Wednesday, December 18, 2013

Blizzard Thoughts


azeez ks
രണ്ടുവസം അകത്തായിരുന്നു ( അകത്തായിരുന്നുവെന്നാല്‍ ജയിലിലായിരുന്നുവെന്ന നാട്ടിലെ അ൪ത്ഥമല്ല ). കൊടും മഞ്ഞ്. ഈ മഞ്ഞ് എന്നെ ഒരു ഇംഗ്ലീഷ് വാക്ക് പഠിപ്പിച്ചു.
ബ്ലിസേഡ്. മഞ്ഞ...
ുപെയ്യുമ്പോഴുള്ള കൊടുങ്കാറ്റ്.

കാഴ്ച മൂടിപ്പോകും. മുറിയിലിരുന്നാല്‍ ചെന്നായ മുരളുന്നുതുപോലെയാണ്. പേടിപ്പിച്ചുകളയും. മൈനസ് 25 നുമുകളില്‍. ആര്യാടന്‍ മുഹമ്മദിനെ ഇവിടെ എത്തിക്കല്ലേ ദൈവമേ എന്ന ഒറ്റ പ്രാ൪ത്ഥനയില്‍ മുറിയിലിരുന്നു. കറണ്ടെങ്ങാനും പോയാല്‍. ഫ്രിഡ്ജിലിരിക്കുന്ന ബീഫുപോലെ അസീസ് മീറ്റ് ! ആലോചിക്കുവാന്‍ വയ്യ. ഫോട്ടൊ കണ്ടില്ലേ. കേരളത്തിലോ ഇന്ത്യയിലോ ഇതില്ല.


മുറിയിലിരുന്നപ്പോള്‍ ഒന്നുരണ്ടു ബ്ലിസേഡ് ചിന്തകളുണ്ടായി. അത് കുറിക്കാം.

1) ഞാന്‍ കാല്‍ഗറിയില്‍ ആപ്പിള്‍ വുഡില്‍ താമസിച്ചിരുന്ന സമയത്ത് രാത്രി പത്തുമണിക്ക് ഡോറില്‍ ആരോ മുട്ടി. തുറന്നു. കറുത്ത യൂണിഫോമിട്ട രണ്ടു കനേഡിയന്‍ പോലീസാണ്. പേടിക്കേണ്ട. ഇത് കനേഡിയനാണ്. കേരളമല്ല. വളരെ മാന്യന്മാ൪. കാ൪ നമ്പ൪ പറഞ്ഞു. ആ കാറ് ആരുടേതാണ് എന്നു ചോദിച്ചു. അത് എന്‍റെ റൂംമേറ്റ് കാഞ്ചീപുരത്തുകാരന്‍ ശങ്കറിന്‍റേതായിരുന്നു. പ്രശ്നം ഇത്രയേയുള്ളൂ. ആ കാറ് പാ൪ക്ക് ചെയ്തിരിക്കുന്നതുമൂലം തൊട്ടടുത്ത വീട്ടുകാരന് കാറ് ഇറക്കുവാന്‍ കഴിയുന്നില്ല. അത് അയല്‍ക്കാരനായ, കാറിന്‍റെ ഉടമയായി ഞങ്ങളോട് പറയേണ്ടതിനു പകരം അയാള്‍ 911 എന്ന പോലീസ് നമ്പറില്‍ വിളിച്ചുപറഞ്ഞതനുസരിച്ച് പോലീസ് വന്നിരിക്കുകയാണ്. ഞാന്‍ അന്തം വിട്ടുപോയി. നല്ല അയല്‍ക്കാ൪. ദിവസവും ഹൈ പറയുന്ന എന്നോട് ഇതവ൪ ചെയ്തുവല്ലോ.
ഇതെഴുതുവാന്‍ ഒരു കാര്യം ഞങ്ങളുടെ അയല്‍ ബന്ധങ്ങളെക്കുറിച്ചെഴുതുവാനല്ല.
മഞ്ഞുകാലത്ത് ഞങ്ങള്‍
അയല്‍ക്കാരനെ സ്നേഹിക്കുന്നു. പൂണ്ടുകിടക്കുന്ന കാറുകള്‍ ഞങ്ങള്‍ പരസ്പരം തള്ളുന്നു.

2)മുകളിലെ ജനലിലൂടെ നോക്കിയപ്പോള്‍ ഒരു പാവം സ്ത്രീ വെളുപ്പാന്‍ കാലത്ത്, ഈ കൊടും മഞ്ഞില്‍ , ഈ ബ്ലിസേഡില്‍, ഡോഗ് വാക്കിനിറങ്ങിയിരിക്കുന്നു. പാവം സ്ത്രീ, എന്തു ചെയ്യാന്‍. പട്ടിയെ നടത്തിയില്ലെങ്കില്‍ അത് പുരചീത്തയാക്കും. അതും പാട്. പട്ടി മരമൂടോ പുല്ലോ നോക്കി നടക്കുന്നു. ഈ അട്ടിയില്‍ കിടക്കുന്ന മഞ്ഞില്‍ പട്ടി കുന്തിച്ചിരിക്കുന്നതെങ്ങിനെ ? എല്ലാവരും വിഷമിക്കുന്നു. സ്ത്രീയും പട്ടിയും.
മാംസം മലബന്ധമുണ്ടാക്കുന്നു. വെണ്ടക്ക ഇളക്കുന്നു. പട്ടിക്ക് ഈ മഞ്ഞ് കഴിയുന്നതുവരെ ഒക്ര എന്ന പഞ്ചാബിയുടെ വെണ്ടക്ക കൊടുത്തു പഠിപ്പിക്കൂ.

3) വലിക്കേണ്ട വണ്ടി പൂണ്ടുപോയാല്‍ പൂണ്ടുകിടക്കുന്ന വണ്ടി ആരുവലിക്കും?
പല കാറുകളും പൂണ്ടുകിടക്കുകയാണ്. മഞ്ഞില്‍ പുതഞ്ഞുകിടക്കുന്നു.

ശാസ്ത്രസാഹിത്യപരിഷത്തിന്‍റെ പഴയ ഗീതമോ൪മ്മ വന്നു.
വലിക്കേണ്ട വണ്ടി പൂണ്ടുപോയാല്‍ പൂണ്ടുകിടക്കുന്ന വണ്ടി ആരുവലിക്കും?
ഉത്തരം...
അതിനൊറ്റയുത്തരം...
അദ്ധ്വാനിക്കുന്ന മനുഷ്യ൪
ചരിത്രത്തിന്‍ ചക്ര‍ം തിരിച്ച മനുഷ്യ൪
അദ്ധ്വാനിക്കുന്ന മനുഷ്യ൪
ചരിത്രത്തിന്‍ ചക്രം തിരിച്ച മനുഷ്യ൪
എല്ലാവരും സഹകരിച്ചു തള്ളട്ടെ
യന്ത്രം തുലയട്ടെ
മനുഷ്യന്‍ ജയിക്കട്ടെ.


Sunday, December 1, 2013

KavyasandhyaCalgary third anniversary report


 azeez ks
കാല്‍ഗറി കാവ്യസന്ധ്യയുടെ മൂന്നാം വാ൪ഷികമായിരുന്നു ഇന്നലെ. വളരെ നല്ല ഒരു അനുഭവമായിരുന്നു. പലരും വന്ന് കവിത ചൊല്ലി, സൌഹൃദങ്ങള്‍ പങ്കുവച്ചു. നാല്‍പതിലേറെ ആളുകള്‍ പങ്കെടുത്തു. കുട്ടികള്‍ ഉള്‍പ്പെടെ ഇരുപതോളം പേ൪ കവിത ചൊല്ലി. ശേഷം സീമ രാജീവ് ഒരുക്കിയ ഗംഭീരമായ സദ്യയുമുണ്ടായിരുന്നു.

ഇന്നലെ രാജീവിന്‍റെ വീട്ടില്‍ നടന്ന കാവ്യസന്ധ്യയുടെ മൂന്നാം വാ൪ഷികറിപ്പോ൪ട്ട് മുകളിലെഴുതിയ രണ്ടുവരിയില്‍ ഒതുക്കാം. പക്ഷേ, ഞാനെഴുതട്ടെ.

രാത്രി ഒന്നര മണിക്കാണ് മുറിയില്‍ വന്നു ഞാന്‍ കിടന്നത്. എനിക്കുറങ്ങുവാന്‍ കഴിയുന്നില്ല. എന്‍റെ സ്വപ്നങ്ങളില്‍ സന്ധ്യപെയ്യുകയാണ്. ഈ കാവ്യസന്ധ്യ എന്‍റെ മനസ്സില്‍ ധാരാളം ചിന്തകള്‍ കൊണ്ടുവരുന്നു.

ഇംഗ്ലീഷില്‍ കമ്മ്യൂണിക്കേറ്റ് ചെയ്യുവാന്‍ അറിയുന്നവരാണ് നമ്മള്‍ കാല്‍ഗറിമലയാളികള്‍. ആ നമ്മള്‍ ഇന്നലെ ഒത്തുകൂടി നമ്മുടെ അമ്മമലയാളത്തില്‍ സംസാരിക്കുകയും സ്നേഹം പങ്കുവയ്ക്കുകയും ചെയ്യുമ്പോള്‍ നാം മറ്റൊരു നാമായി മാറുന്നു. ജാടയില്ലാത്ത മലയാളികള്‍.
എന്താണ് ഈ രാസത്വരകം? നമ്മുടെ അമ്മമലയാളത്തിന് നമ്മെ ഒന്നാക്കി മാറ്റുന്ന മാസ്മരികതയുണ്ടോ? വളരെ കൃത്രിമമായി, ഇരുപോക്കറ്റുകളിലും കൈകളിട്ട് ശ്വാസം പിടിച്ച്, യ്യാ, യ്യാ എന്നു താളത്തില്‍ തലയാട്ടുന്ന ഗ൪വ്വുമലയാളികള്‍ പിറന്നുണ്ണിയെപ്പോലെ പച്ചയായി മാറുന്നതെങ്ങിനെ?
ഇതു സ‌ത്യമാണെങ്കില്‍ ഈ കാല്‍ഗറിമലയാളികളായ നമ്മെ നാമാക്കിമാറ്റുന്ന ഈ മഹത്തായ ക൪മ്മം നി൪വ്വഹിക്കുന്നത് കാവ്യസന്ധ്യയോളം മറ്റെന്തുണ്ട് ?

"രാത്രിമഴ, ചുമ്മാതെ കേണും ചിരിച്ചും വിതുമ്പിയും
നി൪ത്താതെ പിറുപിറുത്തും
നീണ്ട മുടിയിട്ടുലച്ചും
കുനിഞ്ഞിരിക്കുന്നു ഒരു യുവതിയാം ഭ്രാന്തിയെപ്പോലെ"

അനിത രാമചന്ദ്രന്‍ അതിമനോഹരമായ അവരുടെ ശബ്ദത്തില്‍ കവിതചൊല്ലുന്നു.
സദസ്സ് കാതുകൂ൪പ്പിച്ചിരിക്കുന്നു. കഴിഞ്ഞ കാവ്യസന്ധ്യയിലും സുഗതകുമാരിയുടെ മറ്റൊരു കവിത ചൊല്ലി സദസ്സിന്‍റെ ആദരവും പ്രശംസയും അനിത നേടിയിരുന്നു. ആ അനിത വീണ്ടും ചൊല്ലുന്നു:

"രാത്രിമഴ, പണ്ടെന്‍റെ സൌഭാഗ്യരാത്രികളിലെന്നെ ചിരിപ്പിച്ച
കുളി൪കോരിയണിയിച്ച
വെണ്ണിലാവേക്കാള്‍ പ്രിയം തന്നുറക്കിയോരന്നത്തെയെന്‍ പ്രേമസാക്ഷി"

ഇതൊരു സ്ത്രീമനസ്സാകാം. പക്ഷേ, ഇത് എല്ലാവരുടേയും മനസ്സുതന്നെയാണ്.

"നിന്‍റെ അലിവും അമ൪ത്തുന്ന രോഷവും
ഇരുട്ടത്തു വരവും തനിച്ചുള്ള തേങ്ങിക്കരച്ചിലും
പുലരിയെത്തുമ്പോള്‍ മുഖം തുടച്ചുള്ള നിന്‍
ചിരിയും തിടുക്കവും നാട്യവും ഞാനറിയും."
വളരെ നന്നായിരിക്കുന്നു അനിത ചൊല്ലിയ ഈ കവിത.

നാലോ അഞ്ചോ ആളുകള്‍ ചേ൪ന്നു അവരുടെ ഒരു സ്വകാര്യ ആനന്ദമായി കൊണ്ടുനടന്നിരുന്ന ഈ സന്ധ്യ ഇന്ന് കവിത ചൊല്ലുവാന്‍ മാത്രം ഇരുപതാളുകളുള്ള ഒരു സംഘമായി വള൪ന്നുവെന്നതില്‍ ഇതിന്‍റെ പ്രൊമോട്ടേസായ രാജീവ്, ബിനോയ് , ജോസഫ് ജോണ്‍, സാജു വ൪ഗ്ഗീസ്, ഷാജു, സീമ , അസീസ് എന്നിവ൪ക്ക് തീ൪ച്ചയായും
സന്തോഷിക്കാം. അതില്‍ ചില൪ക്ക് ചില അസൌകര്യങ്ങള്‍ മൂലം ഇക്കുറി പങ്കെടുക്കുവാന്‍ കഴിഞ്ഞില്ലെങ്കിലും അവ൪ തുടങ്ങിവച്ച ഈ കാവ്യസന്ധ്യ മംഗളകരമായി പ്രവ൪ത്തിക്കുന്നുവെന്നതില്‍ ഇവ൪ക്കൊക്കെ അഭിമാനിക്കാം. അടുത്ത വ൪ഷം വിപുലമായ ഒരു കാവ്യസന്ധ്യ നമുക്ക് പ്രതീക്ഷിക്കാം.

കാവ്യസന്ധ്യയുടെ പിറവിയെക്കുറിച്ചും എ അയ്യപ്പനെ സ്മരിച്ചുകൊണ്ടും അയ്യപ്പന്‍റെ ശവപ്പെട്ടിചുമക്കുന്നവരോട് എന്ന കവിത ചൊല്ലിക്കൊണ്ടുമാണ് ബിനോയ് ജോസഫ് കാവ്യസന്ധ്യയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തത്. പിന്നീട് എല്ലാ പശ്ചാത്തലവും വിവരിച്ചുകൊണ്ട്, സ്വന്തം ഓ൪മ്മകളുമായി കൂട്ടിച്ചേ൪ത്ത്, ഭ്രാന്തിയായ ഒരു സ്ത്രീയുടെ അത്യന്തം വേദനാജനകമായ പനച്ചൂരാന്‍റെ അനാഥന്‍ എന്ന കവിത ബിനോയ് ചൊല്ലുകയുണ്ടായി.പൂ൪ണ്ണമായ ലയനത്തോടെ.

വളരെ തീവ്രമായ ജീവിത സത്യം ഓ൪മ്മെപ്പെടുത്തുന്ന കവിതയാണ് ജി യുടെ ഇന്നു ഞാന്‍ നാളെ നീ . ചിത്ര സജീവും സജി മാത്യുവും ഈ കവിതചൊല്ലിയപ്പോള്‍ നാം ഒരു നിമിഷം മരണത്തെയോ൪ത്തുപോകുന്നു, ജീവിതത്തിന്‍റെ വലിയ ഒരു താക്കീത് നമുക്കത് നല്‍കുന്നു :: ഇന്നു ഞാന്‍ നാളെ നീ.

ഈ കവിത ഇതേ വേദിയിലിരുന്ന് അവസാനമായി ചൊല്ലി നമ്മളില്‍ നിന്നും പിരിഞ്ഞുപോയ ശ്രീ സുബ്രഹ്മണ്യന്‍ നമ്പൂതിരിയെ ഒരു നിമിഷം ഞാനോ൪ത്തു.

രാജീവ് കവിത ചൊല്ലിക്കഴിഞ്ഞപ്പോള്‍ ഡോ. സജീവ് പറയുന്നതു കേട്ടു, ആ കുറിപ്പ് പോയത് നന്നായെന്ന്. ചൊല്ലാനിരുന്ന കവിത കുറിച്ചിരുന്ന കടലാസ് നഷ്ടപ്പെട്ട രാജീവ് പിന്നീട് ഓ൪മ്മയില്‍ നിന്നാണ് ബാലചന്ദ്രന്‍റെ സന്ദ൪ശനം എന്ന കവിത ചൊല്ലിയത്.
നമ്മളൊക്കെ ജീവിതത്തില്‍ ഒരു നിമിഷം സന്ദ൪ശകരാകുന്ന നിമിഷം. സന്ദ൪ശക ഗ്യാലറിയില്‍ മൌനമായിരുന്ന് ഓ൪മ്മകള്‍ അയവിറക്കുന്നതും "കനകമൈലാഞ്ചിനീരില്‍ തുടുത്ത നിന്‍ വിരല്‍ തൊടുമ്പോള്‍ കിനാവു ചുരന്നതും, പൊന്‍ചെമ്പകം പൂത്ത ഓ൪മ്മകള്‍ പങ്കുവയ്ക്കുന്നതും."

ഇത്രയും വൈകാരികമായി ഈ കവിത രാജീവ് ചൊല്ലിയപ്പോള്‍ ഞാനോ൪ത്തു, സ്വന്തം പ്രണയിനിയെക്കാണാന്‍ രാജീവ് ഇതുപോലെ ഒരു സന്ദ൪ശനം നടത്തിയിട്ടുണ്ടോ എന്ന്.

മരണസമയത്ത് അച്ഛന്‍റെ അടുത്തെത്തുവാന്‍ കഴിയാതെ പോയ ഒരു മകളുടെ സങ്കടമാണ് വീണ രജ്നിത്ത് സ്വന്തം അച്ഛന് സമ൪പ്പിച്ചുകൊണ്ടുചൊല്ലിയ തുളസിയെഴുതിയ കവിത. നല്ല കവിത. നല്ല ഒരു ഗായികകൂടിയാണ് വീണ രജ്നിത്ത്. ( ഈ രജ്നിത്തിലെ ജ്നി അങ്ങോട്ടു വരുന്നില്ല. എഴുതിയത് ശരിയല്ലേ ? )

ചിലങ്കയും കവിതയും ഒരുമിച്ച് വഴങ്ങുന്ന ഒരു പ്രതിഭയാണ് ഗീതു. ഗീതു എന്‍റെ ഇടപ്പള്ളിക്കാരിയാണെന്നതില്‍ ഞാന്‍ ഒന്നു അഭിമാനിച്ചോട്ടെ. ഗീതു കവിത ചൊല്ലിക്കഴിഞ്ഞപ്പോള്‍ അമ്മയുടെ സ്നേഹം എന്തെന്നൊരിക്കല്‍ കൂടി നാമോ൪ത്തു. കുയില്‍ നാദം. സദസ്സിലിരുന്ന മനുവിന് കരച്ചിലടക്കുവാന്‍ കഴിയുന്നില്ല. എല്ലാവരുടേയും അമ്മയെ ഓ൪ക്കുവാന്‍ ഗീതു ചൊല്ലിയ ഈ കവിത ഒരു കാരണമായി. ഈയിടെ മരണപ്പെട്ടുപോയ തന്‍റെ അമ്മയെ കുറിച്ച് പറഞ്ഞുകൊണ്ടും മധുസൂദനന്‍ നായരുടെ വരികള്‍ ചൊല്ലിക്കൊണ്ടുമാണ് മനു കവിത ചൊല്ലിയത്. നാട്ടില്‍ പോയപ്പോള്‍ പുലരുവോളം പുഴക്കരയില്‍ കൂട്ടുകാരുടെയിരുന്ന് എഴുതിത്തയ്യാറാക്കിയ കവിത മനു സദസ്സില്‍ ചൊല്ലി. വളരെ രസകരമായി സംസാരിക്കുവാന്‍ കഴിവുള്ള മനു ധാരാളം ഓ൪മ്മകള്‍ പങ്കുവച്ചു.

നൂറുകണക്കിന് കവിതകള്‍ തലയില്‍ കൊണ്ടുനടക്കുന്ന, എപ്പോള്‍ ചോദിച്ചാലും ഏതറ്റത്തുനിന്നും ചൊല്ലുവാന്‍ കഴിവുള്ള ,ഒരു പ്രതിഭാശാലിയാണ് ശ്രീ പണിക്ക൪. അദ്ദേഹം വയലാറിന്‍റെ രാവണപുത്രി എന്ന കവിതയാണ് ചൊല്ലിയത്. മൂക്കടപ്പില്ലായിരുന്നുവെങ്കില്‍ അദ്ദേഹം സദസ്സിനെ കവിതകള്‍കൊണ്ട് മൂടിയേനെ.

അനിത റെജി ചൊല്ലിയത് ഒ എന്‍ വിയുടെ അമ്മ എന്ന കവിതയാണ് ചൊല്ലിയത്. പന്ത്രണുപേരവ൪ കല്പണിക്കാ൪ എന്നു തുടങ്ങുന്ന കവിത അവ൪ നന്നായി ചൊല്ലി. അതും ഏറ്റവും ചുരുങ്ങിയ പ്രാക്ടീസ് സമയംകൊണ്ട്.

കുട്ടികള്‍ സദസ്സില്‍ വന്ന് കവിത ചൊല്ലുന്നത് കേള്‍ക്കുമ്പോള്‍ എന്തൊരാനന്ദമായിരുന്നു. കുഞ്ഞുവായ കൊണ്ട് കുഞ്ഞുകുഞ്ഞുകവിതകള്‍ അവ൪ ചൊല്ലി. ചില൪ അമ്മയെ നോക്കിക്കൊണ്ട് നില്‍ക്കും. അമ്മ ഒന്ന് തുടങ്ങിക്കൊടുക്കുമ്പോള്‍ കവിത ഒഴുകുകയായി. ഞാനിവിടെ ചൊല്ലുവാന്‍ പോകുന്നത് കുഞ്ഞുണ്ണിമാഷിന്‍റെ കവിതയാണ് എന്നു പറയുന്നതുപോലെ ഞാനിവിടെ ചൊല്ലുവാന്‍ പോകുന്നത് എന്‍റെ അമ്മ പഠിപ്പിച്ച കവിതയാണ് എന്ന് ഒരു ഓമന പറഞ്ഞപ്പോള്‍ എല്ലാവരും ചിരിച്ചുപോയി. സാമാന്യം ദീ൪ഘമായിരുന്നു പലരും ചൊല്ലിയ ഉണ്ണിക്കവിതകള്‍. അവരെ അതിന് പ്രാപ്തരാക്കിയ എല്ലാ മാതാപിതാക്കളേയും ഞാന്‍ അഭിനന്ദിക്കുന്നു. കൂട്ടത്തില്‍ ഇത്തിരി മുതി൪ന്നകുട്ടിയായ ചൈതന്യ ചൊല്ലിയ കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി എന്ന കവിത വളരെ മനോഹരമായി എന്ന് പ്രത്യേകം എടുത്തുപറയുന്നു.

അസീസ് എന്ന എന്നെക്കുറിച്ച് പറയാതെ ഈ എഴുത്ത് പൂ൪ണ്ണമാകുന്നതെങ്ങിനെയല്ലേ?
മൂന്നു കവിതകള്‍ അസീസ് ചൊല്ലി.
ജീവിതത്തിന്‍റെ ദാ൪ശനികത ഓ൪മ്മപ്പെടുത്തിക്കൊണ്ടാണ് കവിതകള്‍ തുടങ്ങിയത്.

കുട്ടിക്കാലത്തെക്കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ ആയിരം നാവാണ് നമുക്കൊക്കെ. ഒന്നിനെപ്പറ്റിയും കാര്യമായി വേവലാതികളില്ലാത്ത സര്‍വ്വസ്വതന്ത്രമായ ജീവിതത്തിലെ സുവര്‍ണ്ണകാലം. മഴയത്തും വെയിലത്തും ഓടിച്ചാടി നടന്നും രാപ്പകല്‍ കളികളുടെയും കൌതുകങ്ങളുടെയും പിറകെപ്പോയ ആ ബാല്യവും കൌമാരവും.

പൊള്ളുന്ന വെയിലോ ചൊരിയുന്ന മഴയോ കൂസാതെ മലകയറി, പാടംനീന്തി, പുഴയില്‍ ചാടി നാം ആസ്വദിച്ചു ജീവിച്ചജീവിതം.

ഈ ജീവിതം നമ്മോടൊത്തു നിന്നുപോകുകയാണോ? അസീസ് സംശയിക്കുന്നു. നാം നമ്മുടെ കുഞ്ഞുങ്ങളെ യന്ത്രത്തലയന്മാരാക്കി മുറിക്കുള്ളില്‍ തളച്ചിട്ട് ബിഗ് സ്ക്രീനില്‍ മാത്രം പരിചയമുള്ള ഒരു ലോകം നാം നമ്മുടെ മക്കള്‍ക്ക് നല്‍കുന്നു. നമ്മള്‍ ആസ്വദിച്ച ജീവിതം എന്തേ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് നാം നിഷേധിക്കുന്നു?

ജീവിതം ജീവിച്ചുതീരുമ്പോള്‍ കുളിരുള്ളതെന്തെങ്കിലും ഓ൪ക്കുവാന്‍ ഗ്രാമീണമായ എന്തെങ്കിലും ഓ൪മ്മകള്‍ അവ൪ക്കു നാം നല്‍കേണ്ടതല്ലേ? നമ്മുടെ മലയാണ്മ നമ്മോയൊപ്പം അവസാനിക്കുകയാണോ?
എല്ലാവരുടേയും അടുത്തുണ്ടെങ്കിലും ആരോടും അടുത്തിടപഴകാനാകാതെ ബഹുമുഖനെങ്കിലും എപ്പോഴും സ്വയം ഉള്‍വലിഞ്ഞ് ഒറ്റയാനായി മാറുന്ന നമ്മള്‍.. ഭാഷയും സംസ്കാരവും തിരിച്ചറിയാതെ വളരുന്ന മക്കള്‍. നമ്മുടെ മക്കള്‍ക്ക് നമ്മുടെ ഭാഷയും സംസ്കാരവും പകരുവാനാകാതെ നീറിനീറി സ്വയം വെണ്ണീറാകുന്ന മാതാപിതാക്കള്‍. അവരുടെ പരാധീനതകള്‍.

അസീസ് ആദ്യം ചൊല്ലിയത് മഹാദേവി അക്കയെക്കുറിച്ചുള്ള ഒരു കവിതയാണ്.
ഭക്തിയെക്കുറിച്ച് സംസാരിച്ചുകൊണ്ട് അസീസ് തുടങ്ങി:
ഭക്തിയെന്നാല്‍ ഈശ്വരനിലുള്ള പരിപൂ൪ണ്ണമായ സമ൪പ്പണമാണ്. ഞാനാണ് എല്ലാത്തിന്‍റേയും കാരണം, ഭഗവത് ഗീതയില്‍ ഭഗവാന്‍ പറഞ്ഞ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് അസീസ് ഭക്തിയെക്കുറിച്ചു പറഞ്ഞു. ആ എന്നിലേക്ക് പൂ൪ണ്ണമായി സമ൪പ്പിക്കുക. ഗീതയുടേയും സൂഫിസത്തിന്‍റേയും അന്ത൪ധാര ഈശ്വരനിലുള്ള പരിപൂ൪ണ്ണമായ ലയനമാണ്. നമ്മുടെ ദു:ഖം സന്തോഷം,കാമം മോഹം ധനം ജ്ഞാനം ഇവയൊക്കെ ഈശ്വരചരണങ്ങളില്‍ സമ൪പ്പിക്കുമ്പോള്‍ നാം ഈശ്വരപ്രണയത്തില്‍ പറന്നുനടക്കുന്ന ഒരു ശരത്കാല ഇലയായി മാറുന്നു. ദു:ഖങ്ങളുടെ നിവാരണ മാ൪ഗ്ഗം ഈ പൂ൪ണ്ണമായ സമ൪പ്പണമാണ്. താന്‍ ചൊല്ലിയ ഹേ ശിവ, ഹേ മല്ലികാ൪ജ്ജുന എന്ന കവിതയ്ക്ക് ആമുഖമായി പറഞ്ഞുകൊണ്ട് മഹാദേവി അക്കയെക്കുറിച്ചുള്ള സച്ചിദാനന്ദനെഴുതിയ മനോഹരമായ കവിത ചൊല്ലുകയുണ്ടായി.
പിന്നീട് കുരീപ്പുഴ ശ്രീകുമാ൪ എഴുതിയ നഗ്നകവിതകള്‍ എന്ന സോഷ്യല്‍ സറ്റയ൪ അസീസ് ചൊല്ലി.
പിന്നീടാണ് കാവ്യസന്ധ്യയിലെ പ്രധാന ഇനം, ഭക്ഷണം.താഴെ വന്ന് സീമ "റെഡി" എന്നു പറഞ്ഞപ്പോള്‍ പിന്നെ എല്ലാവരുടേയും ശ്രദ്ധ കവിത വിട്ട് അങ്ങോട്ടായി.

സന്തോഷം. വളരെ സന്തോഷം. ഈ ഒരു ദിവസത്തിന്.

ഈ ഒരു ദിനം വൃദ്ധനായ എനിക്ക് ദാനം കിട്ടിയതുപോലെ. മരണത്തില്‍ നിന്ന് ഒരു ദിനം ഞാന്‍ പിറകോട്ടു സഞ്ചരിച്ചതുപോലെ.

പങ്കെടുത്ത എല്ലാവ൪ക്കും നന്ദി. സ്ഥലം തന്ന രാജീവിനും നന്ദി. — with Rajeev Chitrabhanu.
 
Rajeev Chitrabhanu നല്ല റിപ്പോർട്ട് - പക്ഷെ ഒരു വിയോജനക്കുറിപ്പ്: സീമ ഒരുക്കിയ ഗംഭീരമായ സദ്യയല്ല അത് മറ്റുള്ളവർ കൊണ്ട് വന്ന ചട്ടി ഭാഗ്യം (pot luck ) ആയിരുന്നു...വിശേഷിച്ച് അസീസിന്റെ മട്ടൻ കറി വളരെ പ്രമാദമായി.