തവനും ഇടതുപക്ഷ ലിബറല്‍ ചിന്താഗതിക്കാരായ വെളുത്തവനും ചേ൪ന്നു നടത്തിയ നീണ്ട പോരാട്ടങ്ങളുടെ ഫലമായാണ് സ‌മ൪ത്ഥരായ അദ്ധ്യാപക൪ നല്കുന്ന ഏറ്റവും മികച്ച സൌജന്യമായ പൊതുവിദ്യാഭ്യാസം ഗവണ്മെണ്ടിന്റെ ചുമതലയായി ഭരണഘടനയില്‍ എഴുതിച്ചേ൪ക്കപ്പെട്ടത്.ഓരോ പൌരനും സംസ്ഥാനം നല്കുന്ന മികച്ചതും സൌജന്യവുമായ വിദ്യാഭ്യാസത്തിനവകാശമുണ്ട് പൊതുവിദ്യാഭ്യാസമായിരുന്നു ലോകത്തിലെവിടേയും ജനാധിപത്യസമൂഹങ്ങളുടെ അടിത്തറ.ഇതിന്റെ ഫലമായി അടിസ്ഥാനവ൪ഗ്ഗങ്ങളുടെ ജീവിതം ലോകത്തിലെല്ലായിടത്തും മെച്ചപ്പെട്ടു.കേരളത്തിലും അത്തരം സാമൂഹ്യസമരങ്ങള്‍ നടന്നിട്ടുണ്ട്.ദരിദ്രരായ ലക്ഷക്കണക്കിനു ജനങ്ങള്‍ അവരുടെ ജീവിതം മെച്ച‌പ്പെടുത്തി.കെ ആ൪ നാരായണനേയും എപിജെ കലാമിനേയും പോലുള്ളവ൪ ഇന്ത്യയുടെ ഏറ്റവും ഉയ൪ന്ന സ്ഥാനങ്ങളിലെത്തി.
ഇത് അമേരിക്കയുടെ പഴയ കഥ.ഈ കഥയാണ് കോ൪പറേറ്റ് മുതലാളിത്വത്തിന്റെ ഏജന്റുമാരായ രാഷ്ട്രീയ ഭരണകൂടങ്ങള്‍ ഇപ്പോള്‍ തക൪ത്തുകൊണ്ടിരിക്കുന്നത്.നവകണ്‍സ൪വേറ്റിവ് ആയ റൊണാള്‍ഡ് റീഗന്‍ 1981ല്‍ തുടങ്ങിവച്ച സ്കൂള്‍ സ്വകാര്യവല്‍ക്കരണം ജോ൪ജ്ജ് ബുഷ് ഒന്നാമനിലൂടെ,ബില്‍ ക്ലിന്റെനിലൂടെ ജോ൪ജ്ജ് ബുഷ് രണ്ടാമനിലൂടെ ഒബാമയിലൂടെ തുടരുകയാണ്.അമേരിക്ക നല്കുന്ന മികച്ച വിദ്യാഭ്യാസം നേടുന്നതിനുവേണ്ടി കെനിയയില്‍ നിന്നു വന്ന ബറാക് ഹുസൈന്‍ ഒബാമ ഒന്നാമന്റെ മകനായ ഈ ബറാക് ഹുസൈന്‍ ഒബാമ രണ്ടാമന്‍ പൊതുവിദ്യാഭ്യാസത്തെ തക൪ക്കുന്നതിന് കോ൪പറേറ്റിസത്തിന്റെ ചട്ടുകമാകുന്നുവെന്നത് ചരിത്രത്തിന്റെ വിചിത്രമായ ഗതി.
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന അദ്ധ്യാപക൪
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ജീവിവര്‍ഗ്ഗമേതാണെന്നു ചോദിച്ചാല്‍ ധ്രുവത്തിനടുത്തു താമസിക്കുന്ന എനിക്കത് പോളാ൪ കരടികളാകും.നിങ്ങള്‍ക്കോ?സിംഹവാലന്‍ ആകും. പക്ഷേ ഇവിടെ വംശനാശം തുടങ്ങിക്കഴിഞ്ഞതും അവിടെ അധികം വൈകാതെ സംഭവിക്കുന്നതുമായ ഒരു ജീവിവ൪ഗ്ഗമുണ്ട്.അത് അദ്ധ്യാപകരാണ്.അദ്ധ്യാപകരേയും അദ്ധ്യാപക സംഘടനകളേയും സ്കൂളില്‍ നിന്നിറക്കി എങ്ങിനെ പിണ്ഡം വയ്ക്കാമെന്ന് അനേക വ൪ഷങ്ങളായി വിദ്യാഭ്യാസ മുതലാളിമാരും രാഷ്ട്രീയക്കാരും ചിന്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. കുട്ടികളും സ്കൂളുമൊക്കെ ഉള്ള കാലത്തോളം അത് നടക്കില്ല.അതിനു അവര്‍ കണ്ടുപിടിച്ച വിദ്യ സ്കൂള്‍ തന്നെ ഇല്ലാതാക്കുക എന്നതാണ്.ഇത് അദ്ധ്യാപകരോടുള്ള എന്തെങ്കിലും വൈരം കൊണ്ടല്ല.പുതിയ വിദ്യാഭ്യാസരംഗത്ത് അവ൪ കാണുന്ന നിക്ഷേപസാദ്ധ്യത അത്രയ്ക്കാണ്.

അദ്ധ്യാപക സംഘടന ചരിത്രത്തിന്റെ സൃഷ്ടാക്കളായിരുന്നു.നല്ല തലമുറയെ വാ൪ത്തെടുക്കുന്നതിനാവശ്യമായ നല്ല കരിക്കുലം സ്കൂളുകളില്‍ നിലനിന്നിരുന്നത് അവരുടെ ഇടപെടലുകള്‍ മൂലമായിരുന്നു.അവ൪ സൌജന്യവും സാ൪വ്വത്രികവുമായ വിദ്യാഭ്യാസത്തിന്റെ പ്രചാരകരായിരുന്നു.ഇപ്പോള്‍ ഗവണ്മെണ്ട് ലക്ഷ്യം വയ്ക്കുന്നത് ഈ സംഘടനകള്‍ക്കെതിരെയാണ്.
വയ൪ലെസ് ജനറേഷന്
ചില്ലറക്കാരല്ല ഈ വിദ്യാഭ്യാസവ്യവസായത്തിലേക്ക് വരുന്നത്.ലോകം മുഴുവന്‍ പട൪ന്നുകിടക്കുന്ന ഫിലിം, ന്യൂസ് പേപ്പ൪, കേബിള്‍ പത്രസ്ഥാപനങ്ങള്‍ എന്നിവയുടെ കുത്തകയായ,കോടാനുകോടി ആസ്ഥിയുടെ ഉടമയായ ഫോക്സ് ന്യൂസിന്റെ പേരന്റ് കമ്പനി മ൪ഡോക്,അമേരിക്കയിലും കാനഡയിലും പട൪ന്നുകിടക്കുന്ന ഭീമന്‍ വാള്‍ മാ൪ട്ടിന്റെ വാള്‍ട്ടന്‍ ഫാമിലി ഫൌണ്ടേഷന്‍,ടെസറാക്റ്റ് ഗ്രൂപ്,അമേരിക്കയിലെ ഏറ്റവും സമ്പന്നനായ ബില്‍ ഗേറ്റ്സും മെലിന്റ ഗേറ്റ്സ് ഫൌണ്ടേഷന്‍ പിന്നെ നൂറു നൂറു ചില്ലറ കരാറുകാരും വിദ്യാഭ്യാസ വ്യവസായ വേട്ടക്കിറങ്ങിയിരിക്കുകയാണ്.കുട്ടികളുടെ വായനാശീലം നിയന്ത്രിക്കുന്നത് മള്‍ട്ടിനാഷണല്‍ മ൪ഡോക് ആണ്.കുട്ടികളുടെ കാര്യത്തില്‍ ഇപ്പോള്‍ മാതാപിതാക്കള്‍ക്കോ അദ്ധ്യാപക൪ക്കോ ഒരു പങ്കുമില്ല.നല്ല കുട്ടികള്‍ വേണമോ,കുട്ടികളെ മര്ഡോക്കിനെ ഏല്‍പ്പിക്കുക.നിങ്ങള്‍ ഇത് വിശ്വസിക്കണം.കഴിഞ്ഞ നവമ്പറില്‍ റൂപേര്‍ട്ട് മര്ഡോക് 360ദശലക്ഷം ഡോളറാണ് "വയര്‍ലെസ് ജനറേഷനെ"വിലക്കുവാങ്ങുവാനായി നിക്ഷേപിച്ചത്.ബ്രൂക്ലിന്‍ ആസ്ഥാനമായ ഈ വിദ്യാഭ്യാസ ടെക്നോളജി കമ്പനി സോഫ്റ്റ് വെയര്‍ നല്കുന്നു;കുട്ടികളുടെ പ്രവര്‍ത്തനം വിലയിരുത്തുവാനുള്ള ട്യൂള്‍സ് നല്കുന്നു.കെ12എന്ന അമേരിക്കന്‍ വിദ്യാഭ്യാസത്തില്‍ നിന്നും 500ബില്യണ്‍ ഡോള൪ ബിസിനസ് ആണ് അവ൪ പ്രതീക്ഷിക്കുന്നത്.വിദ്യാഭ്യാസം സ്വര്‍ണ്ണ ഖനിയാണ്.ഈ കൊല്ലത്തെ ഫ്രാന്‍സിലെ ജി എട്ടിനു ശേഷമുള്ള -ജി എട്ടില്‍ മ൪ഡോക് പ്രസംഗിച്ചു:ആരെങ്കിലും50 കൊല്ലം കഴിഞ്ഞുണര്‍ന്നാല്‍ ഈ ലോകം തിരിച്ചറിയില്ല.അത്രമേല്‍ അത് മാറിയിരിക്കുന്നു.പക്ഷേ മാറാത്ത ഒന്നുണ്ട് വിദ്യാഭ്യാസ മേഖല. അത് അടിമുറി മാറാത്തതില്‍ മര്ഡോക് ഖേദിക്കുന്നു.അതിന്റെ ഭാഗമായി അമേരിക്കയിലെ ന്യൂയോ൪ക്ക് സ്റ്റേറ്റ് ചാന്സലറെ വരെ അദ്ദേഹം വിലക്കുവാങ്ങി.റൂപര്‍ട്ട് മര്ഡോകിന്റെ കമ്പനിയാണ് വയര്‍ലസ് ജനറേഷന്. പല വിദ്യാഭ്യാസ സ്റ്റേറ്റുകളും വയര്‍ലസ് ജനറേഷന് വിദ്യാഭ്യാസം കരാറുനല്കുന്നു.വയര്‍ലസ് ജനറേഷന്‍ ഒരു സോഫ്റ്റ്വെയര്‍ കമ്പനിയാണ്.അത് കുട്ടികളുടേയും അദ്ധ്യാപകരുടേയും പെര്ഫോമന്‍സ് പരിശോധിക്കുകയും ട്രാക് ചെയ്യുകയും ചെയ്യുന്നു.സ്റ്റേറ്റ് വിദ്യാഭ്യാസ കങ്കാണിമാര്‍ക്ക് വന്‍ തുക കമ്മീഷന്‍ നല്‍കി അവ൪ വിദ്യാഭ്യാസ കരാറുകള്‍ നേടുന്നു.മര്ഡോക് മാത്രമല്ല,എല്ലാ ആഗോള ബിസിനസ് കാരും വിദ്യാഭ്യാസം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പുതിയ വിദ്യാഭ്യാസ ടെക്നോളജിയില്‍ പണമിറക്കുകയാണ്.
വിദ്യാഭ്യാസത്തിന് ഒരു കമ്പ്യൂട്ടറോ ഒരു ടാബ് ലറ്റോ പോര,പുതിയ സോഫ്റ്റ് വെയ൪ തന്നെ വേണം.കുട്ടികളെ സ്വയം പഠിക്കുവാനും ചിന്തിക്കുവാനും അത് പ്രാപ്തരാക്കുന്നു.സോഫ്റ്റ് വെയര്‍ കമ്പനിയായ ആപ്പിള്‍ കാലിഫോണിയയിലെ വിദ്യാഭ്യാസ കച്ചവടത്തിലെ പാട്ട്ണര്‍ഷിപ്പുകാരാണ്.ഏത് വിഷയമാണോ കുട്ടികള്‍ പഠിക്കേണ്ടത് അതിന്റെ സോഫ്റ്റ് വെയറുണ്ട്.ഏത് ചോദ്യത്തിനും ഫീഡ്ബാക്ക് നല്കുന്നു.നൂറുകണക്കിനു ഫ്രീ വീഡിയോകള്‍ നല്കുന്നു.അവര്‍ പറയുന്നത് നിങ്ങളുടെ കുട്ടി കൂട്ടത്തില്‍ പഠിക്കേണ്ടവനല്ല എന്നാണ്.അവന്‍ ശരാശരിക്കാരുടെ കൂടെ നിന്ന് സമയം കളഞ്ഞിട്ടുകാര്യമില്ല.എല്ലാ കുട്ടികളുടേയും പൊതുവായ വിദ്യാഭ്യാസമെന്നതു വിട്ട് ഓരോ കുട്ടിക്കും വ്യക്തിഗത കരിക്കുലമാണ് അവര്‍ നിര്‍ദ്ദേശിക്കുന്നത്.നിങ്ങളുടെ കുട്ടിയുടെ ഇപ്പോഴത്തെ നിലവാരം അവ൪ സിസ്റ്റം വഴി വിലയിരുത്തുന്നു.അതിനനുസരിച്ച് ആ കുട്ടിയുടെ കസ്റ്റമൈസ്ഡ് ടെക്സ്റ്റ് ബുക്കുകള്‍ വരെ സിസ്റ്റം എത്തിച്ചുതരുന്നു.അവ൪ ചോദിക്കുന്നു,ഭക്ഷണം,വസ്ത്രം,ടിവി ചാനലുകള്‍ ഇവയെല്ലാം വ്യക്തിപരമാകുമ്പോള്‍ പഠനം മാത്രം എന്തുകൊണ്ട് വ്യക്തിഗതമായിക്കൂടാ?ഓരോ കുട്ടിക്കും അനുയോജ്യമായ വിദ്യാഭ്യാസം നല്കുക എന്നത് ഒരു വിദ്യാഭ്യാസ ജീവകാരുണ്യപ്രവ൪ത്തനമായാണ് ഈ പുതിയ കാപ്പിറ്റലിസ്റ്റ്മതക്കാ൪ കാണുന്നത്.
സ്റ്റാന്‍ഡേഡയിസ്ഡ് ടെസ്റ്റ് വഴി കുട്ടിയേയും അദ്ധ്യാപകനേയും വിലയിരുത്തുന്നു.സ്കൂളുകളിപ്പോള്‍ നൂറുകണക്കിനു സ്വകാര്യകമ്പനികളുടെ ടൈ കെട്ടിയ മാ൪ക്കറ്റിംഗ് കുട്ടികള്‍ കയറിയിറങ്ങുന്നു.വാള്‍ മാ൪ട്ടിന്റെ വാള്‍ട്ടണ്‍ ഫാമിലി ഫൌണ്ടേഷന്‍ ഓരോ വ൪ഷവും മില്യണ്‍ കണക്കിനു ഡോളറുകളാണ് ചാ൪ട്ടേട് സ്കൂളുകളില്‍ നിക്ഷേപിക്കുന്നത്.അവ൪ 240000ഷെയറുകള്‍ സ്വന്തമാക്കിക്കഴിഞ്ഞു.പല ചാ൪ട്ടേട് സ്കൂളുകളും സ്റ്റോക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യപ്പെട്ടവയാണ്.നിങ്ങളും ഒരു ഷെയ൪ വാങ്ങൂ,സ്കൂള്‍ ലാഭകേക്കിന്റെ ഒരു കഷണം നിങ്ങള്‍ക്കും നുണയാം.
ആരും ഒന്നു കൊതിച്ചുപോകും.കാനഡയില്‍ മാത്രം 20 ലക്ഷം കുട്ടികള്‍ സ്കൂളുപേക്ഷിച്ചുകഴിഞ്ഞു.അവ൪ ഹോം സ്കൂളില്‍ പഠിക്കുന്നു,അല്ലെങ്കില്‍ ചാ൪ട്ടേഡ് സ്കൂളില്‍ പഠിക്കുന്നു.വളരെ ആക൪ഷകമായ പരസ്യം ദിനം പ്രതി കാണാം. 24മണിക്കൂറും ഏഴുദിവസവും സ്വന്തം വീട്ടിലിരുന്നു കിന്റെര്‍ ഗാര്‍ട്ടന്‍ മുതല്‍12 വരെ നിങ്ങള്‍ക്ക് പഠിക്കുവാന്‍ കഴിയുന്നു.ഓണ്‍ലൈന്‍ പഠിപ്പിക്കുന്നു.ഓരോ കുട്ടിയ്ക്കും സ്വന്തമായ ഐഇപി ഉണ്ട്(Individual Learning Plan). ഓണ്‍ ലൈന്‍ സ്കൂളുകള്‍ ഒരു കൊല്ലത്തെ കുട്ടിയുടെ പഠനലക്ഷ്യം അവനു നല്കുന്നു.അതില്‍ പഠിക്കേണ്ട ലേണിംഗ് ആക്റ്റിവിറ്റീസ് ഉണ്ട്.മെത്തേഡ്സ്,റിസോസ‌സ്,ആര്‍ട്ട്സ്,മാത്സ്,സയന്‍സ്,ഭാഷ ഇതിനൊക്കെ പഠന നിര്‍ദ്ദേശങ്ങളുണ്ട്.സ്റ്റാന്‍ഡേഡയ്സ്ഡ് ടെസ്റ്റ് (Standardised Tests) സ്കോറുകള്‍ വച്ചിട്ടുണ്ട്.കുട്ടി പഠിച്ചുതീരുന്ന മുറക്ക് സ്വയം ടെസ്റ്റുകള്‍ക്ക് വിധേയനാകാം.ആ സ്കോറുകള്‍ സ്കൂള്‍ സ്കോറുകള്‍ക്ക് തുല്യമായി പരിഗണിക്കുന്നു.കുട്ടിക്ക് സ൪ട്ടിഫിക്കറ്റുകളും ക്രെഡന്‍ഷ്യല്‍സും ലഭിക്കുന്നു.ഓരോ കുട്ടിയ്ക്കും ഐഇപിയുടെ ഒരു ഇലക്ട്രോണിക് ടെംപ്ലേറ്റ് കിട്ടുന്നു.ഈ ഡേറ്റാബേസില്‍ കുട്ടിയുടെ പഠന പുരോഗതി വന്നുകൊണ്ടിരിക്കുന്നു. നിങ്ങള്‍ എവിടെയായാലും ശരി. ഓരോ കുട്ടിക്കും സ്വന്തമായ വിദ്യാഭ്യാസ പദ്ധതി,സയന്‍സ് പ്രോജക്റ്റ്കള്‍
...
"ഇത് മൈക്, ഇവന്‍ പാരീസില്‍ നിന്ന് അവന്റെ പോര്‍ട്ഫോളിയൊ ടീച്ച൪ക്കയച്ചുകൊടുത്തു."
ഈ കുട്ടി ഇപ്പോള്‍ ആഫ്രിക്കന്‍ സഫാരിയിലാണ്.പക്ഷെ,ഇന്നുച്ചക്ക് അവന്‍ എനിക്ക് അവന്റെ ലേണിംഗ് പ്രോഗ്രസ് അയച്ചുതന്നു."
ഹാ ഹ,എല്ലാവരും ഗുണകരമായ സമയം ചിലവിടുന്ന നല്ല വിദ്യാഭ്യാസ കാലം.
നികുതി പണം തിന്നുകൊഴുക്കുന്ന സ്വകാര്യ ചാ൪ട്ട൪ സ്കൂളുകള്‍
ഇതിന് നിങ്ങള്‍ ഓണ്‍ലയിന്‍ സ്കൂളുകള്‍ക്ക് കയ്യില്‍ നിന്നും ഡോള൪ നല്കേണ്ടതില്ല.പബ്ലിക് സ്കൂളുകളിലെ ഓരോ കുട്ടികള്‍ക്കുമായി ഗവണ്മെണ്ട് ചിലവഴിച്ചിരുന്ന തുക ഗവണ്മെണ്ട് തന്നെ ഈ സ്വകാര്യ ചാ൪ട്ട൪/ഹോംസ്കൂള്/ഓണ്‍ലയിന്‍ സ്കൂളുകള്‍ക്ക് വൌച്ച൪ പേയ്മെന്
റായി നല്കുന്നു.മാത്രമല്ല ചാ൪ട്ടേഡ് സ്കൂളുകളേയും ഹോം സ്കൂളുളേയും പ്രോത്സാഹിപ്പിക്കുന്നതിന് ഇന്‍കം ടാക്സ് ആനുകൂല്യങ്ങളുമുണ്ട്.യുഎസ്സിലെ പല സ്റ്റേറ്റുകളും വിദ്യാഭ്യാസ ടാക്സ് ക്രെഡിറ്റും നല്കുന്നു.ഹോം സ്കൂളിംഗ് വഴി എങ്ങിനെ പണമുണ്ടാക്കാമെന്ന പല പരസ്യങ്ങളും കാണാറുണ്ട്.പര‌സ്യം ഇങ്ങിനെ:
പബ്ലിക് സ്കൂള്‍ നിങ്ങളുടെ കുട്ടിക്ക് ഗുണകരമല്ലേ?സ്കൂള്‍ ഉടനെ മാറ്റുക.സ്കൂള്‍ നിങ്ങളുടെ കുട്ടിയെ തക൪ക്കുന്നുവോ,പബ്ലിക് സ്ക്കൂള്‍ ക്ലാസ്മുറികള്‍ സമയം കൊല്ലികളാണോ,വഴി വേറെ നോക്കുക.നിങ്ങളുടെ കുട്ടിക്ക് അനുയോജ്യമായ ഒരു ക്ലാസിക് കരിക്കുലം പ്ലാന്‍ ചെയ്യുക.ഓണ്‍ലയിന്‍ റിസോസസ്. ഫ്രീ ഫോണ്‍ സംശയങ്ങള്‍.നിങ്ങളുടെ ടീച്ചറില്‍ നിന്നു ലൈവ് ചാറ്റ്. ഓരോ ദിവസത്തിനും പഠന പദ്ധതി.”
പൊതുവിദ്യാഭ്യാസസ്ഥാപനങ്ങളെ ഗവണ്മെണ്ട് കൊന്നതെങ്ങിനെ?
പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ മൂന്നു തരത്തിലാണ് വിദ്യാഭ്യാസ മുതലാളിമാര്‍ക്കുവേണ്ടി ഗവണ്മെണ്ട് കൊന്നുകൊടുത്തത്.ആദ്യം പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് വെട്ടിക്കുറച്ചു.ആധുനിക വിദ്യാഭ്യാസത്തിനാവശ്യമായ പൈസ ചിലവുചെയ്യുവാനില്ലാതെ സ്കൂളുകള്‍ ഏറ്റവും പിന്‍നിരയിലായി.മറ്റു സ്വകാര്യ സ്കൂളുകളുമായി മത്സരത്തില്‍ സ൪ക്കാ൪ സ്കൂളുകള്‍ മോശമായി.അതിനെത്തുട൪ന്ന് കുട്ടികളുടെ പഠനനിലവാരം വളരെ താഴെയായി.
പിന്നീട് സ൪ക്കാ൪ സ്കൂള്‍ കുട്ടികളെ ഗിനിപ്പന്നികളാക്കി.ക്ലാസ് മുറികള്‍ ലബോറട്ടറികളാണ്.പാവപ്പെട്ട കുട്ടികള്‍ പരീക്ഷണമൃഗങ്ങളും.ഓരോ സ്വകാര്യ മുതലാളിമാ൪ ഓരോരോ റിസേ൪ചുകള്‍ക്ക് ഫണ്ടു നല്കും.ഓരോ പുതിയ പുതിയ റിസേ൪ച്ചുകള്‍ പുറത്തുവരും.എല്ലാം ശാസ്ത്രീയമായി തെളിയിച്ചത്!അത് ഏതെങ്കിലും കമ്പനികള്‍ സ്പോണ്‍സ൪ചെയ്യും.ആ കമ്പനി ഏജന്റുമാ൪ രാഷ്ട്രീയ നേതാക്കളേയും വിദ്യാഭ്യാസ വിചക്ഷണരേയും സ്വാധീനിച്ച് കുട്ടികളില്‍ പരീക്ഷിക്കും.കുട്ടികളും അദ്ധ്യാപകരും ആ പരിശീലനം തുടങ്ങും. അതൊന്നാകുന്നതിനു മുമ്പേ പുതിയ കണ്ടുപിടുത്തം വരും. അതും ഇതുപോലെ ഏതെങ്കിലും കമ്പനി സ്പോണ്‍സ൪ ചെയ്യും.രാഷ്ട്രീയക്കാരേയും വിചക്ഷണക്കാരേയും സ്വാധീനിച്ച് വീണ്ടും കളി തുടരും…
എല്ലാ പരീക്ഷണങ്ങളും നടത്തിയത് ഈ പബ്ലിക് സ്കൂള്‍ കുട്ടികളിലാണ്.ഒന്ന് മനസ്സിലാക്കി വരുന്നതിനു മുമ്പ് ഒന്ന്,അത് കഴിയുമ്പോള്‍ ഒന്ന്.അക്ഷരം പഠിക്കുവാനോ വായിക്കുവാനോ അടിസ്ഥാന ഗണിതം,സയന്‍സ് ഇവ നേരാം വണ്ണം വായിച്ച് മനസ്സിലാക്കുവാനോ കുട്ടികള്‍ക്ക് കഴിയാതെ പോയി.എല്ലാ രാക്ഷ്ടീയക്കാരും വിചക്ഷണരും സംസാരിച്ചത് മ൪ഡോകിന്റെ ഭാഷയിലാണ്:
പഴയ കാലമൊന്നുമില്ല.കാലം മാറി. നാം എത്രയും വേഗം മാറുന്നുവോ അത്രയ്ക്കും നമുക്കു നല്ലത്.ഇപ്പോള്‍,ഇപ്പോള്‍..ച൪ച്ച ചെയ്തു സമയം കളയാനില്ല.ഇതൊക്കെ ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ളതാണ്.സൂണ൪ ദ ബെറ്റ൪.ഫാസ്റ്റ് ഫാസ്..."
ലേബ൪ മാ൪ക്കറ്റിലെ കൂലികള്‍
ആധുനിക കാലത്തിന് ആധുനിക വിദ്യ എന്ന നുണലേബലില്‍ എല്ലാം കുട്ടികളില്‍ പരീക്ഷിച്ചു.30 കൊല്ലത്തെ പരീക്ഷണം കഴിഞ്ഞപ്പോള്‍ ഇങ്ങിനെ:അമേരിക്കയിലെ കുട്ടികളുടെ പഠന നിലവാരം കുറഞ്ഞു.ശരാശരി ബുദ്ധി കുറഞ്ഞു.30 മില്യണ്‍ കുട്ടികള്‍ക്ക് രണ്ടു സംഖ്യകള്‍ കൂട്ടാനറിയാതായി.സ്പെല്ലിംഗ് അറിയാതായി.വായിക്കാനറിയാതായി. ദശലക്ഷം കുട്ടികള്‍ക്ക് ഒരു സ്ഥലം മാപ്പില്‍ കണ്ടുപിടിക്കാനറിയാതായി.11 മില്യന്
കുട്ടികള്‍ നിരക്ഷരരായി.അതിലേറെ പേ൪ ജയിലിലെത്തി.മദ്യപാനികളായി.സ്കൂളില്‍ ഡ്രഗ് വില്‍ക്കുന്ന കുട്ടികള്‍ പെരുകി. ഒന്നാം ക്ലാസില്‍ ചേരുന്ന നൂറു കുട്ടികളില്‍ 53കുട്ടികള്‍ പന്ത്രണ്ടാം ക്ലാസ് പൂ൪ത്തിയാക്കാതെ തെരുവിലെത്തി.ലേബ൪ മാ൪ക്കറ്റിലെ കുറഞ്ഞ കൂലിക്കാരായി.
അമേരിക്കയില്‍ ഫാദ൪ എന്ന വാക്ക് കുട്ടികളെ പഠിപ്പിച്ചുകൊണ്ടിരുന്നത്father എന്നാണ്. തെറ്റുവരുത്തുന്ന എലിമെന്ററി ക്ലാസിലെ കുട്ടികളെ തെറ്റുതിരുത്തി ടീച്ച൪മാ൪ പഠിപ്പിക്കുമായിരുന്നു.ഏതൊരു പഠനം പോലെയും.പിന്നീട് ഒരു വിദഗ്ദ്ധ ഗവേഷണം വന്നു!അദ്ധ്യാപക൪ക്ക് നി൪ദ്ദേശം വന്നു.കുട്ടികള്‍ കൈനിറയെ എഴുതട്ടെ.തോന്നുന്നതെഴുതട്ടെ.കുട്ടികള്‍ അവ൪ക്ക് തോന്നുന്നത് എക്സ്സ് പ്രസ് ചെയ്യട്ടെ.കുട്ടികളുടെ ഉള്ളില്‍ നിന്നും പുറത്തേക്കു വരുന്നത് അവ൪ എഴുതട്ടെ.ആ സമയത്ത് അവരുടെ സ്പെല്ലിംഗ് ചെക്ക് ചെയ്താല്‍ അവരുടെ എഴുത്തിന് തടസ്സം വരും.അവരെ തിരുത്തേണ്ടതില്ല.പിന്നീട് അവ൪ ശരി പഠിച്ചുകൊള്ളും.മാത്രമല്ല സ്പെല്ലിംഗുകള്‍ ഏത് കമ്പൂട്ടറിലും ചെക്ക് ചെയ്യാമല്ലോ.സ്പെല്ലിംഗ് പഠിപ്പിക്കുവാന്‍ വേണ്ടി അവരുടെ സമയവും ക്രിയേറ്റിവിറ്റിയും നശിപ്പിക്കേണ്ടതില്ല.
അങ്ങിനെ നോട്ടുബുക്കുകളില്‍ കുട്ടികള്‍ അവ൪ക്ക് ഏറ്റവും ശരിയെന്നു തോന്നുന്ന സ്പെല്ലിംഗുകളെഴുതി.ടീച്ച൪മാ൪ അത് തിരുത്താതെയായി.അങ്ങിനെ ഫാദ൪ എന്നത് ഇവിടത്തെ ഉച്ചാരണ രീതിക്കനുസരിച്ച് ഫാ..ദ്()ആയി.ഫാറ്റ് ഫാര്‍ ആയി .ഞങ്ങള്‍ സ്ഥിരം ഇവിടെ വിളിക്കുന്ന ഫ*൪ ആകാതിരുന്നത് ഭാഗ്യം.
ഡെട്രോയ്റ്റ്,നിങ്ങള്‍ കേട്ടുകാണും,ആട്ടൊമോബയില്‍ വ്യവസായത്തിന്റെ സിരാകേന്ദ്രമായ അവിടെ 80 ശതമാനം കുട്ടികള്‍ 12ക്ലാസ് എത്തുന്നതിനു മുമ്പ് പഠനമുപേക്ഷിച്ചുപോയി.അവര്‍ കുറഞ്ഞ കൂലിപ്പണിക്കാരായി.
അദ്ധ്യാപക൪ സ്കൂള്‍ ബഡ്ജറ്റ് തിന്നുന്ന ജീവികള്‍
പഠനം മോശമായപ്പോള്‍ പബ്ലിക് സ്കൂളുകള്‍ മോശമെന്ന് എല്ലാവരും ആവ൪ത്തിച്ചുകൊണ്ടിരുന്നു.ഭീമമായ ചിലവ്. സ്കൂള്‍ ഫണ്ടു മുഴുവനും അദ്ധ്യാപക൪ക്ക് ശമ്പളം കൊടുക്കുവാന്‍ മാത്രം.സ്കൂള്‍,ഗവണ്മേണ്ട് ഫണ്ട് തിന്നുവാനുള്ള ഒരു ബകനായി.ഗവണ്മെണ്ട് സ്കൂളുകളോട് ചിലവു ചുരുക്കുവാന്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു.ചിലവു കുറയ്ക്കുന്നതെങ്ങിനെ?കുട്ടികള്‍ ഇല്ല എന്ന കാരണത്താല്‍ ഡിവിഷനുകള്‍ വെട്ടിക്കുറച്ചു.അദ്ധ്യാപകരെ ലെ ഓഫ് ചെയ്തു.ചിലവു ചുരുക്കുവാന്‍ ഗവണ്മെണ്ട് കണ്ട ഏറ്റവും നല്ല വഴി സ്കൂളുകള്‍ തന്നെ ഇല്ലാതാക്കുക എന്നതായിരുന്നു.
സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസസ്ഥാപനങ്ങള്‍ സ്വകാര്യമുതലാളിമാ൪ നടത്തുന്ന ചാ൪ട്ട൪ സ്കൂളുകളാക്കി.വളരെ എളുപ്പം സ്കൂള്‍ കെട്ടിടങ്ങള്‍ ഗവണ്മെണ്ടിന്റെ ,സ്ഥലം ഗവണ്മെണ്ടിന്റെ,ഗ്രൌണ്ട്,മറ്റു സൌകര്യങ്ങളെല്ലാം ഗവണ്മെണ്ടിന്റെ.സ്വന്തമായി അദ്ധ്യാപകരെ നിയമിക്കാം.ഇഷ്ടപ്പെട്ട കുട്ടികളെ,മിടുക്കുള്ള കുട്ടികളെ,സെലക്റ്റ് ചെയ്യാം. ഇതു മാത്രമല്ല ഗവണ്മെണ്ട് സ്കൂളില്‍ പഠിച്ചിരുന്ന ഓരോ കുട്ടിക്കും എത്ര ഡോള൪ സ൪ക്കാ൪ ചിലവിട്ടിരുന്നുവോ ആ പൈസ ഈ ചാ൪ട്ട൪ സ്കൂളുകള്‍ക്ക് നല്കുവാന്‍ സുപ്രീം കോടതി വിധിയും സമ്പാദിച്ചു.ഇതിന്റെ ഫലമായി സ൪ക്കാ൪ സ്കൂളുകളില്‍ നിന്ന് കുട്ടികള്‍ ചാ൪ട്ട൪ സ്കൂളുകളിലേക്ക് ഒഴുകിത്തുടങ്ങി.പക്ഷേ അവിടേയും ദരിദ്രരായ ,കറുത്തവരായ,ഹിസ്പാനിക് വിഭാഗത്തില്‍ പെട്ട കുട്ടികള്‍ തഴയപ്പെട്ടു.കാരണം ടെസ്റ്റ് സ്കോറിന്റെ അടിസ്ഥാനത്തിലാണ് ഈ ചാ൪ട്ട൪ സ്കൂളുകള്‍ കുട്ടികളെ സ്വീകരിച്ചിരുന്നത്.
ഇപ്പോള്‍ അമേരിക്കയില്‍ കുട്ടികള്‍ മൂന്നു വിഭാഗമായിക്കഴിഞ്ഞു.അതിസമ്പന്ന സ്കൂളില്‍ പഠിക്കുന്നവ൪,മദ്ധ്യവ൪ഗ്ഗ അമേരിക്കക്കാരുടെ മക്കള്‍,ദരിദ്രരുടെ മക്കള്‍.സ്കൂളിപ്പോള്‍ ചക്കാത്തല്ല.സ്കൂള്‍ ഇപ്പോള്‍ ഏതൊരു ബിസിനസും പോലെ ലാഭാധിഷ്ടിതമായി.നോട്ട്നോണ്‍-പ്രോഫിറ്റ്.
ജൂലൈ 2011ല്‍ തുടങ്ങിയ വ൪ഷത്തില്‍ ഫണ്ട് വെട്ടിക്കുറച്ചതിന്റെ ഫലമായി10000 അദ്ധ്യാപകരെ ഒരു വിദ്യാഭ്യാസ സംസ്ഥാനത്തു നിന്നുതന്നെ പിരിച്ചുവിട്ടു.നൂറുകണക്കിനു സ്കൂളുകള്‍ അടച്ചുപൂട്ടി.2010 ല്‍ മാത്രം 151000സംസ്ഥാന പ്രാദേശിക വിദ്യാഭ്യാസ പ്രവ൪ത്തകരെ പിരിച്ചുവിട്ടു.2012 ല്‍ അത് 227000 ആയി പ്ലാനിട്ടിരിക്കുന്നു.അമേരിക്കയില്‍ ഒരിക്കല്‍ 10.3മില്യന്‍ സംസ്ഥാന പ്രാദേശിക വിദ്യാഭ്യാസ പ്രവ൪ത്തകരുണ്ടായിരുന്നു.കഴിഞ്ഞ രണ്ടു വ൪ഷമായി കാനഡയിലെ ഗ്ലോബ് ന്റ് മെയില്‍ അടക്കമുള്ള ഏതെങ്കിലും പത്രം വായിച്ചാല്‍ കിട്ടാവുന്ന വിവരങ്ങള്‍ മാത്രമാണ് ഞാനെഴുതിയത്.ഈ കണക്കുകളൊന്നും എന്റേതല്ല.
ഈ കുത്തക നയം ഏതൊരു രാജ്യത്തിന്റേയും അടിസ്ഥാന ജനാധിപത്യത്തെ തകര്‍ക്കുകയാണ്.ഓരോ പൌരനും സംസ്ഥാനം നല്കുന്ന മികവുറ്റതും സൌജന്യവുമായ വിദ്യാഭ്യാസത്തിനവകാശമുണ്ട്.പൊതുവിദ്യാഭ്യാസമായിരുന്നു എവിടേയും ജനാധിപത്യത്തിന്റെ അടിത്തറ.സാ൪വ്വത്രിക മായ വിദ്യാഭ്യാസം,ക്വാളിറ്റി എഡ്യൂക്കേഷന്,നല്ല പരിശീലനം കിട്ടിയ അദ്ധ്യാപക൪ നല്കുന്ന വിദ്യാഭ്യാസം കറുത്തവനും വെളുത്തവനും സവ൪ണ്ണനും ഹരിജനത്തിനുംഒരേ പോലെ കിട്ടുന്ന നല്ല വിദ്യാഭ്യാസം.ഇതാണ് എല്ലാവരും സ്വപ്നം കണ്ടത്.ഇതാണ് ഈ സ൪ക്കാരുകള്‍ കുത്തകമുതലാളിമാ൪ക്കു വേണ്ടി തക൪ത്തത്.
ബുഷിന്റെNo Child Left Behind (NCLB) നയം
പെട്ടെന്നൊരു ദിവസം കൊണ്ട് പബ്ലിക് സ്കൂളൊഴിച്ചെടുത്തതല്ല.പല ഘട്ടങ്ങളായാണ് ആഗോള മുതലാളിത്വത്തിന്റെ രാക്ഷ്ട്രീയക്കാ൪ ഇത് ചെയ്തത്.സ്കൂള്‍ ശമ്പളം തിന്നുന്ന സ്ഥാപനം,പഠനനിലവാരം കുറവ് എന്ന മുറവിളി ഉയ൪ത്തി2001 ല്‍ ജോ൪ജ്ജ് ഡബ്ല്യു ബുഷ് No Child Left Behind എന്ന നിയമം പാസ്സാക്കി.അതാണ് പുതിയ വിദ്യാഭ്യാസ നയത്തിന്റെ പുതിയ മോഡല്‍.ഇതനുസരിച്ച് അദ്ധ്യാപക൪ക്ക് നിലവാരം മെച്ചപ്പെടുത്തുവാന്‍ നാലുകൊല്ലത്തെ കാലാവധി കൊടുത്തു.ഓരോ കുട്ടിയുടേയും സ്കോ൪ മെച്ചപ്പെടുത്തണം.ഓരോ കൊല്ലവും ടാ൪ഗറ്റുകള്‍ നിശ്ചയിച്ചു.അദ്ധ്യാപക൪ തലങ്ങും വിലങ്ങുമോടി.75 രാജ്യങ്ങളില്‍ നിന്നുള്ള വീട്ടില്‍ 57ഭാഷ സംസാരിക്കുന്ന കുടിയേറ്റക്കാരുടേയും അഭയാ൪ത്ഥികളുടേയും മക്കളാണ് ക്ലാസില്‍ കൂടുതലും.വ്യത്യസ്ഥമായ രീതിയിലാണ് ഓരോ കുട്ടിയും കാര്യങ്ങള്‍ മനസ്സിലാക്കുന്നത്.കുട്ടികളുടെ പല വീട്ടിലും അച്ഛനുണ്ടാകില്ല.അല്ലെങ്കില്‍ അമ്മയുണ്ടാകില്ല.മരിച്ചുപോയതുകൊണ്ടല്ല,സിംഗിള്‍ പേരന്റിന്റെ മക്കളായതുകൊണ്ടാണ്.ഇവരെല്ലാവരുമടങ്ങിയ ക്ലാസ് മുറികളില്‍ ഓരോ കുട്ടിക്കും എങ്ങിനെയാണ് ഒരേ സ്കോ൪ വാങ്ങിക്കൊടുക്കുവാന്‍ ടീച്ചറിനു കഴിയുക?
ഒന്നാം വ൪ഷം സ്കോ൪ എത്താത്ത സ്കൂളിലെ അദ്ധ്യാപകരെ താക്കീത് ചെയ്തു.രണ്ടാം കൊല്ലം ആ കുറവു നികത്താത്തവരെ പിരിച്ചുവിട്ടു.പലരും ജോലി ഉപേക്ഷിച്ചു കാപ്പികടകളില്‍ ജോലി ചെയ്തു.ഈ നിയമത്തിന്റെ ഭാഗമായി ഒരു വന്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് സ്കൂളിലെ ടെസ്റ്റുകള്‍ നടത്തുവാനുള്ള കരാ൪ കൊടുത്തു.ഒറ്റ വ൪ഷത്തില്‍ 4ബില്യണ്(4000 million) ഡോളറിന്റെ ബിസിനസ് അവ൪ നടത്തി.പല ക്ലാസുകളിലുമുണ്ട് ടെസ്റ്റ്.ഈ ഏജന്‍സിയുടെ ടെസ്റ്റ് വിജയിക്കാതെ അഞ്ചുവയസ്സുള്ള കുട്ടിക്ക് കിന്റ൪ ഗാ൪ട്ടനില്‍ പോലും അഡ്മിഷന്‍ കിട്ടാതെയായി.അവന്‍ നിറം തിരിച്ചറിയണം.രൂപമറിയണം.ആല്‍ഫബറ്റുകള്‍ അറിയണം. മാനേസ് അറിയണം.എലമെന്ററി,മിഡില്‍ സ്കൂള്‍ ,ജൂനിയ൪ഹൈ, ഹൈസ്കൂള്‍ ഇവിടെയൊക്കെ ഈ ഏജന്‍സി നടത്തുന്ന ടെസ്റ്റുകള്‍ വന്നു.ഒരിക്കല്‍ ഈ സ്കൂളുകളിലൊക്കെ അദ്ധ്യാപക൪ നടത്തിക്കൊണ്ടിരുന്ന ടെസ്റ്റുകള്‍ ഉണ്ടായിരുന്നു.അത് ഈ“വിദഗ്ദ്ധന്മാ൪” നി൪ത്തലാക്കി.പിന്നീട് സോഷ്യല്‍ പ്രമോഷന്‍ എന്ന പേരില്‍ ഒന്നാം ക്ലാസ് മുതല്‍ എല്ലാം കുട്ടികള്‍ക്കും ഗ്രേഡ് പ്രമോഷന്‍ നല്കി.ഇങ്ങിനെ ആള്‍ പ്രൊമോഷന്‍ കൊടുത്ത് കുട്ടികളുടെ പഠനനിലവാരം തക൪ത്തതിനു ശേഷമാണ് ഇപ്പോള്‍ ഈ സ്കോ൪ ടെസ്റ്റുകള്‍ വച്ചിരിക്കുന്നത്.
ഇതിനു ശേഷം എല്ലാ സ്കൂളുകളുടേയും അദ്ധ്യാപകരുടേയും ഗതി വിഷയം പഠിപ്പിക്കല്‍ എന്നതില്‍ നിന്നു ടെസ്റ്റിംഗിന് കുട്ടികളെ പരിശീലിപ്പിക്കുക എന്നതായി.അത് മാത്രമായി സ്കൂളില്‍ നടക്കുന്ന ജോലി. ,ബി,സി,ഡി.ഇതിലേത് ശരി? പഠനം നിലച്ചു.എല്ലാ കുട്ടികളും മള്‍ട്ടിപ്പ്ള്‍ ചോയ്സ് ഉത്തരങ്ങള്‍ എഴുതുന്ന,അതിനു വേണ്ടി കമ്പനികള്‍ ഇറക്കുന്ന ബുക്കുകള്‍ പരിശീലിക്കുന്ന കുട്ടികളായി.പഠനമെന്നാല്‍ ഓബ്ജക്റ്റീവ് പരീക്ഷക്കുള്ള പരിശീലനമായി.എവിടേയും.ജീവിതമെന്നാല്‍ പല ഉത്തരങ്ങളില്‍ നിന്ന് ഒന്ന് തിരഞ്ഞെടുക്കല്‍.നിങ്ങള്‍ ചോദിക്കരുത്,വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമിതാണോ എന്ന്.നിങ്ങള്‍ ചോദിക്കരുത്,സമൂഹത്തിലെ ഒന്നാന്തരം പൌരനാകേണ്ട കുട്ടി ടെക്‍ സേവിയാകേണ്ടവനാണൊയെന്ന്.ചോദിക്കരുത്,കമ്പോളത്തിനു സ്വീകരിക്കുവാനും വലിച്ചെറിയുവാനും കുട്ടികളെ പരുവപ്പെടുത്തലാണോ വിദ്യാഭ്യാസമെന്ന്...ഓടുക.നാടോടുകയാണ്.
''എല്ലാം അമേരിക്കയില്‍ ശാസ്ത്രീയമായി തെളിയിച്ചതാണ്.അമേരിക്കക്ക് തെറ്റില്ല.''
(തുടരാം)

14അഭിപ്രായ(ങ്ങള്‍): Rajan C Mathewsaid...

അസിസ് സാര്‍ വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ് ഇവിടെ എഴുതിയിരിക്കുന്നത്. എന്തിനും ഏതിനും അമേരിക്കയെ മാതൃക ആക്കി മുമ്പോട്ട്‌ പോകുകയും പരസ്യമായി അമേരിക്കയെ തെറി വിളിക്കുകയും ചെയ്യുന്ന ഒരു രീതിയാണ് കുറെ കാലങ്ങളായി നമ്മുടെ എല്ലാ രാഷ്ട്രീയക്കാരും ചെയ്തു പോരുന്നത്. ഒരുകാലത്ത് അമേരിക്ക ലോകത്തിന്‍റെ ഒരു മാതൃകാ രാജ്യമായിരുന്നു. അത് പഴയ കാലം. അന്ന് വിദ്യാഭ്യാസ രംഗം അവര്‍ മുതലാളിത്ത വ്യവസ്ഥിതിയില്‍ നിന്നും കുറെയൊക്കെ വേര്‍പെടുത്തി സാമൂഹ്യ വ്യവസ്ഥിതിയുടെ ഭാഗമായി നില നിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എന്നാല്‍ വിദ്യാഭ്യാസം ചെലവ് കുറഞ്ഞതും അങ്ങേയറ്റം ലാഭകരവും ആണെന്ന് മനസ്സിലാക്കിയ ചില പണക്കൊതിയന്മാര്‍ ആ വ്യവസ്ഥിതി ആകമാനം തകിടം മറിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ. അമേരിക്കയില്‍ ആദ്യം. അമേരിക്കയെ അനുകരിക്കുന്ന ഇന്ത്യയും അതു കണ്ണടച്ചു നടപ്പാക്കി. വരും കാലങ്ങളില്‍ അമേരിക്കയും അതിനോടൊപ്പം ശിങ്കിടി ഇന്ത്യയും സാമൂഹ്യ സമ്പത്ത്‌ വ്യവസ്ഥിതിയുടെ പരാജയത്തില്‍ കൂപ്പു കുത്തുന്നത് നോക്കി നില്‍ക്കാനേ ഇവിടങ്ങളിലെ സാധാരണ പൌരന്‍മാര്‍ക്ക് കഴിഞ്ഞെന്നു വരൂ. ഇതിനൊരു തടയിടാന്‍ നമുക്ക് കഴിയുമോ ?
Azeez .said...
ലേഖനം പോസ്റ്റുചെയ്തിട്ടുണ്ടെന്നു സൂചിപ്പിച്ചതിന് ഫ൪ഹാനയോട് നന്ദി.കുറെ നാളുകളായി ഓഫ് ആയിരുന്നു.എല്ലാത്തിനോടും വല്ലാത്ത മടുപ്പ്.

രാജന്‍ മാത്യു സാറിന്‍റെ അഭിപ്രായം വായിച്ചതിനു ശേഷം സാറിന്‍റെ പ്രൊഫൈല്‍ രണ്ടുവട്ടം വായിച്ചു.സാറിനെപ്പോലുള്ള ഗ്രേറ്റ് പ്രൊഫഷണലുകളും ജീവിതത്തെ വ്യത്യസ്ഥമായി സമീപിക്കുന്നവരും പ്രകൃതിയിലെ സകല ചരാചരങ്ങളിലും അത്യുന്ന‌തനായ ദൈവത്തിന്‍റെ അനന്തമായ ജ്ഞാനവും സ്നേഹവും ദ൪ശിക്കുന്നവരും വിദ്യാരംഗത്തിന്‍റെ വായനക്കാരായുണ്ടെന്നതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു. കമന്‍റിന് നന്ദി സ൪.

ഒട്ടും മേമ്പൊടി ചേ൪ക്കാതെ തട്ടകത്തില്‍ നിന്നുതന്നെ, നിരീക്ഷണത്തിന്‍റേയും അനുഭവത്തിന്‍റേയും വായനയുടേയും ബലത്തില്‍ എഴുതിയ ചില കാര്യങ്ങള്‍ മാത്രമാണിത്.മറ്റു ചില൪ ഈ വിഷയം മറ്റു രീതിയില്‍ കാണുന്നുണ്ടാവാം. സ൪ക്കാ൪ പള്ളിക്കൂടത്തില്‍ നിന്നും ഉച്ചക്കഞ്ഞി വാങ്ങിക്കുടിച്ച് പഠിച്ചുവള൪ന്നവനായ ഞാന്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തകരുന്നത് കാണുമ്പോള്‍ വളരെ വേദനിക്കുന്നു.അത് പങ്കുവയ്ക്കുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്.

വികസനത്തിന്‍റെ കൊടിനാട്ടിവച്ച് നമ്മുടെ രാജ്യത്തിന്‍റെ പച്ചക്കുടല്‍ പറിച്ചുതിന്നുന്ന രാഷ്ട്രീയ നരഭോജികളുടെ ഇടയില്‍ പാവപ്പെട്ട നമ്മുടെയൊക്കെ വ്യാകുലതകള്‍ക്കും കണ്ണുനീരിനും എന്തുവില സ൪!എന്തു പരിഹാരം!
Jose Philipsaid...

പ്രിയപ്പെട്ട അസീസ് സാര്‍,
അങ്ങയുടെ ലേഖനം വായിച്ചു.
അറിയാതെ, കഴിഞ്ഞ പത്തുപന്ത്രണ്ടു വര്‍ഷത്തെ സ്ക്കൂള്‍മുറ്റത്ത് മനസ്സ് വെറുതെ ചുറ്റിനടന്നു.
മണ്ടന്‍ ടെസ്റ്റ് ….
ഡി.പി. ഇ. പി. …
പ്രശ്നാധിഷ്ഠിത ബോധന രീതി...
വിമര്‍ശനാത്മക പഠനം......
ഗ്രേഡിംഗ്....
ആശയങ്ങളില്‍ നിന്ന് അക്ഷരങ്ങളിലേക്ക്...
അക്ഷരങ്ങളും അക്കങ്ങളുമില്ലാത്ത ബാലപാഠങ്ങള്‍...
പടുമുള നാമ്പി ഇലവീശുംമുമ്പേ, ഒടുങ്ങിയമര്‍ന്ന പരിഷ്ക്കാരങ്ങള്‍.. പരീക്ഷണങ്ങള്‍ …
വാളെടുത്തവരെല്ലാം വെളിച്ചപ്പാടുകളായി മാറുന്ന ഭരണമാറ്റങ്ങള്‍...
സ്വന്തം നിഗമനങ്ങള്‍ ലോകോത്തരങ്ങളെന്ന് ഓരോ പരിഷ്ക്കര്‍ത്താവും പ്രഖ്യാപിക്കുന്ന പൊറാട്ടുനാടകങ്ങള്‍..
തൊണ്ട തൊടാതെ അതാവര്‍ത്തിക്കുന്ന അനുയായികള്‍.
കണ്ടെത്തലുകള്‍ കുറ്റമറ്റതാക്കാന്‍ എളുപ്പവഴി... കുറ്റം അററത്താക്കുക.!
അറ്റത്താരാ ….!
പാവം അദ്ധ്യാപകന്‍ …..എപ്പൊഴും പ്രതിക്കൂട്ടില്‍......
ഭരണകൂടത്തിന്റെയും സമൂഹത്തിന്റെയും രക്ഷിതാക്കളുടെയും കൈകള്‍ കഴുകാനെന്തെളുപ്പം.....
അവര്‍ കാണാന്‍ മടിക്കുന്നതും എന്നാല്‍ കൊണ്ടറിഞ്ഞുകൊണ്ടേയിരിക്കുന്നതുമായ എത്രയെത്ര കാഴ്ചകള്‍...
അറിയേണ്ടതു മാത്രമറിയാതെ, അറിയരുതാത്തതും ചെയ്യരുതാത്തതും മാത്രം നെഞ്ചിലേറ്റി വളരുന്ന കുരുന്നുകളെ ആരു കാണാന്‍... വാര്‍ത്തകളൊരിക്കലും നമ്മളെക്കുറിച്ചല്ലല്ലോ...? ഭാഗ്യം..!
കുഞ്ഞുപിണക്കം പോലും പൊറുക്കാനാവാതെ, ചങ്ങാതിയുടെ കഴുത്തില്‍ കൂര്‍ത്ത കുപ്പിച്ചില്ല് പകയോടെ കുത്തിയിറക്കുന്ന ഇളംകൈകള്‍.....
മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ബലത്തില്‍ സ്ക്കൂള്‍ മുറ്റം വിറപ്പിക്കുന്ന പുതിയ തലമുറ.... അവരെ കാത്തുസംരക്ഷിക്കുന്ന ഭരണനേതൃത്വങ്ങള്‍...
സി.ഡികളും, കുഞ്ഞുപൊട്ടിനോളം പോന്ന മെമ്മറി കാര്‍ഡുകളും, മൊട്ടുസൂചിയുടെ മൊട്ടിനോളം പോന്ന ക്യാമറകളും അരങ്ങുനിറഞ്ഞാടുന്ന ക്ലാസ് മുറികള്‍....
തലയില്‍ രണ്ടു കൈകളും താങ്ങി പൊട്ടിക്കരയുന്ന ഒരമ്മയുടെ മുഖം കണ്ടത് കഴിഞ്ഞയാഴ്ച.
എട്ടാം ക്ലാസുകാരനായ മകന്‍ വീട്ടിലുള്ളതു കൊണ്ട് അമ്മയ്ക്കു് കുളിക്കാനും വസ്ത്രം മാറാനും വയ്യത്രേ....!
പകയുടെയും രതിവൈകൃതങ്ങളുടെയും മയക്കുമരുന്നുകളുടെയും സംഭരണവിതരണകേന്ദ്രങ്ങളാണ് ഇന്ന് കേരളത്തിലെ പള്ളിക്കൂടങ്ങള്‍.... ഒരു വലിയ സമത്വം ഇക്കാര്യത്തിലുണ്ട്. എന്താണെന്നല്ലേ?
സി. ബി. എസ്. സി എന്നോ,ഐ. സി. എസ്. സി. എന്നോ സംസ്ഥാന സിലബസ് എന്നോ യാതൊരു വേര്‍തിരിവും ഇക്കാര്യത്തിലില്ല.
കണ്ടുമുട്ടിയ എല്ലാ അദ്ധ്യാപകരും കുറ്റം അറ്റത്താക്കപ്പെട്ടവരാണ് ! തുല്യദുഃഖിതരുമാണ്.!
ശമ്പളസ്ക്കെയിലില്‍ മാത്രമേ വ്യത്യാസമുള്ളൂ.!
പ്രിയപ്പെട്ട അസീസ് സാറേ,
അങ്ങയുടെ ലേഖനം വായിച്ചപ്പോള്‍ വെറുതെ.... വെറുതെ … ആലോചിച്ചുപോയതാണ്.
ഒരുകാര്യം ഉറപ്പിച്ചു പറയാന്‍ കഴിയും. അമേരിക്കയെ തോല്പിക്കാന്‍ ഞങ്ങള്‍ക്ക് അധികകാലം വേണ്ട.
കോര്‍പ്പറേറ്റുകളുടെ സ്വപ്നങ്ങളേക്കാള്‍ …. അല്ല ... ദൈവകണങ്ങളേക്കാള്‍ വേഗത്തിലാണ് ദൈവത്തിന്റെ സ്വന്തം നാട്ടിലെ പുതുതലമുറയുടെ വളര്‍ച്ച. തീര്‍ച്ചയായും, ഒന്നോ രണ്ടോ പഞ്ചവത്സരപദ്ധതികള്‍ക്കുള്ളില്‍ നമ്മുടെ പൊതു വിദ്യാഭ്യാസമേഖല ചരിത്രത്തിന്റെ ഏടുകളില്‍ ഒതുങ്ങും. ഇവിടെ പരിഷ്ക്കാരങ്ങളും അതിന്റെ പരിശീലനങ്ങളും വരുന്നതും പോകുന്നതും സൂപ്പര്‍ സോണിക്കിനേക്കാള്‍ വേഗത്തിലാണ്. പഠനരീതികള്‍ മാറിയ കാര്യം അദ്ധ്യാപകരും കുട്ടികളുമറിയുന്നത് പരീക്ഷാഹാളില്‍ വച്ച് ചോദ്യപേപ്പര്‍ കാണുമ്പോഴാണ്. കാര്യം ശരി, സൂപ്പര്‍ പവറാണെങ്കിലും കേരളത്തെ തോല്പിക്കാനുള്ള പവര്‍ ഒബാമയുടെ അമേരിക്കയ്ക്കുണ്ടോ ?
എങ്കിലും,
കോര്‍പ്പറേറ്റുകളുടെ പിണിയാളുകളായ - രാജ്യദ്രോഹികളായ ഭരണാധികാരികളുടെ വലക്കണ്ണികളറുക്കാന്‍
കരളുറപ്പുള്ള ഗാന്ധിജിയെ സ്വപ്നം കാണുകയാണ് ദൈവത്തിന്റെ സ്വന്തം നാട്ടിലെ പാവം അദ്ധ്യാപകര്‍.....
വെറുതേ..... ജോസ് ഫിലിപ്പ്. എം.
shamla said...
ഇപ്പോഴാണ് അസീസിക്കയുടെ ലേഖനം വായിക്കാന്‍ കഴിഞ്ഞത്. വളരെ അത്ഭുതത്തോടെയാണ്‌ വായിച്ചു തീര്‍ത്തത്. തുടക്കത്തില്‍ സൂചിപ്പിച്ചത് പോലെ അമേരിക്കന്‍ നയങ്ങള്‍ പിന്തുടരുന്ന നമ്മുടെ ഭാവിയും പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ടല്ലോ. അമിതമായ സാങ്കേതിക വിദ്യകളുടെ ഉപയോഗം സൃഷ്ടിക്കുന്ന തലമുറ എത്രത്തോളം അരാജകത്വം നിറഞ്ഞതാവും. ക്ലാസ്മുറികളില്‍ നിന്ന് കിട്ടുന്ന മൂല്യങ്ങള്‍ക്ക്
പകരം വയ്ക്കാന്‍ ഇവയ്ക്ക് ആവില്ലല്ലോ. അമേരിക്കയിലെ ഹോം സ്കൂളുകളെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും കൃത്യമായി അറിയില്ലായിരുന്നു.പ്രൌടവും വിജ്ഞാനപ്രതവുമായ ലേഖനത്തിലൂടെ ഇത്തരം ഒരു ഉള്‍കാഴ്ച പകര്‍ന്നതിനു നന്ദി .
Azeez .said...
ടീച്ചേസ് ജോസ് ഫിലിപ്പ്,ഷംല, അനോണിമസ്,ലേഖനം വായിച്ചതിനും കമന്‍റ് പോസ്റ്റ് ചെയ്തതിനും നന്ദി.

അകത്തുള്ളാള്‍ എന്ന നിലയ്ക്ക് ഇത്ര ആത്മാ൪ത്ഥതയോടെ ഒരു അഭിപ്രായം എഴുതിയതിന് ജോസ് സാറിന് പ്രത്യേക നന്ദി.നാട്ടിലെ രീതി ജോസ് സാറ് എഴുതിയപ്പോഴാണ് കൂടുതല്‍ മനസ്സിലായത്.നാടും വിദേശവുമൊക്കെ ഒന്നായി മാറുവാന്‍ അധികം സമയം വേണ്ടിവരില്ല എന്നാണ് ഷംല ടീച്ചറും എഴുതുന്നത്.

നാം അതിന് വിധേയരാകണമോ, നമ്മുടെ മക്കളെ പിടിച്ചുകൊടുക്കണമോ എന്നൊക്കെ ചിന്തിക്കേണ്ടത് നാം തന്നെയാണ്. പ്രതിരോധം നിലക്കുന്നിടത്ത് കടന്നുകയറ്റം എളുപ്പമാകുന്നു.മക്കള്‍ നഷ്ടപ്പെട്ടാല്‍ ബാക്കി നമുക്കെന്താണുള്ളത്?

ഈ പോസ്റ്റ് വായിച്ച എല്ലാവരോടും പ്രത്യേകമായി നന്ദി പറയുന്നു.

വിദ്യാരംഗം പോലെ അനോണിമസ് മാഷ് ഏതെങ്കിലും അക്ഷരപ്രവ൪ത്തനം നടത്തുന്നുണ്ടെങ്കില്‍ ഇനി മുതല്‍ ഞാന്‍ ഡോള൪ അനോണിമസ് മാഷിന് അയച്ചുതരാം .അതുവഴി നമുക്ക് വിദ്യാരംഗത്തെ ഒഴിവാക്കാമല്ലോ. ദയവായി അറിയിക്കുക.
azeezka,

prasakthamaya oru lekhanamanu..........karyangal manassilakanayi.

ramla.
DHANARAJ.Tsaid...
പ്രിയ അസീസ് സാര്‍]], നന്ദി വളരെ നന്ദി. വിദ്യഭ്യാസ രംഗത്ത് കുത്ത്കകളുടേ കടന്ന്‍ കയറ്റം സ്രിഷ്ട്ടിക്കുന്ന വിപത്തുകള്‍, അമേരിക്കയെ മുന്‍ നിര്‍ത്തി അവതരിപ്പിച്ചത് വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന അര്‍പ്പണബോധമുള്ള അധ്യാപകര്‍ക്കും, മക്കള്‍ക്ക് ഗുണമെന്മയുളള വിദ്യാഭ്യാസം ലഭിക്കണമെന്നാഗ്രഹിക്കുന്ന രക്ഷിതാക്കള്‍ക്കും ഗൌരവമായി ചിന്തിക്കാനുള്ള വിഷയമായി. ആധുനിക സൊഫ്ട്ട് വെയര്‍ ഉപയോഗിച്ച് കുട്ടികളെ വീട്ടില്‍ തന്നെയിരുത്തി അഭ്യസിപ്പിക്കുന്ന സംവിധാനത്തിലൂടെ സ്കൂളുകളും,അധ്യാപകരും അന്ന്യം നിന്നു പൊകുന്ന അവസ്ത സൂചിപ്പിച്ചപ്പോള്‍ ഈയുള്ളവനു തോന്നിയ ചില സംശയങള്‍ ഉന്നയിച്ചോട്ടേ.ലോകമൊട്ടാകെ നടക്കുന്ന വിദ്യാഭ്യാസ സംബ്രദായങളെക്കുറിച്ച് ഒട്ടുമേ അരിയാത്തവരോ അറിയാനുള്ള സംവിധാനമോ ഇല്ലാത്ത രാജ്യമാണോ അമേരിക്ക? സ്വന്തം മക്കളുടെ വിദ്യാഭ്യാസ കാര്യത്തിലും,കുത്തകക്കാരുടെ കടന്നു വരവിലും അവര്‍ക്കില്ലാത്ത ആശങ്ക. ബരാക് ഒബാമ ഇന്ത്യന്‍ വിദ്യാഭ്യാസ സംബ്രദായത്തേയും ചൈനീസ് വിദ്യാഭ്യാസ സംബ്രദായത്തേയും ഗൌരവമായി സ്വീകരിക്കപ്പെടേണ്ടതുണ്ട് എന്ന് അഭിപ്രായപ്പെട്ടതിന്റെ അടിസ്താനമെന്ത്. ഇനി നമുക്കു നമ്മുടെ കൊച്ചു കേരള്ത്തിലേയ്ക് വരാം.ഇവിടത്തെ സ്കൂളുകളും,അധ്യാപക വര്‍ഗ്ഗവും അന്ന്യം നിന്നു കൊണ്ടിരിക്കുകയാണലോ ! ആരാണ് ഇതിന് ഉത്തരവാദി? നമ്മുടെ അധ്യാപകവര്‍ഗ്ഗം തന്നെയലേ? സ്വന്തം മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാന്‍ ,അസീസ് സാര്‍ പറയുന്ന മുതലളിത്ത സ്കൂളില്‍ കൊണ്ടാക്കിയിട്ട് സ്വന്തം സ്കൂളിലെത്തി അവിടെയുള്ള കുട്ടികള്‍ക്ക് “ഗുണമേന്മാ” വിദ്യാഭ്യാസം നല്കാന്‍ പെടാപാടുപെടുംബോള്‍ രെക്ഷിതാവും തിരിച്ചറിയുന്നുണ്ട് മുതലാളിത്ത സ്കൂളിന്റെ മഹത്വം. എന്ത് ചെയ്താലും ചെയ്തില്ലെങ്കിലും ജോലിയില്‍ കയറിക്കഴിഞാല്‍ താന്‍ സുരക്ഷിതയായി ഇനി എന്നെ സംഘ്ടനകള്‍ സംരക്ഷിച്ച് കൊള്ളും എന്ന ചിന്താഗതിയ്ക് അടിമപ്പെട്ട അധ്യാപക വര്‍ഗ്ഗത്തില്‍ നിന്ന് എന്ത് ഗുണമേന്മയണ് പൊതുസമൂഹം പ്രതീക്ക്ഷിക്കേണ്ട്ത്. അമേരിക്കയില്‍ കുട്ടികളുടെ ഗുണമേന്മ പരിശോധിച്ച് അധ്യാപകരെ വിലയിരുത്താന്‍ തീരുമാനിച്ചപ്പ്പ്പോള്‍ അവര്‍ നെട്ടോട്ടമായി. ശക്തമല്ലാത്ത കുടുംബബന്ഡങ്ങള്‍ നിലനില്‍ക്കുന്ന വീടുകളില്‍ നിന്നും വരുന്ന കുട്ടികളുടെ ഗുണമേന്മാ പരിശോധന അധ്യാപകര്‍ക്ക് എതിരാവുകയേയുള്ളൂ. ശക്തമായ കുടുംബബന്ഡങ്ങളുള്ള കേരളത്തിലെ കുട്ടികള്‍ക്ക് ഗുണമേന്മാ പരിശോധന നമുക്ക് ചെയ്തൂ നോക്കാവുന്ന്താണല്ലോ. എത്ര അധ്യാപകര്‍ ഇതിനെ അംഗീകരിക്കും. അസീസ് സര്‍ , കേരളത്തിലെ പൊതുവിദ്യാലയങ്ങളും,അധ്യാപകരും അന്യം നിന്നു പോകുന്നെങ്കില്‍ അതിന് ആദ്യത്തെ ഉത്തരവദികള്‍ അധ്യപകര്‍ തന്നെയാണ് എന്ന് ഞാന്‍ പറയും. അമേരിക്കയില്‍ പുതിയ സൊഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നു എന്നു പറയുബോള്‍ കേരളത്തിലെ 80 ശതമാനം പ്രൈമറി അധ്യാപകരും കബ്യൂട്ടറിനറെ കാര്യത്തില്‍ നിരക്ഷരരാണ് എന്ന് അസീസ് സാറിന് അറിയുമോ? മുതലാളിത്തത്തിന് ഏറെ ദോഷവശങ്ങളുണ്ടെങ്കിലും ചില നല്ല വശങ്ങളുമുണ്ട്. അതിലൊന്ന് അദ്ധ്വാനമാണ്. ഓരോ തൊഴിലിനറേയും മികവിന്റെ അടിസ്താനം അര്‍പ്പണബോധത്തോടെയുള്ള അധ്വാനമാണ്.കേരളീയനും,അധ്യാപകര്‍ക്കും ഇത് എത്രത്തോളം ദഹിക്കുമെന്നറിയില്ല.കാരണം അലസതയും, ജീവിതശൈലീരോഗങ്ങളുമാണ് അവന്റെ കൈമുതല്‍ . അര്‍പ്പണബോധവും,അധ്വാനശ്ശീലവുമുള്ള അധ്യാപക വര്‍ഗ്ഗം ഉണ്ടെങ്കില്‍ ഒരു കുത്തകഭീമനും കടന്നുവരാനാകില്ല. അതിനുള്ള അധ്യാപക കൂട്ടായ്മയാണ് ഉണ്ടാകേണ്ടത്. അസീസ് സാര്‍ ചര്‍ച്ച തുടരണമെന്ന് ആഗ്രഹിക്കുന്നു.
October 26, 2012
Azeez .said...
നന്ദി റംല ടീച്ച൪.ടീച്ചറിന്‍റെ ബ്ലോഗില്‍ പണ്ട് ഞാന്‍ കയറിയിട്ടുണ്ട്.ഇപ്പോള്‍ പുതിയ കുറെ കവിതകളുമായി അത് കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം.സമയം പോലെ വായിക്കുന്നുണ്ട്.‌


പ്രിയപ്പെട്ട ധനരാജ് സര്‍,വളരെ ആത്മാ൪ത്ഥമായ കമന്‍റിന് നന്ദി.സാ൪ ഉന്നയിച്ചിട്ടുള്ള പല ചോദ്യങ്ങള്‍ക്കും മറുപടി എഴുതുവാന്‍ കഴിവുള്ള ഒരാളല്ല ഞാന്‍.അതുകൊണ്ട് ഇത് ഒരു മറുപടിയായി കാണേണ്ടതില്ല, ഒരു അഭിപ്രായം മാത്രമായി കാണുക. ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായത്തെ ഒരു മോഡലായി എടുക്കണമെന്ന് ആഗ്രഹിക്കുന്നവ൪ ഇവിടുത്തെ രക്ഷിതാക്കളാണ്. കാരണം സ്കൂള്‍‍- യൂണിവേഴ്സിറ്റികളില്‍ ‍ ഏറ്റവും നല്ല പെ൪ഫോമന്‍സ് ഇന്ത്യക്കാരുടെ കുട്ടികള്‍ക്കാണ്.ഒന്നാം തലമുറ, അല്ലെങ്കില്‍ ഒരു രണ്ടാം തലമുറ വരെ.

ഒരുപാട് പരിഷ്കാരങ്ങള്‍ ഇവിടെ കൊണ്ടുവന്നു. .പഠനം തകൃതിയാണ്.പ്രോജക്റ്റുകള്‍, വെട്ടിയൊട്ടിപ്പ്,കളറിംഗ്, വിവരശേഖരണം, ഇന്‍റ്൪നെറ്റ് കോപ്പി-പേസ്റ്റ്, ഗാഡ്ജറ്റ്കള്‍... എല്ലാം ഉണ്ടായിരുന്നുവല്ലോ ഒടുവില്‍ പഠനം കഴിഞ്ഞിറങ്ങുമ്പോള്‍ ഒരു കുട്ടി അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങളൊന്നും കുട്ടിക്ക് കിട്ടുന്നില്ല. അങ്ങിനെയാണ് അടിസ്ഥാന വിദ്യാഭ്യാസം പഠിപ്പിക്കുന്ന ബാക്ക് ടു ബേസിക്സ് തിരിച്ചുകൊണ്ടുവരുവാന്‍ നി൪ദ്ദേശമുണ്ടായത്..എന്തിനാണ് അമേരിക്കക്കാ൪ ഇത് ചെയ്തത്. കാരണം സ്കൂളിങ്ങിലൂടെ ഒരു കുട്ടിക്ക് കിട്ടേണ്ട കാര്യം കുട്ടിക്ക് കിട്ടുന്നില്ല എന്നതു തന്നെ.അതുകൊണ്ടാണ് ഇവിടെ പാതിയിലേറെ കുട്ടികള്‍ സ്കൂള്‍ അവസാനിക്കുന്നതിനു മുമ്പ് പഠനം നി൪ത്തി പോകുന്നത്.സ്കൂള്‍ സംബന്ധമായ നൂറു നൂറു സാമൂഹ്യപ്രശ്നങ്ങള്‍ വേറേയും.


സാറിന് പരിചയമുള്ള ആരെങ്കിലും അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നുമൊക്കെ നാട്ടിലെത്തിയാല്‍ സാ൪ അവരോട് അവരുടെ കുട്ടികളുടെ വിദ്യാഭ്യാസം എങ്ങിനെ യെന്ന് ചോദിക്കുക. ആദ്യം അവ൪ വളരെ നല്ല രീതിയില്‍ സംസാരിക്കും. നമ്മെ പല വാക്കുകളും ഉപയോഗിച്ച് അന്ധാളിപ്പിച്ചുകളയും.ഭാരതത്തില്‍ ജനിച്ചുപോയതിന് നമ്മള്‍ സ്വയം ശപിച്ചുപോകും.പക്ഷെ ഒരു രണ്ടാം സംഭാഷണത്തില്‍ ,ഭാര്യയുടെ അസാന്നിദ്ധ്യത്തില്‍, കുട്ടിയുടെ അച്ഛന്‍ കാര്യം തുറന്നുപറയും: "പോര.നമ്മുടെ ആ പഴയ പഠനം തന്നെയാണ് വളരെ നല്ലത്.അത് പഠിച്ചുകഴിഞ്ഞാല് ഏതും നമുക്ക് പഠിച്ചെടുക്കാം."

നമ്മുടെ കുട്ടികള്‍ക്ക് കമ്പ്യൂട്ടറില്‍ അഭ്യാസം കാണിക്കുവാന്‍ നേഴ്സറി ക്ലാസ് മുതല്‍ അറിയില്ലെങ്കിലും പിന്നീട് അടിത്തറ ഭദ്രമായ നമ്മുടെ മക്കള്‍ക്ക് ഏതു കാര്യവും ചെയ്യുവാന്‍ കഴിവുണ്ടാകും.ഏതിലും മിടുക്കന്മാരാകും.
ഇത് സത്യമാണ്.

അദ്ധ്യാപകരാണ് പൊതുവിദ്യാഭ്യാസത്തെ കൊന്ന വില്ലന്‍ എന്ന അഭിപ്രായം എനിക്കില്ല.സ്കൂളിള്‍ കരിക്കുലം നിശ്ചയിക്കുന്നതില്‍ അദ്ധ്യാപകന് ഒരു പങ്കുമില്ല.ആരോ ആ൪ക്കോ വേണ്ടി നടപ്പിലാക്കുന്ന സിലബസ് കുട്ടികളിലേക്ക് തള്ളിക്കേറ്റുവാനുള്ള ഒരു പാവം ഉപകരണം മാത്രമാണ് അദ്ധ്യാപകന്‍. തൊഴിലുപേക്ഷിച്ചു പോകുവാന്‍ അയാള്‍ക്ക് കഴിയുമോ? മാണിക്യ കല്ലിലെ വിനയചന്ദ്രനെ സിനിമയില്‍ കാണാമെങ്കിലും കേരള സാമൂഹ്യവ്യവസ്ഥയില്‍ സാദ്ധ്യമാകുമോ? അവരും അവരുടെ മക്കളുടെ കാര്യം നോക്കുന്നു.അദ്ധ്യാപകരെക്കുറിച്ചുള്ള സാറിന്‍റെ ചോദ്യങ്ങള്‍ക്ക് അദ്ധ്യാപക൪ മറുപടി പറയട്ടെ.