Sunday, October 16, 2011

സൌഹൃദങ്ങള്‍ കാഴ്ചയ്ക്കൊരുക്കിവയ്ക്കാവുന്ന അലങ്കാര മത്സ്യങ്ങളാണ്.കാണാം, കളിപറയാം, വിരസവേളകളില്‍ മടുപ്പുമാറ്റാം,സന്ദര്‍ശകരുടെ പുകയ്ത്തലുകള്‍ കേള്‍ക്കാം,വിളിച്ചുപറഞ്ഞ് സമയം നിശ്ചയിച്ച് ഗൃഹസന്ദര്‍ശ‌നം നടത്താം, വെടിപറയാം, പക്ഷേ, സൂക്ഷിക്കണം, അല്‍പം പ്രാണവായു കുറഞ്ഞാല്‍ ഈ സൌഹൃദത്തിന്‍റെ അലങ്കാരമത്സ്യങ്ങള്‍ ചത്തുമലച്ച് നാമുണ്ടെന്നു വിശ്വസിക്കുന്ന നമ്മുടെ തീവ്രബന്ധങ്ങളെ പരിഹസിച്ചുകൊണ്ടിരിക്കും.

Lesson One:
If a man doesn't make new acquaintances as he advances through his life, he will soon find himself alone.


Sunday, October 9, 2011

When there is no place to go, there is rest. There is peace.
For a long time it had seemed to me that life was about to begin- real life. But there was always some obstacles in the way. Something to be got through first, some unfinished things, clean ups, some undone responsibilities. I wait and spend days for preparing for the real life to begin. Now I stand before my death. I told Death , wait a minute, so far I was clearing the mess, the obstacles of my life, give me sometime to live my real life. But Death tells me that those obstacles were my life!
My God! My late realisation!

Tuesday, October 4, 2011

പത്താംതരം മലയാള പാഠാവലിയിലെ അശാന്തിപര്‍വ്വങ്ങള്‍ക്കപ്പുറം എന്ന പാഠത്തിനനുബന്ധമായി തയ്യാറാക്കിയ ലേഖനം.
അശാന്തിപര്‍വ്വങ്ങള്‍ക്കപ്പുറം-
ആധുനിക യുദ്ധപര്‍വ്വം-
തുടരുന്ന വിഭവയുദ്ധങ്ങള്.‍
ഭാഗം രണ്ട്

മതവും കോര്‍പ്പറേറ്റുകളും
അപ്പോള്‍ യുദ്ധം നാമൊക്കെ വിശ്വസിക്കുന്നതുപോലെ ആര്‍ക്കും ഉപകാരമില്ലാത്ത ഒരു കളിയല്ല. ഒരു അഞ്ഞൂറു കൊല്ലത്തെ യുദ്ധം മാത്രം പരിശോധിച്ചാലറിയാം ലോകത്ത് നിലവില്‍ നിന്ന എല്ലാ ഗ്രാമീണ വ്യവസ്ഥിതിയേയും തകര്‍ത്തെറിഞ്ഞുകൊണ്ട് യുദ്ധം യുദ്ധക്കൊതിയന്മാരുടെ നാഗരികത വളര്‍ത്തി. പതിനായിരക്കണക്കിനു വര്‍ഷങ്ങളായി ലോകജനതയുടെ ആചാരാനുഷ്ഠാനങ്ങള്‍ യുദ്ധം തകര്‍ത്തു. യുദ്ധക്കൊതിയന്മാരുടെ സംസ്കാരം അടിച്ചേല്‍പ്പിച്ചു. മതം യുദ്ധത്തിന്റെ കൂട്ടിക്കൊടുപ്പുകാരായി. യുദ്ധം നടന്ന രാഷ്ട്രങ്ങളിലെല്ലാം യുദ്ധ‌ത്തിന്റെ കൂടെ മതവും ചേര്‍ന്ന് യുദ്ധത്തില്‍ അടിമകളായ ജനതയെ വിജയികളുടെ മതത്തിലേക്ക് ചേര്‍ത്തു. ക്രിസ്തുമ‌തം ലോകത്തിലെ ഏറ്റവും വലിയ മതമായി മാറിയത് 500 കൊല്ലത്തെ കോളനിവാഴ്ചക്കാരുടെ യുദ്ധം കൊണ്ടുകൂടിയായിരുന്നുവല്ലോ. ഗസ്നിയും ഗോറിയും പടയോട്ടം നടത്തി ക്ഷേത്രങ്ങള്‍കൊള്ളയടിക്കുക മാത്രമായിരുന്നില്ല ചെയ്തത്, അവര്‍ ഭീകരത സൃഷ്ടിച്ച് ഹിന്ദുക്കളെ ഇസ്ലാമിലേക്ക് നിര്‍ബന്ധമായി മതപരിവര്‍ത്തനം നടത്തി അവരുടെ മതം വലുതാക്കി. എത്രയെത്ര ക്രൂരതകള്‍ക്ക് ചരിത്രം സാക്ഷിയാണ്.
പിഴുതെറിയപ്പെടുന്ന ജനത, സംസ്കാരങ്ങള്‍
19 നൂറ്റാണ്ടില് ബിട്ടീഷ് സാമ്പ്രാജ്യത്വം ലോകത്തിലെ മൂന്നിലൊന്ന് ജനതയെ കൈവശപ്പെടുത്തി അടിമകളാക്കിയതാക്കിയത് നമ്മള്‍ക്കറിയാം. വ്യവസായ വിപ്ലവത്തിന്റെ സാമ്പത്തിക മസിലുകള് ഉപയോഗിച്ച് ശക്തിയില്ലാത്ത രാഷ്ടങ്ങളെ അവര് കീഴടക്കി. യൂറോപ്പിലെ മറ്റു രാഷ്ടങ്ങളും അവരെക്കൊണ്ട് കഴിയുന്നതുപോലെ ഇത് തുടര്‍ന്നു.
സാമ്പ്രാജ്യത്വ നിര്‍മ്മാണ ഘട്ടത്തില്‍ വൈകിയെത്തിയ, 100 കൊല്ലം മുമ്പ് നടന്ന സ്പാനിഷ് അമേരിക്കന്‍ യുദ്ധത്തിലൂടെ ആധിപത്യമുറപ്പിച്ച അമേരിക്ക സാമ്പ്രാജ്യത്വ വേല തുടര്‍ന്നു. കരീബിയന്‍ കടലുകളില്‍ അവര്‍ കപ്പലോടിച്ചു, സ്വന്തം തടാകം പോലെ. പസഫിക് ദീപസമൂഹങ്ങള്‍ കീഴടക്കി.‍സ്പാനിയാഡുകള്‍ കയ്യടക്കിവച്ചിരുന്ന രാഷ്ടമായിരുന്നു ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍. ഭാരതത്തെപ്പോലെ അതിമഹത്തായ സംസ്കാരമുള്ള, മായന്‍ സംസ്കാരമുള്ള, രാജ്യങ്ങളായിരുന്നു ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍. അവര്‍ ക്രിസ്ത്യാനികളായിരുന്നില്ല. പോപ്പിന്റെ അനുവാദത്തോടെ സ്പാനിയാഡുകള്‍ അവരെ അടിമകളാക്കി. ഇന്ന് അവര്‍ക്ക് അവരുടെ പൂര്‍വ്വമത‌മറിയില്ല. എല്ലാവരും പോപ്പിന്റെ മതക്കാരാണ്. അവരുടെ ഭാഷയറിയില്ല, അവര്‍ സംസാരിക്കുന്നത് കോളനിവാഴ്ച‌ക്കാരുടെ ഭാഷയാണ്, സ്പാനിഷ്. ഞാന്‍ ഇവരുടെയെല്ലാം കൂടെ ജോലി ചെയ്തിട്ടുള്ളതുകൊണ്ട് ഇത് നന്നായി മനസ്സിലാക്കുവാന്‍ എനിക്ക് കഴിയുന്നു.ഒന്നാം ലോകമഹായുദ്ധം പരസ്പരം ശത്രുക്കളായി മാറിയ കോളനിമുതലാളിമാരുടെ യുദ്ധമായിരുന്നു. വ്യവസായ വിപ്ലവത്തിന്റെ ഭീമന്‍ യന്ത്രങ്ങള്‍ രാവും പകലും കറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ലോകത്തിലെ റോ മറ്റീരിയലുകള്‍, അസംസ്കൃതവസ്തുക്കള്‍, തികയാതായി. ഇതിനായി ലോകത്തിലെ വിഭവസമ്പന്ന രാഷ്ടങ്ങളിലേക്ക് അവര്‍ കപ്പലോടിച്ചു. അസംസ്കൃത പദാര്‍ത്ഥങ്ങള്‍ കൊള്ളയടിക്കുവാന്‍. എല്ലാ കോളനിമുതലാളിമാരും ഇതിനുവേണ്ടി പോരടിച്ചു. ഒന്നാം ലോകമഹായുദ്ധത്തില്‍ വളരെ രഹസ്യമായി, അവര്‍ പിന്നീട് നാസീ ഭീകരനെന്ന് മുദ്രകുത്തിയ ഹിറ്റ് ലറെ തുണച്ചു. പിന്നീട് ഹിറ്റ് ലറുടെ ജര്‍മ്മനി വന്‍ശക്തിയായി വളര്‍ന്നപ്പോള്‍ യുദ്ധം ഹിറ്റ് ലര്‍ക്കെതിരെയായി. വിഭവങ്ങള്‍ കൊള്ളയടിച്ച കോളനിമുതലാളിമാര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വിറ്റെടുക്കുന്നതിന് കമ്പോളങ്ങള്‍ പിടിക്കേണ്ടിവന്നു.
ഒന്നാം ലോകമഹായുദ്ധം കോളനിമുതലാളിമാരുടെ സാമ്പ്രാജ്യത്ത്വകൊലവിളിയായിരുന്നു. ആ വിജയോന്മാദത്തില്‍ രാജ്യങ്ങള്‍ മുറിഞ്ഞുവീണു. വിഭവമൂറ്റുന്നതിനു അനുകൂല ഗവണ്‍മെന്റുകളെ പ്രതിഷ്ഠിച്ചു. ഇന്നും വിഭവയുദ്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
എന്നാലും അവ‌ര്‍ തീവ‌ണ്ടിയോടിച്ചുവ‌ല്ലോ!
യുദ്ധവും പ്രകൃതിവിഭവങ്ങളും തമ്മില്‍ ബന്ധമുണ്ട്. ഡച്ച് ഈസ്റ്റിന്ത്യാ കമ്പനി നമ്മുടെ നാട്ടില്‍ വന്നു.1600 മുതല്‍ 1947 വരെ ബ്രിട്ടീഷ് സാമ്പ്രാജ്യത്വം നമ്മുടെ നാട് നിരങ്ങി. നമ്മെ അടിമകളാക്കി. പഴശ്ശിരാജ സിനിമ കണ്ടുവല്ലോ. വീരപഴശ്ശിയെ അദ്ദേഹത്തിന്റെ രാജ്യത്ത് വന്ന് വെള്ളക്കഴുവേറികള് തൂക്കിലേറ്റിയതെന്തിനു്?സഹിക്കുവാന് കഴിയുമോ. അപ്പോഴും വെള്ളക്കാരനെ വാഴ്ത്തുന്ന കുറെ ശവംതീനികള് നമ്മുടെ നാട്ടിലുണ്ടായിരുന്നു. വെള്ളക്കാര്‍ തീവണ്ടിയോടിച്ചത്രേ. അവര്‍ നമ്മുടെ രാജ്യത്തുനിന്നും കടത്തിയ കൊള്ളയുടെ ചെറിയ വിവരണങ്ങള്‍ ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന പുസ്തകത്തില്‍ ലാരി കോളിന്‍സും ഡൊമിനിക് ലാപ്പിയറും വിവരിക്കുന്നത് വായിക്കുമ്പോള്‍ നാം അമ്പരന്നുപോകുന്നു.
തുടരുന്ന വിഭവയുദ്ധങ്ങള്‍
ഐന്‍സ്റ്റൈന്‍ പറയുകയുണ്ടായി, മൂന്നാം ലോക യുദ്ധത്തില്- അതുണ്ടായാല്- എന്തുതരം ആയുധങ്ങളെടുത്താണ് പോരാടുകയെന്നെനിക്കറിയില്ല. പക്ഷെ നാലാം ലോക യുദ്ധത്തില് അതെന്തായിരിക്കുമെന്ന് എനിക്കറിയാം - കല്ലുകളും എല്ലുകളും. മൂന്നാം ലോകയുദ്ധത്തിലെ ന്യൂക്ലിയര്‍ ആയുധങ്ങളെക്കുറിച്ചാണ് അദ്ദേഹം സൂചിപ്പിച്ചത്. ആണവായുധമുപയോഗിക്കാതെ തന്നെ ഒരു മൂന്നാം ലോക മഹായുദ്ധം ഒഴിവാക്കി എന്നു നാമാശ്വസിച്ചുകൊണ്ടിരിക്കുമ്പോഴും 1965 നും 1999 നുമിടക്ക് 73 സിവില്‍ വാറുകള്‍ നടന്നിട്ടുണ്ട്. എല്ലാം വിഭവയുദ്ധങ്ങള്‍. എണ്ണയുദ്ധങ്ങള്‍ .ഡയമണ്ട് യുദ്ധങ്ങള്‍. കോപ്പര്‍ യുദ്ധങ്ങള്‍. ധാതുലവണങ്ങള്‍ക്കുവേണ്ടിയുള്ള യുദ്ധങ്ങള്‍. വിനോദമേഖലകള്‍ കീഴടക്കുവാനുള്ള യുദ്ധങ്ങള്‍. കപ്പല്‍ ചാലുകള്‍ പിടിച്ചടക്കി കപ്പലോട്ടമുതലാളിമാര്‍ക്കു വേണ്ടിയുള്ള യുദ്ധങ്ങള്‍. വാള്‍സ്ട്രീറ്റ് മുതലാളിമാര്‍ക്ക് പണവ്യാപാരത്തിനും പലിശ വ്യവസായത്തിനുമാവശ്യമായ യുദ്ധങ്ങള്‍. എന്തിനു പഴയുദ്ധം പോലും ( പഴയ യുദ്ധമല്ല) അമേരിക്ക നടത്തിയിട്ടുണ്ട്. ഏത്തപ്പഴവും റോബസ്റ്റയുമൊക്കെ ടോപ്പിക്കല്‍ ഫ്രൂട്ടുകളാണ്. തണുപ്പ് രാജ്യമായ അമേരിക്കയിലോ കാനഡയിലോ ഇതു വളരില്ല. ഒരു പഴം പോലും ഉല്‍പ്പാദിപ്പിക്കാത്ത അമേരിക്കയിലെ യുണൈറ്റഡ് ഫ്രൂട്ട് കമ്പനിയാണ് ലോകത്തിലെ പഴവ്യാപാരത്തിന്റെ 52 ശതമാനവും നിയന്ത്രിക്കുന്നത്. ഈ ബഹുരാഷ്ടകുത്തക ലാറ്റിനമേരിക്കന്‍ ഭരണകൂടങ്ങളെപ്പോലും അട്ടിമറിച്ചിട്ടുണ്ട്.നമ്മുടെ നാട് പോലെ ബഹുവിളകള്‍ വിളയുന്ന ലാറ്റിനമേരിക്കന്‍ രാഷ്ടങ്ങളെ ഏകവിളത്തോട്ടമാക്കി. സെന്‍ട്രല്‍ അമേരിക്കയിലെ പല രാജ്യങ്ങളേയും ബനാന റിപ്പബ്ലിക്കുകളാക്കി. കേരളത്തില്‍ ഒരു തന്ത്രിയുടെ മകനുണ്ടല്ലോ, പേരെനിക്കോ൪മ്മയില്ല (രാഹുല്?)അയാളുടെ ഒരു പ്രസംഗം ഞാന്‍മുമ്പ് കേട്ടിരുന്നു. രാമായണകഥകള്‍ അതേപടി നിലനില്ക്കുന്ന, അതിനെ ആദരിക്കുന്ന ഒരു രാഷ്ടമുണ്ട് ഇന്തോനേഷ്യ. എയര്‍ ഇന്ത്യ എന്നു നാം ഭാരതീയര്‍ ദാസ്യത്തോടെ വിളിക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം രാഷ്ടമായ ഇന്തോനേഷ്യക്കാര്‍ അതിനെ ഗരുഡ എന്നാണ് പേരിട്ടിരിക്കുന്നത്. രാമായണത്തിലെ എല്ലാ ബിംബങ്ങളും അതേ പടി അവര്‍ നിലനിര്‍ത്തുന്നു. സാംസ്കാരിക അടയാളമായി നിലനിര്‍ത്തുന്നു. മുഹമ്മദ് രാമ എന്നു പേരുള്ള പലപേരുകാരുപോലുമവിടെ ധാരാളമുണ്ടെന്നയാള്‍ എഴുതിയിരുന്നു.
നമ്മുടെ അഖണ്ഡഭാരതത്തിന്റെ ഭാഗമായ ഇന്തോനേഷ്യ, മലേഷ്യ എന്നിവ‌ മനോഹരമായ രാഷ്ടങ്ങളാണ്. പല വിളകള്‍ വിളയുന്ന ഭൂമി. അവിടുത്തെ വിളകള്‍ ലാഭകരമല്ല എന്ന കാരണം പറഞ്ഞ് പാമോയില്‍ ലോബികള്‍ വേള്‍ഡ്ബാങ്ക് ഫണ്ടോടുകൂടി ഇന്തോനേഷ്യ മുഴുവനും എണ്ണപ്പനയുടെ വിളഭൂമിയാക്കി. പാമോയില്‍ കമ്പനികള്‍ ലോകം മുഴുവനും പാമോയില്‍ വിറ്റു. കേരളത്തിലെ കേരകര്‍ഷകരെ നശിപ്പിച്ചുകൊണ്ട്, ആയിരക്കണക്കിനു കൊല്ലങ്ങളായി നാമുപയോഗിച്ചുകൊണ്ടിരുന്ന വെളിച്ചെണ്ണയില്‍ പെട്ടെന്നൊരു ദിവസം മാരകമായ കൊളസ്റ്റോള്‍ ഉണ്ടെന്ന് പ്രചരിപ്പിച്ച്, പാമോയില്‍ കുത്തകള്‍ കേരളത്തിലേക്കും പനയെണ്ണയൊഴുക്കി."ചാത്ര"ത്തിന്റെ പേരില്‍ ആരെന്തുപറഞ്ഞാലും തൊള്ളതൊടാതെവിഴുങ്ങുന്ന മലയാളികള്‍ അടുക്കളയില്‍നിന്നും വെളിച്ചെണ്ണയെ പുറത്താക്കി.പാമോയില്‍ വാങ്ങുവാനായി പാമോയില്‍ കമ്പനികള്‍ കമ്മീഷനുകള്‍ നല്കി. മുസ്തഫ, കരുണാകരന്‍ ഉമ്മന്‍ചാണ്ടി എന്നിവര്‍ രണ്ടുകോടി രൂപ ഖജനാവിനു നഷ്ടം വരുത്തിയ കേസ് ഇപ്പോഴും നടക്കുകയാണല്ലോ.
ഒന്നാംലോകമഹായുദ്ധം പണ്ട് യൂറോപ്പിലായിരുന്നുവെങ്കില്‍ ആഫ്രിക്കയുടെ ഒന്നാം ലോകമഹായുദ്ധം തുടങ്ങിയിട്ടേയുള്ളൂ. ഇനി വിഭവങ്ങള്‍ ബാക്കികിടക്കുന്നതവിടെയാണ്. നൈജീരിയ, അംഗോള, കോംഗോ, സുഡാന്‍, ഛാഡ്, ലിബിയ, ബര്‍ണ്ണുണ്ടി, എത്യോപ്യ, സൊമാലിയ, എറിത്രിയ തുടങ്ങിയ രാഷ്ടങ്ങളില്‍ കലാപങ്ങള്‍ നടക്കുകയാണ്. പരസ്പരം കൊല്ലുന്ന ജനങ്ങള്‍. ഭരണകൂടങ്ങളെ സാമ്പ്രാജ്യത്വ ഏജന്റുമാര്‍ വിലയ്ക്കുവാങ്ങുന്നു. വിഭവങ്ങള്‍ കൊള്ളയടിക്കുവാനുള്ള കരാറുകള്‍ വന്‍ കമ്മീഷനുകള്‍ നല്കി വിലയ്ക്ക് വാങ്ങുന്നു. എതിര്‍ക്കുന്ന ജനങ്ങളെ കൊല്ലുന്നു. എന്റെ കൂടെ ജോലി ചെയ്യുന്ന ഒരാളോട് ഞാനിന്നലെ സംസാരിച്ചു. അയാള്‍ ഒരാഴ്ചയായിട്ടുള്ളു ജോയിന്‍ ചെയ്തിട്ട്. അയാള്‍ ആഫ്രിക്കയിലെ കോംഗോയില്‍ നിന്നുള്ള ഒരു യുദ്ധ അഭയാര്‍ത്ഥിയാണ്. ആ കൊച്ചുരാഷ്ടത്തില്‍ പോലും ആറു രാജ്യങ്ങളുടെ പട്ടാളമുണ്ട്. നൂറുകണക്കിനു റിബല്‍ ഗ്രൂപ്പുകളെ അവര്‍ ആഫ്രിക്കയില്‍ വളര്‍ത്തുകയാണ്. എതിര്‍ക്കുന്നവര്‍ കൊല്ലപ്പെടുന്നു. കൊല്ലപ്പെടുന്നവര്‍ക്ക് പേരുകളുണ്ട്- ടെററിസ്റ്റുകള്‍, റിബലുകള്‍, കമ്മൂണിസ്റ്റ്കള്‍, ദേശവിരുദ്ധര്‍, വികസനവിരുദ്ധര്‍,ജനാധിപത്യ ധ്വംസകര്‍. എല്ലാ ഖനികളും നൂറു കൊല്ലത്തേയ്ക്ക് കോര്‍പ്പറേറ്റുകള്‍ലേലത്തിനെടുത്തിരിക്കുകയാണ്. അംഗോളയില്‍ ജോസഫ് സാവിബി നാലു ബില്യന്‍ ഡോളറിനാണ് അയാളുടെ സ്വന്തം മുതലുപോലെ രാഷ്ടത്തിന്റെ ഡയമണ്ട് ഖനികള്‍ വിറ്റത്. ഒരു ദശലക്ഷം ജനത അംഗോളയില്‍ സിവില്‍ വാറില്‍ മരിച്ചു. അഞ്ചിലൊന്നു കുട്ടികള്‍ അഞ്ചാം വയസ്സ് പൂര്‍ത്തിയാക്കുന്നില്ല. എല്ലാ ഗാന്ധാരിമാരും അഭയാര്‍ത്ഥികളായി പലായനം ചെയ്യുന്നു. എല്ലാ വിഭവങ്ങളുണ്ടായിട്ടും ഈ വര്‍ഷം മാത്രം 6.5 ലക്ഷം സൊമാലിയന്‍ കുഞ്ഞുമക്കള്‍ പട്ടിണിയില്‍ മരിക്കും. കൊല്ലുന്നവരും മരിക്കുന്നവരും മുസ്ലിംകള്‍.
ആരുപറഞ്ഞു രണ്ടാം ലോകമഹായുദ്ധത്തോടെ യുദ്ധമവസാനിച്ചുവെന്ന്? യുദ്ധം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

Saturday, October 1, 2011

Sep 26, 2011അശാന്തിപര്‍വ്വങ്ങള്‍ക്കപ്പുറം ആധുനികയുദ്ധപര്‍വ്വം- തുടരുന്ന വിഭവയുദ്ധങ്ങള്‍ ഭാഗം ഒന്ന്
azeezks@gmail.com
അശാന്തിപര്‍വ്വങ്ങള്‍ക്കപ്പുറം എന്ന‌ യൂണിറ്റ്സമഗ്രാസൂത്രണം വന്നതിനുശേഷം യുദ്ധത്തെക്കുറിച്ച് എന്തെങ്കിലുമെഴുതണമെന്ന് ഞാന്‍ കരുതിയിരുന്നു. അതിനുശേഷം സുരേഷ് സാറിന്റെ പഠനപ്രവര്‍ത്തനരേഖ വന്നു. ഗാന്ധാരീവിലാപത്തിലെ സ്ത്രീകള് നേരിടുന്ന പ്രശ്നങ്ങള്‍, അനാഥത്വം, നമ്മുടെയൊക്കെ കേഴലിന്റെ സാമൂഹ്യപ്രസക്തി, ഗാന്ധാരി വിലാപത്തിലെ യുദ്ധഭീകരത ഇവയെക്കുറിച്ചൊക്കെ ചിന്തിക്കുവാന്‍ സാര്‍ അതില്‍ സൂചിപ്പിച്ചു. അതിനു ശേഷം 20 മിനിറ്റ് വരുന്ന നല്ല രണ്ട് വീഡിയോ വന്നു. യുദ്ധത്തിന്റെ തുടക്കം മുതല്‍ ഏറ്റവും പുതിയ യുദ്ധങ്ങള്‍വരെയുള്ള എല്ലാ കാര്യങ്ങളും അതില്‍ കൊള്ളിച്ചിരുന്നു. ഇന്നലെ ഡോ.ഷംലയുടെ 'പട്ടാളക്കാരന്റെ' കഥാപഠനം വന്നു. ദാരിദ്രത്തിന്റെയും യുദ്ധത്തിന്റെയും ഐഡന്‍റിറ്റിയുടെയും നല്ല ഒരു അനാലിസിസ് ആയിരുന്നു ഡോ.ഷംലയുടെ കഥാപഠനം. ഇതില്‍ കൂടുതല്‍ എന്തെഴുതുവാന്‍. എങ്കിലും, ആവര്‍ത്തനമാകാതെ ചില കാര്യങ്ങള്‍ കൂടി ഞാന്‍ എഴുതുന്നു.

ഗാന്ധാരിയുടെ വിലാപം എല്ലാ യുദ്ധത്തിനെതിരെയുമുള്ള ലോകത്തിലെ അമ്മമാരുടേയും ഭാര്യമാരുടേയും എല്ലാ മനുഷ്യരുടേയും വിലാപമാണ്. ഒരു സംഘര്‍ഷം, ഒരു കോണ്‍ഫ്ലിക്റ്റ്, സ്വയം പരിഹരിക്കുവാന്‍ നമുക്ക് കഴിയുന്നില്ലെങ്കില്‍ മനുഷ്യവംശത്തെ അത് സംഹരിക്കുമെന്ന് മഹാഭാരതം നമ്മെ പഠിപ്പിക്കുന്നു. ഭയാനകമായ നാശം.
ഗാന്ധാരി, വ്യാസഭാരതത്തിലെ ഏറ്റവും കുലീനയായ സ്ത്രീ, അപാരമായ ആത്മീയ ശക്തിയുള്ള സ്ത്രീ, അന്ധനായ ഭര്‍ത്താവിനു വേണ്ടി ജീവിതകാലം മുഴുവനും അന്ധയായി ജീവിക്കുവാന്‍ വേണ്ടി ജീവിതം തിരഞ്ഞെടുത്ത സ്ത്രീ ഒരിക്കല്‍ മാത്രം യുദ്ധഭൂമിയിലെ കാഴ്ച കാണുവാനായി കണ്ണുകള്‍ തുറക്കുന്നു. ഭയാനകമാണാ കാഴ്ച. ഗാന്ധാരി വിലപിക്കുന്ന കാഴ്ച എഴുത്തച്ഛന്‍ വിവരിക്കുന്നു, ഗാന്ധാരിയുടെ വിലാപം നമ്മുടെ വിലാപമാക്കി മാറ്റുന്നു: നല്ല മരതകക്കല്ലുപോലുള്ള കല്യാണരൂപന്മാരായ കുമാരന്മാരെ കൊല്ലിക്കയത്രെ നിനക്കു രസമെടോ, നീലമലപോലെ വേലും തറച്ചുകിടക്കുന്നവര്‍, കണ്ഠം മുറിഞ്ഞുകിടക്കുന്നവര്‍, നായും നരിയും കടിച്ചുവലിക്കുന്ന ശവങ്ങള്‍, പട്ടുകിടക്കമേലെ കിടക്കേണ്ടവര്‍ ചോരയില്‍ പട്ടുകിടക്കുന്നവര്‍. ഒടുവിലൊരു ചോദ്യം: കല്ലുകൊണ്ടോ മനം, കല്ലിനുമാര്‍ദ്രതയുണ്ടെടോ.

മഹാഭാരതയുദ്ധം നടക്കുന്നത് എത്രയോ കൊല്ലങ്ങള്‍ക്കുമുമ്പാണ്. ബിസി ആയിരത്തില്‍ നടന്ന ആ യുദ്ധം കഴിഞ്ഞിട്ട് ഏതാണ്ട് മൂവായിരം വര്‍ഷം കഴിഞ്ഞു. ഇന്നും ഗാന്ധാരിയുടെ വിലാപം, യുദ്ധത്തിന്റെ കെടുതികള്‍ നമ്മെ പിന്തുടരുന്നു.
രതിയായി മാറുന്ന കൊല.
എന്തുകൊണ്ട് മ‌നുഷ്യ‌ര്‍ കൊല്ലുന്നു? ഈ ചോദ്യം നാം ചോദിച്ചുകൊണ്ടേയിരിക്കുന്നു. ഗ്രന്ഥശാലാ പ്രസ്ഥാനങ്ങളുമായോ ഏതെങ്കിലും സാംസ്കാരിക പ്രവര്‍ത്തനങ്ങളുമായോ ബന്ധപ്പെട്ടുപ്രവര്‍ത്തിച്ചിട്ടുള്ളവര്‍, പ്രത്യേകിച്ച് 70 കളിലെ ലോകകാമ്പസുകളെ ഇളക്കിമറിച്ച വിയറ്റ്നാം യുദ്ധം കേട്ടുവളര്‍ന്നവര്‍, ബര്‍ട്ടാന്റ് റസ്സലിലൂടെ കടന്നുപോയിട്ടുണ്ടാകും. നല്ല ഓര്‍മ്മയില്ലെങ്കിലും റസ്സലിന്റെ ആത്മകഥയിലെ ചില വരികള്‍ ഞാനോര്‍ക്കുന്നു.ഒന്നാം ലോകമഹായുദ്ധത്തിലെ ചില കാഴ്ചകള്‍ കണ്ട് റസ്സല്‍ അതിശയത്തോടെ എഴുതുന്നു: യൂറോപ്പിലെ ഓരോ ആണും പെണ്ണും യുദ്ധത്തെ ആനന്ദത്തോടെയാണ് വരവേറ്റത് പല സമാധാനപ്രേമികളും കരുതിയതുപോലെ താല്പര്യമില്ലാത്ത ഒരു ജനതയ്ക്കുമേല്‍ ഏകാധിപതികളും ക്രൂരഭരണകൂടങ്ങളും സാമ്പ്രാജ്യത്വ‌ങ്ങളും അടിച്ചേല്‍പ്പിക്കുന്ന ഒന്നായിരുന്നു യുദ്ധമെന്നാണ് ഞാന്‍ കരുതിയത്. കൊല്ലുന്ന സേനകള്‍ എത്ര കൃത്യമായി ആ കൊലചെയ്തു. ജനകീയ പ്രോത്സാഹനമില്ലായിരുന്നുവെങ്കില്‍ ആ നരഹത്യ ഇത്ര ഭംഗിയായി നടക്കില്ലായിരുന്നു.പിന്നീട് റസ്സല്‍ വിവരിക്കുന്നുണ്ട്. യൂറോപ്പിലെ എല്ലാ രാഷ്ട്രങ്ങളും തകര്‍ന്നു. ജനങ്ങള്‍ എവിടേയും മരിച്ചുവീണു. എത്ര നാഗരികത തകര്‍ന്നു. എത്ര കോടി മരിച്ചുവീണു. ഗാന്ധാരി കണ്ടപോലെ യുദ്ധഭൂമിയില് നായും നരിയും കഴുകനും കടിച്ചുവലിക്കുന്ന ശവങ്ങള്‍. പരസ്പരം കൊല്ലുന്നവര്‍, അവരുടെ ദൈവമായ ജീസസിനോട് വിജയത്തിനായി പ്രാര്ത്ഥിച്ചു; വിജയത്തിനായി കര്‍ത്താവിനെ കാക്കിധരിപ്പിച്ചു കാഞ്ചി വലിച്ചു. അങ്ങിനെ യുദ്ധം ഒരു കൊല്ലുന്ന ക്രൂരമായ കൃത്യം എന്നതില്‍ നിന്നും യുദ്ധത്തെ അവര്‍ ഒരു വിശുദ്ധ കുര്‍ബാനയാക്കി.
ട്രഞ്ചുകളില്‍ ദീനരോദനം അടങ്ങുന്നതിനു മുമ്പ് രാഷ്ടങ്ങള്‍ അവര്‍ പങ്കിട്ടെടുത്തു. ജനങ്ങളെ പകുത്തെടുത്തു. രണ്ടാം ലോക മഹായുദ്ധം അവസാനിക്കുന്നതിനു മുമ്പ് യുദ്ധത്തില്‍ വിജയിച്ച സാമ്പ്രാജ്യത്ത്വ ശക്തികള്‍ 1944 ല്‍ ബ്രെട്ടന്‍വുഡില്‍ വച്ച് കോക് ടെയിലിന്റെ മുമ്പിലിരുന്ന് ആഗോളമൂലധനമൊഴുക്കി തകര്‍ത്ത രാഷ്ടങ്ങള്‍ കെട്ടിപ്പടുക്കുന്നതിനു വേണ്ടി വേള്‍ഡ് ബാങ്ക്-IMF എന്ന ഇരട്ടകള്‍ക്ക് രൂപം കൊടുക്കുകയായിരുന്നു.

നമ്മളോര്‍ക്കുകയാണ് എങ്ങിനെയാണ് പുരുഷന്മാര്‍ക്ക് ഇങ്ങിനെ കൊല്ലുവാന്‍ കഴിയുന്നത്! അനുവദിക്കപ്പെട്ട മാരക ആയുധങ്ങളുപയോഗിച്ച് ഒരു സമൂഹം മറ്റൊരു സമൂഹത്തിനെ കൊല്ലുന്ന ഒരു കലയാണ് ആധുനിക യുദ്ധം. അത് പരിശീലനം കിട്ടിയവര്‍ ചെയ്യുന്നു. രാഷ്ടീയ തീരുമാനം മറ്റുള്ളവര്‍ എടുക്കുന്നു. സഹായ സഹകരണങ്ങള്‍ യുദ്ധം ചെയ്യാത്തവര്‍ ചെയ്യുന്നു.
എങ്ങിനെ ഒരാള്‍ക്ക് ശത്രുവല്ലാത്ത മറ്റൊരാളെ കൊല്ലുവാന്‍ കഴിയുന്നു? തകഴിയുടെ പട്ടാളക്കാരനെപ്പോലെ മൂന്നുനേരത്തെ ഭക്ഷണത്തിനുവേണ്ടി കൂലിക്കായി കൊല നടത്തുവാന്‍ കഴിയുമോ. കഴിയില്ല. യൂറോപ്പ് മുഴുവനും യുദ്ധഭൂമിയാക്കി മാറ്റി, ഒരിക്കലും ശത്രുവല്ലാത്ത ഒരാളെ, ഒരിക്കലും കണ്ടിട്ടില്ലാത്തെ ഒരാളെ എങ്ങിനെ പച്ചയ്ക്ക് കൊല്ലുന്നു? യുദ്ധം അയാളില്‍ രക്തദാഹമുണ്ടാക്കുന്നു. കോപം ഉണ്ടാക്കുന്നു. ഉന്മാദമുണ്ടാക്കുന്നു. ഒരിക്കലും കാണാത്ത പാവം ജനതയെ ശത്രുവായി കാണുവാന് പഠിക്കുന്നു. അവന്‍ നമ്മുടെ സഹോദരനല്ല ഇപ്പോള്‍. നമ്മുടെ ശത്രുവാകുന്നു. കൊല്ലേണ്ടവന്‍. അതിനുവേണ്ട എല്ലാ ട്രയിനിംഗുകളും അവനു നല്‍കുന്നു. അര്‍ജുനവിഷാദയോഗത്തിലിരിക്കുന്ന പട്ടാളക്കാര്‍ക്ക് നല്ല മനഃശാസ്ത്രജ്ഞന്മാര്‍ യുദ്ധത്തിന്റെ ധര്‍മ്മമുപദേശിക്കുവാനായി ഭവവാന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു. യുദ്ധം ഭ്രാന്തമായ ഒരാവേശമാകാത്ത, മനസ്സ് കീഴ്പ്പെടാത്ത ഒരു പട്ടാളക്കാരനും യുദ്ധഭൂമിയില്‍ തുടരാന്‍ കഴിയില്ല. അവന്‍ അടിവച്ചടിവച്ച് നീങ്ങുകയാണ്. ശത്രുനിരയിലേക്ക്. അവന്റെ മുമ്പില്‍ ശത്രുമാത്രം. കോപത്താല്‍ അവന്‍ തിളയ്ക്കുന്നു. കോപം അവനെ കീഴടക്കി. എല്ലാവരേയും കൊല്ലുക എന്ന തീവ്രമായ സ്വപ്നം അവന്റെ കാലുകള്‍ക്ക് ചിറകു നല്കുന്നു. കോപം കണ്ണിലൂടെ. തലച്ചോറില്‍ അത് കട്ടിപിടിച്ചു. ശബ്ദം വിറകൊണ്ടു. ഇപ്പോള്‍ യുദ്ധം അവന് രതിയുടെ ഉന്മാദമായ അവസ്ഥയാകുന്നു. പരമാനന്ദം. ആരു പറഞ്ഞു രതി അധ്വാന‌മാണെന്ന്, ആരുപറഞ്ഞു യുദ്ധം കൊല്ലലാണെന്ന്?
യുദ്ധനുണകള്‍
യുദ്ധം രൂപം കൊള്ളുന്നത് പടക്കളത്തിലല്ല. അത് സെനറ്റുകളിലാണ്. കോര്‍പറേറ്റ് ഓഫീസുകളിലാണ്. യുദ്ധം നടത്തുന്നതിനു രാജ്യത്തോട് പറയേണ്ട ഒരു നുണയുണ്ട്. അത് ഭരണകൂടങ്ങള്‍ നല്കുന്നു. അവര്‍ എന്നും നമ്മോട് പറയുന്ന നുണകള്‍ കേട്ട് ജനത അവരുടെ കൂടെ നില്‍ക്കുന്നു.ആ നുണകളിങ്ങനെ: രണ്ടാം ലോക മഹായുദ്ധം നടന്നത് നാസിസത്തിനെതിരെ ജനാധിപത്യത്തിന്റെ വിജയത്തിനുവേണ്ടിയായിരുന്നു. ഒന്നാം ലോകമഹായുദ്ധം നടന്നത് ഒരു ആര്‍ച്ച്ഡൂക്കിനെ ഒരു ഇരുപത് വയസ്സുകാരന് കൊന്നതുകൊണ്ടാണ്. 1952 ല്‍ കൊറിയന്‍ യുദ്ധം നടത്തിയത്, 1960 കളില്‍ വിയറ്റ്നാം യുദ്ധം നടത്തി ദശലക്ഷക്കണക്കിനു മനുഷ്യരെ കൊന്നത് അവരുടെ കുടിവെള്ളത്തില്‍, വിളകളില്‍ ഏജന്റ് ഓറഞ്ച് തളിച്ച് വിയറ്റ് നാമികളെ കൊന്നത് കമ്മൂണിസത്തില്‍ നിന്നും അവരെ രക്ഷിക്കുന്നതിനുവേണ്ടിയായിരുന്നു. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞിട്ടും 1989 വരെ സോവിയറ്റ് യൂണിയനുമായി ശീതയുദ്ധം നടത്തിയത് മുതലാളിത്ത്വത്തിന്റെ ആഗോളമൂലധനമൊഴുക്കിനേക്കാളേറെ കമ്മൂണിസം പടരാതിരിക്കുവാനായിരുന്നു. അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്ന നുണയുണ്ട് 7500 വര്‍ഷം പഴക്കമുള്ള ഒരു മൊസോപ്പൊട്ടോമിയന് സംസ്കാരത്തെ ബോംബിട്ട് തകര്‍ത്ത് ദശലക്ഷക്കണക്കിനു ഇറാക്കിലെ കുഞ്ഞുങ്ങളെ കൊന്നത് സദ്ദാമിന്റെ കയ്യില്‍ ഉണ്ടെന്ന് സിഐഎ പറഞ്ഞ weapons of Mass Destruction നുവേണ്ടിയായിരുന്നു. മുസ്ലിംകളുടെ പുണ്യമെക്ക ബോംബിടുന്നതിനുവേണ്ടി, സൌദിക്കെതിരെ പ്രയോഗിക്കുന്നതിനുവേണ്ടി, അയാള്‍ അത് കരുതിവച്ചിരിക്കുകയായിരുന്നു. ഗാന്ധാരി വിലാപത്തിലെ ഗാന്ധാരിയുടെ സ്വന്തം രാഷ്ട്രമായിരുന്ന ഇപ്പോഴത്തെ അഫ്ഗാനിസ്ഥാനെ 2001 മുതല്‍ നാറ്റോ സേന തകര്‍ത്ത് തരിപ്പണമാക്കിയത് ഒസാമയെ അഫ്ഗാനികള്‍ സംരക്ഷിക്കുന്നതുകൊണ്ടാണ്. അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്ന നുണ തുടരുന്നു. അമേരിക്കയും നാറ്റോ സേനകളും ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധം എണ്ണയൂറ്റുന്നതിനെ ഏകാധിപതിയായ ഗദ്ദാഫി എതിര്‍ക്കുന്നതുകൊണ്ടല്ല, അവിടത്തെ റബലുകളുടെ ജനാധിപത്യ അവകാശങ്ങളെ അയാള്‍ അമര്‍ച്ചചെയ്യുന്നതുകൊണ്ടാണ്. വിക്കിലീക്സ് വന്നപ്പോള്‍ ബഹുമാനപ്പെട്ട അച്ചുതാനന്ദന്‍ പറഞ്ഞതുപോലെ 113 പ്രാവശ്യം ക്യൂബയിലെ കാസ്ട്രൊയെ കൊല്ലാന്‍ സിഐഎ ശ്ര‌മിച്ചത് കൂബന്‍ ജനതയ്ക്കുവേണ്ടിയായിരുന്നു. ഷാവേസിന്റെ വെനിസ്വല തെമ്മാടി രാഷ്ടമായി. ഇറാഖിന് എല്ലാ യുദ്ധക്കോപ്പുകളും നല്കി സദ്ദാമിനെക്കൊണ്ട് 1980 മുതല് 1988 വരെ ഇറാനെതിരെ യുദ്ധം ചെയ്യിപ്പിച്ചത് ഇറാഖികള്‍ക്കുവേണ്ടിയായിരുന്നു, ഇറാന്‍ ഒരു തെമ്മാടി രാഷ്ടമായ്തുകൊണ്ടായിരുന്നു. ഈ നുണകളില്‍ വിശ്വസിച്ചുകൊണ്ട് നാമോരുത്തരും പക്ഷം ചേര്‍ന്ന്, നമ്മുടെ മതം നോക്കി, യുദ്ധത്തെ ന്യായീകരിച്ചുകൊണ്ടിരിക്കുന്നു. യുദ്ധം ഒരു തുടര്‍ക്കഥയാകുന്നു.